'ഹോ ചൂട്'; അറിയാം ഈ ചൂടിന്റെ കാരണങ്ങള്‍

വേനലാരംഭത്തോടെതന്നെ അനുഭവപ്പെടുന്ന അസഹനീയ ചൂട് കഴിഞ്ഞ കുറേ വർഷമായി കണ്ടുവരുന്ന പ്രതിഭാസമാണ്. മീനച്ചൂടിൽ നൽകിവന്നിരുന്ന സൂര്യാഘാത മുന്നറിയിപ്പ് കുംഭം ആരംഭത്തോടെതന്നെ നൽകേണ്ടിവരുന്ന ദുരവസ്ഥ. അന്തരീക്ഷത്തിന്റെ ശരാശരി ഊഷ്മാവിലുണ്ടായ വർധനയാണ് ഇതിനു കാരണം. ആഗോളതാപീകരണം എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ഫലമായി, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ശരാശരി ഊഷ്മാവിൽ 0.7 ഡിഗ്രി സെൽഷ്യസിന്റെ വർധനയാണ് ഉണ്ടായത്. ഒരു നൂറ്റാണ്ടുകൂടി കഴിയുമ്പോൾ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ആഗോള താപീകരണവും ഹരിതഗൃഹവാതകങ്ങളും
ഭൗമാന്തരീക്ഷം നൈട്രജൻ, ഓക്സിജൻ, ആർഗൺ, കാർബൺഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ഓസോൺ, ജലബാഷ്പം എന്നീ വാതകങ്ങളുടെ മിശ്രിതമാണ്. ഇവയിൽ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും 0.9 ശതമാനം ആർഗണും ആണ്. ഇവ സ്ഥിരവാതകങ്ങൾ എന്നറിയപ്പെടുന്നു. 0.1 ശതമാനം മാത്രമാണ് മറ്റു വാതകങ്ങളുടെ അളവ്. നേരിയ തോതിൽ മാത്രം നിലകൊള്ളുന്ന ഈ വാതകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, ജലബാഷ്പം എന്നിവയാണ് അന്തരീക്ഷ താപനിലയെ നിയന്ത്രിക്കുന്നത്. ഇവയാണ് ഹരിതഗൃഹവാതകങ്ങൾ എന്നറിയപ്പെടുന്നത്. ഇവയിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 70 ശതമാനത്തോളം വരും. അതിനാൽ അന്തരീക്ഷ താപനില പ്രധാനമായും കാർബൺ ഡൈ ഓക്സൈഡിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നുവെന്നു കാണാം.
ശാസ്ത്രപുരോഗതിയും അതിനോടനുബന്ധിച്ച വ്യവസായവൽകരണവുമാണ് ഭൗമാന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അമിതവർധനയ്ക്കുള്ള മറ്റൊരു കാരണം. ഊർജോൽപ്പാദന നിലയങ്ങളാണ് ഇവയിൽ പരമപ്രധാനം. ജലവൈദ്യുതിനിലയങ്ങൾക്കു പകരം താപവൈദ്യുതി നിലയങ്ങൾ ഉയർന്നതോടെ, ഇവയിൽ ഇന്ധമായി ഉപയോഗിക്കുന്ന കൽക്കരിയുടെ ജ്വലനമാണ് കാർബൺ ഡൈ ഓക്സൈഡിന്റെ വർധനയ്ക്ക് കാരണമായത്. എല്ലാ ഇന്ധനങ്ങളും പ്രധാനമായും കാർബൺ, ഹൈഡ്രജൻ എന്നിവയുടെ സംയുക്തങ്ങളാണ്. ഹൈഡ്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് ഊർജവും ജലവും സൃഷ്ടിക്കുമ്പോൾ, കാർബൺ ഓക്സിജനുമായി സംയോജിച്ച് കാർബൺ ഡൈ ഓക്സൈഡായി മാറുന്നു. അതിനാൽ, ഹൈഡ്രജന്റെ അനുപാതം കൂടുന്തോറും ഇന്ധനക്ഷമത വർധിക്കും. ഇന്ധനക്ഷമത കുറഞ്ഞവയിൽ കാർബൺ ഡൈ ഓക്സൈഡിനൊപ്പം പുകയും പുറന്തള്ളപ്പെടും. ജ്വലനം പൂർണമാകാത്ത കാർബൺ തരികളാണ് പുകയിലെ പ്രധാന ഘടകം. അതിനാൽ പുക ഒരു മലിനീകരണ വാതകമാണ്. ഇന്ധനക്ഷമത കുറഞ്ഞ വിറക്, കുറഞ്ഞ ചൂടിൽ, മഞ്ഞജ്വാലയും പുകയുമായി കത്തുമ്പോൾ, ഇന്ധനക്ഷമത കൂടിയ എൽപിജി ഉയർന്ന ഊഷ്മാവിൽ, നീലനിറത്തിൽ ജ്വലിക്കുന്നതു കാണാൻകഴിയും. എന്നാൽ, വിറകിൽനിന്നു പുറത്തുവരുന്ന കാർബൺ ഡൈ ഓക്സൈഡിനെക്കാൾ പതിന്മടങ്ങാണ് എൽപിജിയിൽനിന്നു പുറത്തുവരുന്നത്.
ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ പുറന്തള്ളുന്നത് ഏകദേശം മൂന്ന് കി.ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ്. അതായത്, ദിവസം 100 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു താപനിലയം അന്തരീക്ഷത്തിൽ കലർത്തുന്നത് 300 ടൺ കാർബൺ ഡൈ ഓക്സൈഡാണ്. ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് താപനിലയങ്ങളിൽനിന്നു പുറത്തുവരുന്നത് ലക്ഷക്കണക്ക് ടൺ കാർബൺ ഡൈ ഓക്സൈഡാണ്. സിമന്റ്, ഉരുക്ക്, പെട്രോ കെമിക്കൽ ശാലകളുടെ പങ്കാകട്ടെ, ഇതിന്റെ പതിന്മടങ്ങാണ്.
കാർബൺ മലിനീകരണം
യന്ത്രവാഹനയുഗത്തിന് വഴിമാറിയതാണ് കാർബൺ ഡൈ ഓക്സൈഡിന്റെ വർധനയ്ക്കുള്ള മറ്റൊരു കാരണം. ആരംഭത്തിൽ ഇവയിൽ ഉപയോഗിച്ചിരുന്നത് ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിയായിരുന്നു. . കാലക്രമേണ, ഇന്ധനക്ഷമത കൂടിയ പെട്രോൾ, ഡീസൽ, പ്രകൃതിവാതകം എന്നിവ ഉപയോഗിക്കാൻതുടങ്ങി. ഒരുലിറ്റർ പെട്രോളിൽ അടങ്ങിയിരിക്കുന്ന കാർബൺ 620 ഗ്രാം ആണ്. ജ്വലനവേളയിൽ ഈ കാർബൺ അന്തരീക്ഷത്തിലെ 1700 ഗ്രാം ഓക്സിജനുമായി ചേർന്ന് 2.3 കി.ഗ്രാം കാർബൺ ഡൈ ഓക്സൈഡായി മാറും. 20 കി. മീ ഇന്ധനക്ഷമതയുള്ള ഒരു വാഹനം 100 കി. മീറ്റർ സഞ്ചരിക്കുമ്പോൾ പുറന്തള്ളുന്നത് 12 കി.ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ്. നഷ്ടമാക്കുന്ന ഓക്സിജനാകട്ടെ ഏകദേശം എട്ടു കി.ഗ്രാമും. ഒരുലക്ഷം വാഹനങ്ങളുള്ള ഒരു ചെറുനഗരത്തിൽപ്പോലും ഇപ്രകാരം അന്തരീക്ഷത്തിൽ കലരുന്നത് 12000 ടൺ കാർബൺ ഡൈ ഓക്സൈഡാണ്
എൽപിജിയും വില്ലനാകുമ്പോൾ
പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളും കാർബൺ ഡൈ ഓക്സൈഡിന്റെ വർധനയ്ക്ക് കാരണമാകുന്നു. വിറക്, മണ്ണെണ്ണ എന്നിവയിൽനിന്നു ലഭ്യമാകുന്ന താപോർജം വളരെ കുറവും, വമിക്കുന്ന പുക വളരെ കൂടുതലുമാണെന്ന് നാം കണ്ടു. അതിനാലാണ്, ഇന്ധനക്ഷമത കൂടിയ എൽപിജി സർവസാധാരണമായത്. ഒരുലിറ്റർ എൽപിജിയിൽ 450 ഗ്രാം കാർബൺ അടങ്ങിയിരിക്കുന്നു. ഈ കാർബൺ, അന്തരീക്ഷത്തിലെ 1200 ഗ്രാം ഓക്സിജനുമായി ചേരുമ്പോൾ പുറന്തള്ളുന്നത് 1.65 കി.ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ്. ഒരുമാസം ശരാശരി 50 ലിറ്റർ എൽപിജി ഉപയോഗിക്കുന്ന ഒരുലക്ഷം ഉപയോക്താക്കളുള്ള ഒരു നഗരത്തിൽ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് 8000 ടൺ വരും.
താപീകരണം
ഹരിതഗൃഹവാതകങ്ങളുടെ വർധന അസഹനീയ ചൂട്ഉളവാക്കുമെന്നു നാം കണ്ടു. നേരം പുലരുമ്പോൾതന്നെ കുടയുംചൂടി നടക്കേണ്ട അവസ്ഥ. ഭൂമധ്യരേഖയോടടുത്ത കേരളംപോലെയുള്ള ദേശങ്ങളിൽ താപീകരണം കൂടുതൽ രൂക്ഷമാകുന്നത് ജലബാഷ്പത്തിന്റെ വർധനയാലാണ്. ഇതാകട്ടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതുമാണ്.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതാണ് താപീകരണം. അതിലൊന്ന്, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകി സമുദ്രജലവിതാനം ഉയരുകയും, കരകൾ ഏറെയും അപ്രത്യക്ഷമാകുകയും ചെയ്യും എന്നതാണ്. മറ്റൊന്ന്, ജീവജാലകങ്ങൾക്കും സസ്യങ്ങൾക്കും അവശ്യം ആവശ്യമായ ഭൂഗർഭജലത്തിന്റെ ലഭ്യത കുറയ്ക്കുന്നു എന്നതും. പണ്ട്, വർഷംമുഴുവൻ നിറഞ്ഞുകിടന്നിരുന്ന കുളങ്ങളും കിണറുകളും, ഇന്ന്, വേനൽ ആരംഭത്തോടെതന്നെ വറ്റിവരളുന്നതും, കൃഷിയിടങ്ങളും വനങ്ങളും ഉണങ്ങിനശിക്കുന്നതും ഇതിനാലാണ്.
നമുക്ക് എന്തുചെയ്യാം
കാർബൺ ഡൈ ഓക്സൈഡിന്റെ വർധനയാൽ ഉളവാകുന്ന താപീകരണത്തിനും, പരിസ്ഥിതിനാശത്തിനും ഉത്തരവാദി വനനശീകരണത്തിലൂടെ മനുഷ്യൻ മാത്രമാണ്. പൂർണവളർച്ചയെത്തിയ ഒരുടൺ ഭാരമുള്ള ഒരു ആൽമരം ഒരുവർഷം സംഭാവനചെയ്യുന്ന ഓക്സിജൻ 50 കി.ഗ്രാമോളമാണ്. ഒരു വ്യക്തി ശ്വസനത്തിനായി ഉപയോഗിക്കുന്നത് 150 കി.ഗ്രാം ഓക്സിജനും. അതിനാൽ, ഒരു ശിശുവിന്റെ ജനനത്തോടൊപ്പം ഇത്തരം മൂന്നു മരങ്ങളെങ്കിലും നട്ടുവളർത്തിയാലേ ഭാവിയിലെ ഓക്സിജന്റെ ആവശ്യം നിറവേറ്റാനാകൂ. ലോകത്ത് ഓരോ സെക്കൻഡിലും ശരാശരി അഞ്ചു ശിശുക്കൾ പിറന്നുവീഴുന്നു. ഇവർക്ക് ആവശ്യമായ പ്രാണവായുവും ഭക്ഷണവും ലഭ്യമാക്കാൻ 15 മരങ്ങളെങ്കിലും ഓരോ സെക്കൻഡിലും വളർന്നുവരണം.
എന്നാൽ, ഇന്ന്, ഓരോ സെക്കൻഡിലും ഇതിന്റെ മൂന്നിരട്ടി മരങ്ങൾ നശിപ്പിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഇരുന്നൂറോളം വർഷംകൊണ്ട് ലോക ജനസംഖ്യ ഏഴു മടങ്ങ് വർധിച്ചപ്പോൾ, വനവിസ്തൃതി പത്തിലൊന്നായി ചുരുങ്ങി. കൊച്ചുകേരളത്തിൽതന്നെ 100 വർഷം മുമ്പ് 70 ശതമാനമായിരുന്ന വനങ്ങൾ ഇന്ന് 30 ശതമാനമായി കുറഞ്ഞിരിക്കുന്നു. കൃഷിയിടങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. ഇവിടെയെല്ലാം ഉയർന്നുവന്നതാകട്ടെ, കോടിക്കണക്ക് ടൺ പ്രാണവായുവിനെ വിഴുങ്ങുകയും, അന്തരീക്ഷ താപനത്തിന് കാരണമാകുന്ന കാർബൺ ഡൈ ഓക്സൈഡിനെയും, മലിനീകരണ വാതകമായ പുകയെയും പുറന്തള്ളുകയും ചെയ്യുന്ന ഊർജോൽപ്പാദന നിലയങ്ങളും, ഒപ്പം ആഡംബരവാഹനങ്ങളും. സ്വാർഥതാൽപ്പര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണംചെയ്യുകയും സസ്യസമ്പത്തിന് നാശംവരുത്തുകയും ചെയ്യുന്ന മനുഷ്യൻ ഭാവിതലമുറയ്ക്കുവേണ്ടി നിയന്ത്രണത്തോടെയുള്ള ഉപയോഗം ശീലിക്കേണ്ടിയിരിക്കുന്നു.
ഭാവിതലമുറയ്ക്ക് പ്രാണവായുവും ഭക്ഷണവും നിഷേധിക്കുക എന്ന ക്രൂരതയുംകൂടിയാണ് വനനശീകരണത്തിലൂടെ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പുൽക്കൊടിപോലും, പ്രാണവായുവിന്റെയും ഭക്ഷണത്തിന്റെയും ശ്രോതസ്സാണെന്ന സത്യം മനുഷ്യൻ മറന്നുകൂടാ!








0 comments