ad
Deshabhimani

വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും പച്ചക്കറിയിലെ ജീവാണു വളപ്രയോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 27, 2017, 04:36 PM | 0 min read


കേരളം വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് ഒരുങ്ങുകയാണ്. ജൈവരീതി ഉപയോഗിച്ചുള്ള കൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഹരിതകേരള മിഷന്‍ ഒട്ടേറെ കര്‍മപരിപാടികളും ശുപാര്‍ശചെയ്തിട്ടുണ്ട്. ജൈവകൃഷിയില്‍ ജീവാണു വളപ്രയോഗത്തിന് പ്രധാന ഊന്നല്‍ നല്‍കുന്നുണ്ട്. പച്ചക്കറിക്ക് ഏറ്റവും പ്രധാനമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ചെടികള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കുന്ന സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവയടങ്ങിയതാണ് ഈ സൂക്ഷ്മാണുവളങ്ങള്‍. ചെടികളുടെ സമ്പുഷ്ടമായ വളര്‍ച്ചയ്ക്കും വേരുപടലങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ചില രോഗകാരികളായ അണുജീവികളെ തടഞ്ഞ് സംരക്ഷകനായി പ്രവര്‍ത്തിക്കാനുമെല്ലാം ഈ സൂക്ഷ്മാണുവളങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഇവ ഏതൊക്കെയെന്നും പ്രയോഗരീതി എങ്ങനെയെന്നും പരിശോധിക്കാം.

കരപ്രദേശങ്ങളിലെ പച്ചക്കറികള്‍, മരച്ചീനി എന്നിവയ്ക്കുപറ്റിയ ജീവാണുവളമാണ് 'അസറ്റോബാക്ടര്‍'. ഇവയിലെ ബാക്ടീരിയ മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിച്ച് അമോണിയയാക്കി ചെടികള്‍ക്ക് നല്‍കും. ആവശ്യമായ നൈട്രജന്റെ 25-30% വരെ ലഭ്യമാക്കാന്‍ ഇതിന്റെ പ്രയോഗംവഴി സാധിക്കും. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സസ്യഹോര്‍മോണായും ഇതു പ്രവര്‍ത്തിക്കും.

പച്ചക്കറികളുടെ വേരുപടലത്തിലും മണ്ണിലും വസിക്കുന്ന മറ്റൊരു ബാക്ടീരിയയാണ് 'അസോസ് പൈറ്റില്ലം'. ഇതും നൈട്രജന്‍ ആവശ്യത്തിന്റെ 30% വരെ സംഭാവനചെയ്യും.
പ്രയോഗരീതി

വിത്തില്‍ പുരട്ടിയും, ലായനിയാക്കി തൈകള്‍ പറിച്ചുനടുമ്പോള്‍ വേരില്‍ മുക്കിയും, ജൈവവളത്തോടൊപ്പം മണ്ണില്‍ നേരിട്ടും ചേര്‍ക്കാം. വിത്തില്‍ പുരട്ടുമ്പോള്‍ ഒരു കി.ഗ്രാം വിത്തിന് 50 ഗ്രാം കള്‍ചര്‍ എന്ന തോതില്‍ ഉപയോഗിക്കാം. അല്‍പ്പം കഞ്ഞിവെള്ളത്തില്‍ കള്‍ചര്‍ ഇട്ട് കുഴമ്പുരൂപത്തിലാക്കിയശേഷം ഇതില്‍ വിത്തിട്ട് ഇളക്കി എല്ലാ ഭാഗത്തും പുരട്ടുക. അരമണിക്കൂര്‍ തണലില്‍ ഉണക്കിയശേഷം നടുകയൊ വിതയ്ക്കുകയോ ചെയ്യാം.

പറിച്ചുനടുന്ന തൈകളുടെ വേരുകള്‍ കള്‍ചര്‍ലായനിയില്‍ അരമണിക്കൂര്‍ താഴ്ത്തിവയ്ക്കുക. പിന്നീട് നടാം. വേരിന്റെ വളര്‍ച്ച ത്വരിതപ്പെടും. 250 ഗ്രാം കള്‍ചര്‍ 700 മി.ലി. വെള്ളത്തില്‍ കലര്‍ത്തണം.

നേരിട്ട് മണ്ണില്‍ ഉപയോഗിക്കുമ്പോള്‍ 25 സെന്റിന് 200-400 ഗ്രാംവരെ കള്‍ചര്‍ വേണം. ഇത് അഞ്ചു കി.ഗ്രാംമുതല്‍ 10 കി.ഗ്രാംവരെ ഉണക്കിപ്പൊടിച്ച കാലിവളത്തിലോ, കമ്പോസ്റ്റോ വളത്തിലോ ചേര്‍ത്ത് മണ്ണില്‍ വിതറിക്കൊടുക്കാം.

ഫോസ്ഫറസ് പൊട്ടാഷ്ദായക ജീവാണുവളം: മൈക്കോറൈസ എന്നാണ് പേര്. ഒരു ഫോസ്ഫറസ് ജീവാണുവളമാണിത്. ഇത് ചെടികളില്‍നിന്ന് അന്നജം സ്വീകരിച്ച് പകരം മണ്ണിലെ ഫോസ്ഫറസ്, പൊട്ടാഷ് മുതലായ മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാക്കും. വേരുവളര്‍ച്ച, രോഗപ്രതിരോധ ശക്തിനല്‍കല്‍ എന്നിവയ്ക്കും ഇത് സഹായിക്കും. പല കുമിള്‍രോഗങ്ങളെയും, നിമവിരകളെയും പ്രതിരോധിക്കാനും ഇതിനു കഴിവുണ്ട്.

പ്രയോഗം: ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ മണ്ണില്‍ വിതറി മണ്ണുമായി യോജിപ്പിക്കുക. ഇതില്‍ വിത്ത് നടാം. ചീരപോലെ മണ്ണിനു മുകളില്‍ പാകുന്ന ഇനങ്ങള്‍ക്ക് മണ്ണില്‍ മൈക്കൊറൈസ വിതറിയശേഷം വിത്തുപാകുക.

വളര്‍ച്ചയ്ക്കും ഉല്‍പ്പാദന വര്‍ധനയ്ക്കും രോഗപ്രതിരോധത്തിനുമെല്ലാം നല്ലതാണ് ഈ ജീവാണു വളപ്രയോഗം. കാലപ്പഴക്കമില്ലാത്ത വളപാക്കറ്റുകള്‍തന്നെ വാങ്ങുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home