ഡ്രാഗണ്‍ഫ്രൂട്ട്, എരുക്ക്, വാനില

ഡ്രാഗണ്‍ ഫ്രൂട്ട് എന്നു പറയുന്ന പഴം ഏതുതരം ചെടിയുടേതാണ്. മുമ്പൊന്നും ഇതിനെക്കുറിച്ച് കേട്ടിട്ടേയില്ല. വിദേശ ഇനമാണോ?
എ സുരേഷ്ബാബു, മാഹി
ഡ്രാഗണ്‍ ഫ്രൂട്ട് ഉഷ്ണമേഖലാ കാലാവസ്ഥയില്‍ സ്വാഭാവികമായി കാണപ്പെടുന്ന കള്ളിച്ചെടിയില്‍നിന്നു ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ ഫലമാണ്. നമ്മുടെ നാട്ടില്‍ അടുത്തകാലംമുതല്‍ കൃഷിചെയ്യാനാരംഭിച്ച ഡ്രാഗണ്‍ ഫ്രൂട്ട് ചെടി മെക്സിക്കോ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്നു. വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം ഡ്രാഗണ്‍ ഫ്രൂട്ട് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. വിയറ്റ്നാം ആണ് ഡ്രാഗണ്‍ ഫ്രൂട്ട് കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്.
എരുക്കിന്‍ ചെടിയുടെ ഏതു ഭാഗമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്?
പി കെ നായര്‍, കാഞ്ഞിരങ്ങാട്, കണ്ണൂര്‍
എരുക്കിന്‍ വേരിന്റെ തൊലിയും പാലും ഔഷധങ്ങളാണ്. ചില ഔഷധപ്രയോഗത്തില്‍ ഇലയും ഉപയോഗപ്പെടുത്തുന്നുണ്ട്. ചില ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നത് കാണുക. എരുക്കിന്‍ പാലും ഇലയും കുരുമുളകുംകൂടി അരച്ച് പാമ്പുകടിയേറ്റ സ്ഥലത്ത് തേച്ചാല്‍ വിഷം ശമിക്കും. എരുക്കില എണ്ണപുരട്ടി തീയില്‍ വാട്ടി വയറ്റത്ത് കെട്ടിയാല്‍ വയറുവേദന ശമിക്കും. ഇല വാട്ടിപ്പിഴിഞ്ഞ് ചെവിയിലൊഴിച്ചാല്‍ ചെവിക്കുത്ത് ഇല്ലാതെയാകും. ഔഷധപ്രയോഗങ്ങള്‍ എല്ലാംതന്നെ വിദഗ്ധ വൈദ്യോപദേശപ്രകാരമേ ആകാവൂ.
കള്ളിമുള്‍ച്ചെടികളും സക്കുലന്റ്
പ്ളാന്റുകളും ഒന്നുതന്നെയാണോ?
സീമ എസ് പണിക്കര്‍, ആറ്റിങ്ങല്‍
ഇലയും തണ്ടും നിറയെ സസ്യരസം നിറച്ച മാംസളസ്വഭാവമുള്ള സസ്യങ്ങളെ രസഭരസസ്യം അഥവാ സക്കുലന്റ് പ്ളാന്റ് എന്നുപറയുന്നു. ഒറ്റനോട്ടത്തില്‍ കള്ളിച്ചെടികളുമായി സാമ്യമുണ്ടെങ്കിലും ഇവയ്ക്ക് മുള്ളുകളില്ല. രണ്ടിലും തണ്ടും മറ്റും മാംസളമായി തടിച്ചിരിക്കുന്നുവെങ്കിലും സക്കുലന്റ് പ്ളാന്റുകള്‍ എല്ലാംതന്നെ പല കുടുംബങ്ങളില്‍ പെടുന്നവയാണ്. കള്ളിച്ചെടിയോട് സ്വഭാവത്തില്‍ ഇവയ്ക്ക് സാമ്യമുണ്ട്. ഇവയുടെ തടിച്ച തണ്ടും ഇലകളും വെള്ളവും പോഷകമൂലകങ്ങളും സംഭരിച്ചുവയ്ക്കാന്‍ കഴിവുള്ളവയാണ്.
ടിഷ്യുകള്‍ചര്‍ വാനില തൈകള്‍ നടുന്നവിധം പറഞ്ഞുതരാമോ? ആദ്യകാലത്ത് നടത്തേണ്ട പരിചരണങ്ങളും അറിയണം.
ജോസഫ് ജോണ്‍, പാലാ, കോട്ടയം
ടിഷ്യുകള്‍ചര്‍ തൈകള്‍ ആദ്യം പോളിത്തീന്‍ ബാഗില്‍ വളര്‍ത്തിയശേഷം അഞ്ചുമാസം എത്തിയാലേ തോട്ടത്തിലേക്ക് മാറ്റാനുള്ള കരുത്ത് നേടുകയുള്ളു. വാനില ചാലുകീറി നടുമ്പോള്‍ ഒരുകാരണവശാലും ചെടിയെ മണ്ണില്‍ സമ്മര്‍ദത്തോടുകൂടി ചവിട്ടി ഉറപ്പിക്കരുത്. ചാലില്‍വച്ച വാനിലയുടെ ചുവടുഭാഗം മണ്ണിനു പുറത്തിരിക്കത്തക്കവിധം വേണം മണ്ണു മൂടേണ്ടത്. ഇലകള്‍ക്കെതിരെ വരുന്ന വേരുകളാണ് വാനിലയെ താങ്ങുവൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ച് മുകളിലേക്കുയര്‍ത്തുന്നത്. മണ്ണില്‍ വള്ളികള്‍ സ്പര്‍ശിച്ചിരിക്കുന്ന സ്ഥലത്ത് വേരുകള്‍ ഉണ്ടാകാറുണ്ടെങ്കിലും അവ മണ്ണിന് താഴോട്ട് പോകാറില്ല. താങ്ങുമരത്തില്‍ കയറി ഒന്നര-ഒന്നേമുക്കാല്‍ മീറ്റര്‍ ഉയരത്തിലെത്തിയാല്‍ വള്ളികള്‍ താഴേക്ക് തൂങ്ങിവളരാന്‍ അനുവദിക്കണം. താഴേക്ക് വളരുന്ന വള്ളികള്‍ നിലത്ത് മുട്ടാന്‍ ഇടയാകരുത്. അതിനുമുമ്പ് താങ്ങുമരത്തില്‍ കോര്‍ത്തോ മറ്റേതെങ്കിലും രീതിയില്‍വച്ചോ ചുറ്റുകളാക്കി മാറ്റണം. താഴേക്ക് വളരുന്ന വള്ളികളിലെ പൂവുണ്ടാകൂ.
സഫേദ് മുസ്ലി എല്ലാ മണ്ണിലും
വളരുമോ?
എം അബ്ദുള്‍ഖാദര്‍, കൊങ്ങോട്ടി,
ഈ ചെടി ഒരുമാതിരി എല്ലാതരം മണ്ണിലും വളരും. എന്നിരുന്നാലും ജൈവാംശം ധാരാളമടങ്ങിയ പശിമരാശിയുള്ള മണ്ണ് ഈ കൃഷിക്ക് അനുയോജ്യമാണ്. വളര്‍ച്ചയുണ്ടാവുന്ന കാലയളവില്‍ മണ്ണില്‍ നല്ല ഈര്‍പ്പം ആവശ്യമാണ്. കൃഷിയിറക്കി എട്ട്-ഒമ്പത് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. പൂര്‍ണവളര്‍ച്ച എത്തിയാല്‍ ഇലകള്‍ മഞ്ഞനിറമായി തുടര്‍ന്ന് ഉണങ്ങി പൊഴിഞ്ഞുതുടങ്ങും.








0 comments