വാഴക്കൃഷിയില്‍ ജൈവജീവിതം

യുദ്ധക്കെടുതികള്‍കണ്ട് മനംമടുത്ത് യുഎന്‍ സമാധാന ദൌത്യസേനയിലെ സഹായിപദം മതിയാക്കിയ ജോണിക്ക് ഇപ്പോള്‍ തുണ ജൈവകൃഷി. വാഴക്കൃഷിക്കിറങ്ങിയ പരുത്തിവയല്‍ ജോണി തന്റെ ഏത്തവാഴക്കൃഷി 1300ല്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ മൂവായിരത്തിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞകൊല്ലമാണ് ജോണി ജൈവ വാഴക്കൃഷിരംഗത്തേക്ക് ഇറങ്ങിയത്.
ജോണി യുഎന്‍ രക്ഷാസേനയില്‍ സേവനം അവസാനിപ്പിച്ച് സ്വന്തം നാടായ കൊട്ടിയൂരിലെത്തിയശേഷം മാടത്തില്‍ സ്കൂളിനടുത്ത് വീടുപണിത് സ്ഥിരതാമസമാക്കിയത്. അക്കൊല്ലംതന്നെ റോഡരികില്‍തന്നെയുള്ള, വക്കീലിന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴക്കൃഷി ആരംഭിച്ചു. വിളവെടുപ്പില്‍ ശരാശരി 35 കിലോവരെ തൂക്കമുള്ള ലക്ഷണമൊത്ത കുലകളും മികച്ച വിലയും നേടാനായി. ഇതോടെ ജീവിതത്തിന് അര്‍ഥവും ലക്ഷ്യവും വരുമാനമാര്‍ഗവുമായെന്ന് ജോണിയുടെ സാക്ഷ്യം.
ഇത്തവണ മൂന്നിടങ്ങളിലായാണ് ജോണിയുടെ പാട്ടക്കൃഷി. 3000 ചുവട് ഏത്തവാഴയുണ്ട്. പായം പഞ്ചായത്തിലെ മാടത്തില്‍, പെരുമ്പറമ്പ്, തെങ്ങോല ഗ്രാമങ്ങളിലാണ് കൃഷി. ജെസിബി കൊണ്ട് ആഴത്തില്‍ ചാലുകള്‍ നിര്‍മിച്ച് ഇടവിട്ട് ഉയര്‍ത്തി നല്ല വീതിയില്‍ മണ്‍തിട്ട രൂപപ്പെടുത്തുന്ന വാഴത്തോപ്പുകളിലെ ചാലുകളിലാണ് വാഴകളുടെ നില്‍പ്പ്. കടലപ്പിണ്ണാക്കും ചാണകവും വേപ്പെണ്ണയും പ്രാണികീട ലായനിയും ചേര്‍ത്ത് ബാരലുകളില്‍ തയ്യാറാക്കുന്ന ജൈവവള രസായനം എല്ലാ ചാലുകള്‍ക്കരികിലും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍നിന്ന് മുഴുവന്‍ വാഴച്ചുവടുകളിലേക്കും ഇടവിട്ട് മൂന്നും നാലും ലിറ്റര്‍വീതം നേര്‍പ്പിച്ച് ശ്രദ്ധാപൂര്‍വം ഒഴിച്ചുള്ള ജൈവവള ജലസേചനവും ഒപ്പം പൈപ്പ്വഴിയുള്ള നനയും. വാഴകള്‍ നല്ല പച്ചപ്പോടെ ശിരസ്സുയര്‍ത്തി വളരുന്നതുകണ്ട് ജോണി പറയുന്നു’ഇക്കുറി 40 കിലോയില്‍ കുറയാത്ത കുലവീതം കിട്ടും.
വാഴകൃഷിയുടെ പ്രസക്തി
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ പ്രചാരണങ്ങളാണ് തന്നെ കൃഷിരംഗത്തേക്ക് ഇറക്കിയതെന്ന് ജോണി പറഞ്ഞു. 43 രൂപവരെ വിലകിട്ടുന്ന മേത്തരം ഉല്‍പ്പന്നമായി ജൈവ ഏത്തക്കായക്ക് മാര്‍ക്കറ്റില്‍ നല്ല സ്വീകാര്യത. കണ്ണൂര്‍ വിമാനത്താവളംകൂടി പ്രാവര്‍ത്തികമാവുന്നതോടെ കയറ്റുമതിസാധ്യതയും ഉപയോഗപ്പെടുത്താനാണ് ജോണിയുടെ നീക്കം. വാഴത്തോപ്പില്‍ കഴിഞ്ഞകൊല്ലം 10 കുല മോഷണംപോയി. കളവ് തടയാന്‍ തോട്ടത്തില്‍ രാത്രിയില്‍ റെക്കോഡിങ് സാധ്യമാവുന്ന തരത്തില്‍ മികച്ച സിസി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യകാലത്തെ പ്രവാസജീവിതഘട്ടത്തില്‍ കൃഷിയില്‍ അത്രയ്ക്ക് താല്‍പ്പര്യമെടുക്കാന്‍കഴിയാതിരുന്ന ജോണിക്ക് കുടുംബവും പുതിയ സംരംഭത്തിന് താങ്ങായുണ്ട്.
ഭാര്യ വിനു ഇരിട്ടിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നു. മക്കളായ ഇവ്ലിന്‍, ഇവാന എന്നിവര്‍ കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്കൂള്‍വിദ്യാര്‍ഥികള്‍.










0 comments