നമ്മൾ കൊയ്യും നെല്ല് നമ്മുടെ അന്നമാക്കാം

കുത്തിയ അരിയിൽ നിന്നും തവിടില്ലാത്ത പാക്കറ്റ് അരിയിലേക്ക് നാടുനീങ്ങിയപ്പോൾ ഒപ്പം വന്നവരാണ് ജീവിതശൈലീരോഗങ്ങൾ.
മില്ലിൽ എത്തുന്ന നെല്ല് നന്നായി പോളിഷ് ചെയ്ത് മുഖം മിനുക്കിയതു നമുക്ക് വിനയായതും ഒപ്പം നിലവാരം കുറഞ്ഞ അരിയിൽ റെഡ് ഓക്സൈഡ് ചേർത്തതു ംപ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി.അരിയിലെ പോഷക സമ്പുഷ്ടമായ ഭാഗമാണ് തവിട്. അപൂരിത കൊഴുപ്പും നാരുകളും പ്രോട്ടീനും. തയാമിൻ. നിയാസിൻ, ബി 6 ഉൾപ്പെടെയുളള വിറ്റാമിനുകളും മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും അടങ്ങിയ തവിടാണ് അരിയുടെ കരുത്ത്.
സാധാരണ മില്ലിൽ നിന്നും കുത്തിയെടുക്കുമ്പോൾ അരിയും തവിടുമെല്ലാം ചേർന്നാണ് പുറത്തുവരിക. പാറ്റാതെ പറ്റില്ല. അവിടെയാണ് മിനിറൈസ് മില്ലിന്റെ പ്രസക്തി. കണ്ണൂർ ജില്ലയിലെ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി വിതരണം ചെയ്യുന്ന മിനി റൈസ് മില്ല് കർഷകർക്കിടയിൽ വളരെ പെട്ടെന്ന് അംഗീകാരം നേടിയതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല, മില്ലിംഗ് ടെക്നോളജിയായ മില്ലർ ആണ് മിനിറൈസ് മില്ലിലെ മില്ലിങ് തന്ത്രം.
അതായത് സാധാരണ റൈസ് മില്ലിലെ പോലെ ഹളളർ അല്ല ഇവിടെ നെല്ല് അരിയാക്കുന്നത് മിനിറൈസ് മില്ലിലെ മില്ലിങ് തന്ത്രം. അതായത് സാധാരണ റൈസ് മില്ലിലെ പോലെ ഹളളർ അല്ല ഇവിടെ നെല്ല് അരിയാക്കുന്നത്. മിനിറൈസ് മില്ലിൽ കുത്തിയെടുത്ത അരി കഴുകേണ്ട ആവശ്യം പോലുമില്ല കാരണം ഇവിടെ അരിയും തവിടും ഒറ്റയടിക്ക് വഴി പിരിയും. ഒറ്റ നീക്കത്തിൽതന്നെ നെല്ല് നമ്മൾ ആഗ്രഹിക്കുന്ന ലെവലിലുളള തവിടോടെ പുറത്തുവരുന്നുവെന്നത് മിനിറൈസ് മില്ലിന്റെ എടുത്തു പറയേണ്ട നേട്ടം. ഒരു മണിക്കൂറിലേക്ക് 30 പൈസയുടെ കറന്റ് ചാർജ് മാത്രമേ മിനിറൈസ് മില്ലിന് ആവശ്യമുളളൂ. ഇത്രയും ഊർജം കൊണ്ട് 125 കിലോഗ്രാം നെല്ല് കുത്തിയെടുക്കാമെന്ന് ചെറിയ മില്ലിനെ വലിയ നെല്ലുകുത്തുകാരനാക്കുന്നു. പ്രത്യേകിച്ച് ലൈസൻസോ ഇൻഡസ്ട്രിയൽ സർട്ടിഫിക്കറ്റോ കുഞ്ഞൻ മില്ലിനു വേണ്ട. സിംഗിൾ ഫേസ് കണക്ഷൻ മതി. 15 ആംപിയർ പവ്വർ പ്ലഗുണ്ടെങ്കിൽ മിനി റൈസ് മില്ലിന് കുശാലായി .
ഒരു ഡ്രമ്മും, ക്രോംപ്ടണിന്റെ മോട്ടോറും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ബെൽറ്റും ലിവറുമാണ് മിനി റൈസ് മില്ലിന്റെ ഭാഗങ്ങൾ. മോട്ടോറിന് ഒരു വർഷത്തേ വാറന്റിയുണ്ട്. സ്റ്റെയ്ൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിതമായതിനാൽ ഉറപ്പിന്റെ കാര്യത്തിൽ സംശയം വേണ്ട. 100കി.ഗ്രാം നെല്ലിൽ നിന്നും 73കി.ഗ്രാം വരുന്ന അരി മയ്യിൽ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ഉറപ്പുവരുത്തിയതായി മയ്യിൽ കൃഷി ഓഫീസറും മിനിറൈസ് മില്ലിന്റെ അമരക്കാരനുമായ പി കെ രാധാകൃഷ്ണൻ പറയുന്നു. ഉമിയും തവിടും നന്നായി പൊടിഞ്ഞു വരുന്നതിനാൽ നേരിട്ട് കന്നുകാലികൾക്ക് കൊടുക്കാൻ സാധിക്കും. ജീരകശാല, ഗന്ധകശാല, ഞവര തുടങ്ങി നമ്മുടെ നാട്ടിൽ കൃഷിചെയ്യുന്ന എല്ലാ നെല്ലിനങ്ങളും മിനിറൈസ് മില്ലിന് വഴങ്ങും.
പച്ചരിയെന്നോ പുഴുങ്ങലരിയെന്നോ ഉളള വർഗ്ഗഭേദമൊന്നും മിനിറൈസ് മില്ലിനില്ല. ഒരു സ്ഥലത്തും നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ഉപയോഗിക്കാം എന്നത് മിനിറൈസ് മില്ലിന്റെ അധിക മേന്മ. മിനി റൈസ് മിൽ ജീവിതമാർഗ്ഗം നേടികൊടുത്തത് മയ്യിലിലെ നെൽകൃഷിക്കാർക്കാണെന്ന് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ നെൽകർഷകൻ ബാലകൃഷ്ണൻ ഉറപ്പിക്കുന്നു.നേരത്തെ കിലോഗ്രം 15രൂപയ്ക്ക് നെല്ല് വിറ്റിരുന്ന കർഷകൻ തവിടോടെ കൂടിയ കുത്തിയരി 75 രൂപയ്ക്കാണ് വിൽക്കുന്നത്. ആവശ്യക്കാർ കൂടിയതോടെ നെൽകൃഷി വിസ്തീർണ്ണം കൂട്ടേണ്ടിവന്നത് മയ്യിലുകാരുടെ സമീപകാലചരിത്രം. കൃഷിവകുപ്പിന്റെ സുസ്ഥിര നെൽകൃഷി വികസനപദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ മിനി റൈസ് മിൽ വിതരണം ചെയ്യാമെന്നത് കർഷകർക്ക് തീർച്ചയായും അനുഗ്രഹം തന്നെയാണ്.
(കൃഷി അസിസ്‌റ്റന്റ് ഡയറക്ടറാണ് ലേഖിക)








0 comments