സന്തോഷി കുമാരിയുടെ ജീവനെടുത്തത് ആധാര്‍; ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ റേഷനില്ലാതെ ജനങ്ങളുടെ ദുരന്ത ജീവിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2017, 07:46 AM | 0 min read

 റാഞ്ചി > സെപ്‌തംബര്‍  28നാണ് 11കാരിയായ സന്തോഷി കുമാരി പട്ടിണി മൂലം ജാര്‍ഖണ്ഡില്‍ മരിച്ചത്‌. എട്ടുമാസം മുമ്പ് സന്തോഷിയുടെ കുടുംബത്തിന് റേഷന്‍ നല്‍കുന്നത് അധികൃതര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇത് കുടുംബത്തെ പട്ടിണിയിലാക്കുകയും തുടര്‍ന്ന് ബാലികയുടെ മരണത്തിലേക്കും വഴിവെക്കുകയുമായിരുന്നു. ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാലായിരുന്നു കുടുംബത്തിന് നല്‍കിവന്നിരുന്ന റേഷന്‍ അധികൃതര്‍ ഒറ്റയടിക്ക് അവസാനിപ്പിച്ചത്. ജാര്‍ഖണ്ഡിലെ സിംദേഖ ജില്ലയിലാണ് സംഭവം.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണിതെന്നും അതില്‍ ഇടപെടില്ലെന്നും 11 ലക്ഷം പേരുടെ കാര്‍ഡുകള്‍ റദ്ദുചെയ്‌തത് ആധാര്‍ നമ്പര്‍ ഇല്ലാത്തതിനാലായിരുന്നു എന്നുമായിരുന്നു സന്തോഷിയുടെ മരണത്തോട് ജാര്‍ഖണ്ഡ് സിവില്‍ സപ്ലൈസ് മന്ത്രി പ്രതികരിച്ചത്. ആധാര്‍ തയ്യാറാക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമനുസരിച്ച് ആധാറിന്റെ പേരില്‍ രാജ്യത്താര്‍ക്കും റേഷന്‍ നിഷേധിക്കാന്‍ പാടില്ലാത്തതാണ്. കര്‍ശനമായ ഈ നിര്‍ദ്ദേശം നിലവില്‍ ഉള്ളപ്പോണ് ബിജെപി ഭരണ സംസ്ഥാനത്തെ ഭക്ഷ്യമന്ത്രി തന്നെ ജനങ്ങളെ പട്ടിണിക്കിടുന്നതിന് അധികൃതര്‍ക്ക് ഒത്താശ ചെയ്യുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോള്‍ ഡോട്ട് ഇന്‍ ആണ്  ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌


കൈവിരല്‍ രേഖകള്‍ തേഞ്ഞുപോയതിനാല്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാന്‍ പലര്‍ക്കും സാധിക്കാത്തത് ആധാര്‍ എടുക്കുന്നതിന് പ്രധാന പ്രതിബന്ധമായി മാറി. ഓരോ തവണ റേഷന്‍ വാങ്ങാനെത്തുമ്പോഴും ഇത്തരം രേഖകള്‍ സ്‌കാനിംഗില്‍ തെളിയാത്തതും ഇന്റര്‍നെറ്റ് സംവിധാനം നിരന്തരം താറുമാറാകുന്നതും ജനങ്ങള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് ഇവര്‍ക്കെല്ലാം ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ആധാര്‍ എന്റോള്‍ ചെയ്യാന്‍ കൃത്യസമയത്ത് കഴിയാഞ്ഞവരും കൈരേഖകള്‍ വഴി വിവരം ലഭ്യമാക്കാന്‍ കഴിയാത്തവരുമാണ് ഏറ്റവുമധികം ദുരിതം നേരിട്ടത്. പ്രായമായവരായിരുന്നു ഇതില്‍ അധികവും.

 ജാര്‍ഖണ്ഡില്‍ പത്ത് ശതമാനം കുടുംബങ്ങളും അവരുടെ അവകാശമായ റേഷന്‍ വാങ്ങാന്‍ കഴിയാത്തവരാണെന്ന് പ്രശസ്‌ത സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ദ്രേസ്  ചൂണ്ടിക്കാട്ടി. റൈറ്റ് റ്റു ഫുഡ് ക്യാംപെയിനലെ അംഗം കൂടിയാണദ്ദേഹം. ' 10ശതമാനം എന്നത് ഒരു വലിയ സംഖ്യയായി തോന്നില്ലായിരിക്കും, എന്നാല്‍ 2.5 മില്ല്യണ്‍ ജനങ്ങളാണ് ഈകണക്കില്‍ ഉള്ളത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്; അദ്ദേഹം വിശദീകരിച്ചു.

 ജാര്‍ഖണ്ഡിലെ പൊതുവിതരണ സംവിധാനത്തെ സംബന്ധിച്ച് സ്വതന്ത്ര ഗവേഷകരും വിദ്യാര്‍ഥികളും ജൂലൈയില്‍ നടത്തിയ പഠനത്തില്‍ നിരവധി പേര്‍ക്ക് ആധാര്‍ മൂലം റേഷന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായതായി കണ്ടെത്താനായി.


ഇവര്‍ ആധാര്‍ മൂലം ജീവിതം വഴിമുട്ടിയവര്‍;

ഒലാസി ഹന്‍സ്ഡ



75 വയസുകാരിയായ ഒലാസി ഹന്‍സ്ഡ വിധവയാണ്. ദുരിര്‍ഥ ഗ്രാമത്തിലാണ് താമസം. ജനുവരി മുതല്‍ സബ്‌സിഡി നിരക്കില്‍ ഇവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നില്ല. നടക്കാനാകാത്തതും അതിനാല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്തതുമാണ് ഒലാസിക്ക് അധികൃതര്‍ റേഷന്‍ നിഷേധിക്കുന്നതിന് കാരണമായിരിക്കുന്നത്.


ജയ്‌നാത്രാം



കുന്തി ഗ്രാമത്തില്‍ താമസം. ബയോമെട്രിക്ക് സ്‌കാനര്‍ വഴി ജയ്‌നാത്രാമിന്റെ കൈവിരല്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാന്‍ സാധിക്കാത്തത് റേഷന്‍ മുടങ്ങുന്നതിന് കാരണമായി. സെപ്‌തംബര്‍ 2016 മുതല്‍ റേഷനില്ല.

 തിലോ കുമാരി


സോസോത്തോളി ഗ്രാമവാസി. ഒറ്റക്കാണ് താമസം. കേള്‍വിശക്തി തീരെ കുറവ്. കൈവിരല്‍ രേഖകള്‍ ആധാര്‍ എടുക്കുന്നിന് തടസമായി. സെപ്‌തംബര്‍ 2016 മുതല്‍  റേഷന്‍ ലഭിക്കുന്നില്ല.

ജാഹ്‌റിന

 
ഗൊഡ്ഡ ജില്ലയില്‍ താമസം. ജാഹ്‌റിനയുടെ കുടുംബത്തിലെ ആര്‍ക്കും തന്നെ കൈവിരല്‍ രേഖകള്‍ കൃത്യമായി നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ ഒറ്റത്തവണയുള്ള പാസ്‌വേര്‍ഡ് ഉപയോഗിച്ച് റേഷന്‍ വാങ്ങാന്‍ പിന്നീട് കഴിഞ്ഞു. പാസ്‌വേര്‍ഡ് സംവിധാനവും പ്രവര്‍ത്തന രഹിതമായതോടെ മൂന്ന് മാസത്തോളം ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചില്ല.

അബ്‌ദുള്‍ മജീദ്


അബ്‌ദുള്‍ മജീദിന്റെ കുടുംബത്തിലെ ആറുപേരില്‍ രണ്ട് പേര്‍മാത്രമാണ് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഗൊഡ്ഡ ജില്ലയിലെ ബസന്ത്‌റായിലാണ് മജീദ് താമസിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെ ഇവര്‍ക്ക് റേഷന്‍ ലഭിച്ചില്ല. ബയോമെട്രിക്ക് സംവിധാനം പലതവണ പ്രവര്‍ത്തന രഹിതമായതാണ് കാരണം. പിന്നീട് ജണില്‍ മാത്രമാണ് റേഷന്‍ ലഭിച്ചത്. എന്നാല്‍ ലഭ്യമാകാതിരുന്ന മൂന്ന് മാസത്തേ റേഷന്‍ കിട്ടിയില്ല. റേഷന്‍ കാര്‍ഡില്‍ മൂന്ന് മാസത്തേ റേഷന്‍ നല്‍കി എന്നും വ്യാപാരി എഴുതി നല്‍കുകയായിരുന്നു. റേഷന്‍ കടകളിലെ കൊള്ളക്ക് ആധാര്‍ ഒരു പരിഹാരമായില്ല. മാത്രമല്ല കൊള്ള വര്‍ധിക്കുകയാണുണ്ടായതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.

ലൂസിയ കുല്ലു



ബെര്‍ക്കുബ ഗ്രാമത്തിലെ ലുസിയ കുല്ലുവിനും ഭര്‍ത്താവിനും മാര്‍ച്ച് മുതല്‍ റേഷന്‍ ലഭിക്കുന്നില്ല. ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തതു തന്നെ കാരണം. ആധാറിന്റെ പകര്‍പ്പുകള്‍ നിരവധി തവണ റേഷന്‍ വ്യാപാരിക്ക് നല്‍കിയ ശേഷമാണ് ദമ്പതികള്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നത്.

മരോത്തമയ് മുര്‍മു


വിധവ. 75 വയസ്. സഹിബ്ഗഞ്ച് ജില്ലയിലെ സിംറ ഗ്രാമത്തില്‍ മകനോടൊപ്പം താമസിക്കുന്നു. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ എട്ട് മാസമായി  അമ്മക്കും മകനും റേഷന്‍ ലഭിക്കുന്നില്ല. അല്‍പം ഭൂമിയുള്ളതില്‍ കൃഷി നടത്തിയാണ് ഇവര്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.

 ജുബൈദ അന്‍സാരി


70 വയസ്. വിധവ. ഗൊഡ്ഡ ജില്ലയിലെ ലോച്‌നി ഗ്രാമത്തില്‍ താമസിക്കുന്നു. ആദ്യഘട്ടത്തില്‍ റേഷന്‍ ലഭിച്ചിരുന്നെങ്കിലും ഒരുമാസത്തിന് ശേഷം മകന്‍ വീട് മാറിയതോടുകൂടി ഒറ്റത്തവണ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടായി. പാസ്‌വേര്‍ഡ് പിന്നീട് പ്രവര്‍ത്തിക്കാതെ വന്നതോടെ ജുബൈദയുടെ റേഷന്‍ പൂര്‍ണമായും മുടങ്ങി.

രാഹില്‍ ഡംഗ്ഡംഗ്


 
വിധവ. ഗുംല ജില്ലയിലെ ബെല്‍ക്കുപ ഗ്രാമത്തില്‍ താമസം. അന്ത്യോധയ കാര്‍ഡുണ്ട്. എന്നാല്‍ നവംബര്‍ 2016 മുതല്‍ റേഷന്‍ ലഭ്യമല്ല. നിരവധി തവണയാണ് മുഴുവന്‍ രേഖകളുമായി ആധാര്‍ ലഭിക്കാന്‍ സിംദേഗയില്‍ എത്തിയത്. എന്നാല്‍ വെറും കൈയ്യോടെ മടങ്ങേണ്ടിവരികയായിരുന്നു. ഒരു രീതിയിലും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത രാഹില്‍ വനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്.

 ജയ്‌മതി ഹന്‍സഡ


 
ജയ്‌മതിയുടെ പേര് അവരുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഭര്‍ത്താവിന്റെ പേര് മാത്രമാണ് ഇപ്പോള്‍ കാര്‍ഡിലുള്ളത്. ഭര്‍ത്താവ് ലബേയ ഹന്‍സഡ തൊഴിലെടുക്കുന്നത് മുംബൈയിലാണ്. ഭര്‍ത്താവ് വീട്ടിലെത്താതെ ജയ്‌മതിക്ക് റേഷന്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണീ കുടുംബം. മൂന്ന് മാസം റേഷനുണ്ടായിരുന്നില്ല

 ബിര്‍സി ദേവി


  ബിര്‍സി ദേവിയും മകളും വിധവകളായികുന്നു. കന്‍കെ ജില്ലയിലെ ദുബ്ലിയ ഗ്രാമത്തിലാണ് താമസം. കൈവിരല്‍ രേഖകള്‍ സ്‌കാനിംഗ് ഉപകരണത്തില്‍ പതിഞ്ഞിരുന്നില്ല. മാസങ്ങളായി റേഷനില്ല.

അതേസമയം  ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍  കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ട്വിറ്ററില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആധാര്‍ ജീവനേക്കാള്‍ വിലപ്പെട്ടതാണെങ്കില്‍ ആധാര്‍ ഞങ്ങള്‍ ഉപേക്ഷിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. ബേണ്‍ ആധാര്‍ എന്ന ഹാഷ്‌ടാഗിനും തുടക്കമായി.ആധാര്‍ കത്തിക്കുന്ന ദൃശ്യങ്ങളും ട്വിറ്ററിലുണ്ട്‌



deshabhimani section

Related News

View More
0 comments
Sort by

Home