ad
Deshabhimani

പുൽകൃഷിരംഗത്തേക്ക് ഒരു പുതുനാമ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 07, 2018, 06:26 PM | 0 min read



ക്ഷീരകർഷകർക്ക് ആഹ്ലാദകരമായ വാർത്തയാണ് കർണാടകത്തിലെ ധാർവാട് യൂണിവേഴ്സിറ്റിയിൽനിന്നുള്ളത്. പുതിയൊരിനം പുൽകൃഷിക്കുതകുന്ന ചെടികൂടി ഈ കാർഷിക യൂണിവേഴ്സിറ്റി പുറത്തിറക്കിക്കഴിഞ്ഞു. പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം പ്രസ്തുത ഇനം ഇപ്പോൾ കർഷകർക്കും ലഭ്യമായിത്തുടങ്ങി. സമ്പൂർണ എന്നാണ് പുതിയ പുൽകൃഷി നാമ്പിന്റെ പേര്  . പെന്നിസെറ്റം ഗ്ലെയ്ക്കും, പെന്നിസെറ്റം പർപൂരം എന്നീ രണ്ട് നാടൻ ഇനങ്ങളിൽനിന്നു വികസിപ്പിച്ചെടുത്താണിത്‌.

ഏഴ് മീറ്റർവരെ ഉയരമുണ്ടാകും ഈ ചെടിക്ക്. കരിമ്പിൻചെടിയുടെ ഇലകൾപോലെ കരുത്തുറ്റതും വ്യാസമേറിയതും നല്ല പച്ചപ്പുള്ളതുമാണ് ഇലകൾ. ഹെക്ടറിൽ 120‐150 ടൺവരെ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. നീർവാർച്ചയുള്ള മണ്ണിൽ ജൂണിൽ കൃഷിയിറക്കാം. നട്ട് 75 ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പ് നടത്താം. പിന്നീട് 40 ദിവസം കഴിയുമ്പോൾ തുടർവിളവെടുപ്പുകളും നടത്താം. ഒരുതവണ നട്ടാൽ മൂന്നുവർഷം തുടർച്ചയായി വിളവെടുക്കാമെന്ന പ്രത്യേകതയും സമ്പൂർണയ്ക്കുണ്ട്. തണ്ടാണ് നടീൽവസ്തു. കേരളത്തിന്റെ  കാലാവസ്ഥയ്ക്കും മണ്ണിനും പറ്റിയ ഇനംകൂടിയാണിത്. ചാണകപ്പൊടിയും പിണ്ണാക്കും ചേർത്ത മിശ്രിതമാണ് വളം. രാസവളം ആവശ്യമേയില്ല.

പ്രോട്ടീൻകൊണ്ട് സമ്പുഷ്ടമാണ് സമ്പൂർണ. 11.5% പ്രോട്ടീൻ ഇതിലുണ്ട്. കുറഞ്ഞ നിലയിലുള്ള ഒക്സാലിക്ക്  ആസിഡിന്റെ സാന്നിധ്യവും മറ്റ് പുൽചെടികളിൽനിന്ന് സമ്പൂർണയെ വ്യത്യസ്തയാക്കുന്നു. കൂടുതൽ പാൽ ലഭിക്കാൻ ഇടയാക്കുന്ന ഇനമാണിതെന്നും പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ സമ്പൂർണയുടെ വിശാലമായ പാടം ഒരുക്കിയത് കാസർകോട് ജില്ലയിലെ എൻമകജെ പഞ്ചായത്തിലാണ്. എൻമകജെ പഞ്ചായത്ത് അംഗവും പ്രമുഖ പശുവളർത്തൽ ഫാം ഉടമയുമായ സിദ്ദിഖ്  സമ്പൂർണയുടെ ഗുണഗണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഫാമിലേക്ക് ആവശ്യമായ മുഴുവൻ പുല്ലും ഉൽപ്പാദിപ്പിക്കുന്നത് ഇപ്പോൾ സമ്പൂർണ എന്ന ഇനത്തിലാണ്. മറ്റ് ഇനങ്ങൾ നടുന്നതുപോലെത്തന്നെയാണ് സമ്പൂർണയുടെയും കൃഷി. ആദ്യ വിളവെടുപ്പിനുശേഷം സമ്പൂർണയുടെ വളർച്ച അതിവേഗത്തിലും വലുപ്പത്തിലുമാണെന്ന് സിദ്ദിഖ് പറയുന്നു.

ചെറിയ ഫാമുകൾക്കും ഈ ഇനം വളരെ മെച്ചമാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. കേരള ത്തിെന്റ ഇനമായ സുഗുണയ്ക്കാണ് ഉൽപ്പാദനശേഷിയിൽ റെക്കോഡെങ്കിലും (ഹെക്ടറിന് 260 ടൺ) നീളത്തിൽ സമ്പൂർണയെ കവച്ചുവയ്ക്കാൻ കഴിയില്ലെന്നും സിദ്ദിഖ് അനുഭവത്തിൽനിന്ന് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home