വഴിയോരക്കച്ചവടത്തിന് എന്തൊക്കെ സംരക്ഷണം

ഓണംവരുന്നു; വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു. നിയമം നല്‍കുന്ന സംരക്ഷണം വഴിയോരക്കച്ചവടക്കാരനും അധികാരികളും അറിഞ്ഞിരിക്കണം. മരിച്ചാല്‍പോലും ഒരു ആനുകൂല്യവും കിട്ടാത്തവിധം വേലിക്കു പുറത്തുനിര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ പൌരന്മാരാണ് വഴിയോരക്കച്ചവടക്കാര്‍. ദാഹത്തിനു വെള്ളവും വിശപ്പിന് ആഹാരവും, ചെറിയ വിലയ്ക്ക് ഉടുപ്പും പച്ചക്കറികളും നല്‍കുന്ന ഇവരുടെ ദാഹം തീര്‍ക്കാന്‍, വിശപ്പുമാറ്റാന്‍ ഒരുപദ്ധതിയുമില്ല.
വഴിയോരക്കച്ചവടം നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന ധാരണയാണ് ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്കും പൊതുസമൂഹത്തിനും ഉള്ളത്. കേന്ദ്രം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തെരുവോര കച്ചവട സംരക്ഷണനിയമം കൊണ്ടുവന്നു.അതിന്‍പ്രകാരം കച്ചവടംചെയ്യുന്നിടം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന് ആവശ്യമുള്ളിടത്തോളം കാലം കൈവശക്കാരനു തന്നെ പതിച്ചു നല്‍കണം. ആവശ്യത്തിന് വെള്ളവും വെളിച്ചവും നല്‍കണം. സമൂഹത്തില്‍ മാന്യത നല്‍കണം. പൊലീസ് ചവറുവണ്ടികളുമായി വന്ന് വില്‍പ്പനവസ്തുക്കള്‍ വാരിക്കൊണ്ടുപോകരുത്. അധികൃതര്‍ നല്‍കുന്ന കാര്‍ഡ് മാത്രം ആധാരമാക്കി ബാങ്കുകള്‍വായ്പ നല്‍ണം. ഇതൊക്കെ നിയമത്തിലുള്ളതാണ്. കുറച്ചെങ്കിലും നടപ്പിലാക്കിയെങ്കില്‍.
കാര്‍ഷിക-പരമ്പരാഗത വ്യവസായമേഖലയുടെ തകര്‍ച്ചയും പ്രവാസിമേഖലയിലെ തൊഴില്‍പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന നഗരവല്‍കരണവും കാരണം ഈ മേഖലയിലേക്ക് ആളുകള്‍ കൂടുകയാണ്. മറ്റൊരു മാര്‍ഗവുമില്ലാതെ മരിക്കാന്‍ തയ്യാറായവരുടെ ഒടുവിലത്തെ അത്താണിയായാണ് തെരുവോര കച്ചവടം.
വിദ്യാഭ്യാസയോഗ്യതയും തൊഴില്‍വൈദഗ്ധ്യവും കുറഞ്ഞവരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും. വര്‍ധിച്ചുവരുന്ന സ്ഥലത്തിന്റെ വിലയും ഉയര്‍ന്ന കടമുറിവാടകയും ചില്ലറവ്യാപാരരംഗത്തേക്കുള്ള വന്‍കിട കമ്പനികളുടെ കടന്നുവരവുംമൂലം കച്ചവടം തൊഴിലായി സ്വീകരിക്കണമെങ്കില്‍ ഉയര്‍ന്ന മുതല്‍മുടക്ക് ആവശ്യമായിവരുന്നു. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് കച്ചവടം ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ കിട്ടുന്ന അവസരമാണ് വഴിയോരക്കച്ചവടം. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 40 ശതമാനത്തിലധികം സ്ത്രീകളാണ്. കുടുംബം പുലര്‍ത്താനും മക്കളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കുമായാണ് ഈ അമ്മമാര്‍ തെരുവില്‍ പച്ചക്കറികളും പഴങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വില്‍ക്കാനെത്തുന്നത്. കച്ചവടം തീരുംവരെ അവര്‍ഭയപ്പാടിലാണ്. പകലന്തിയോളം സാധനങ്ങളും സേവനങ്ങളും വിറ്റാല്‍ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരുപങ്ക് ഉദ്യോഗസ്ഥര്‍ക്കും ഗുണ്ടകള്‍ക്കും നല്‍കേണ്ടിവരുന്നു.
വഴിയോരക്കച്ചവടം നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന ധാരണയാണ് ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്കും പൊതുസമൂഹത്തിനും ഉള്ളത്. കാലാകാലങ്ങളായി വിവിധങ്ങളായ വിധിപ്രസ്താവനകളിലൂടെ സുപ്രീംകോടതി വഴിയോരക്കച്ചവടത്തെ ചില നിയന്ത്രണങ്ങളോടെ അംഗീകരിച്ചിട്ടുണ്ട്. sodhansing vs. new delhi munipal corparation എന്ന കേസില്‍ സുപ്രീംകോടതിയുടെ വിധി ഇങ്ങനെയാണ്: ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(ജി) പ്രകാരം ഏതൊരാള്‍ക്കും ഏതൊരു തൊഴിലിലും കച്ചവടത്തിലും ഏര്‍പ്പെടുന്നതിന് അവകാശമുണ്ട്. പൊതുനിരത്ത് യാത്രികര്‍ക്ക് മാത്രമല്ല, വഴിയോരക്കച്ചവടത്തിനും ഉപയോഗിക്കാം. 2010 ഒക്ടോബര് എട്ടിന് ഗയിന്താറാമും ന്യൂഡല്‍ഹി മുനിസിപ്പല്‍കോര്‍പറേഷനും തമ്മിലുള്ള കേസില്‍ 2011 ജൂണ് 30ന് കോടതി പറഞ്ഞു: അതത് സര്‍ക്കാരുകള്‍ വഴിയോരക്കച്ചവടക്കാരന് തൊഴില്‍ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. വഴിയാത്രക്കാരന്റെ യാത്രാസ്വാതന്ത്യ്രംപോലെ പ്രധാനമായി ഇതും കാണണം. അങ്ങനെയാണ് യുപിഎ സര്‍ക്കാരിനും തുടര്‍ന്ന് മന്ത്രി ജയന്തി നടരാജനും 2014ലെ വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമംകൊണ്ടുവന്നത്. എന്നാല്‍, കേരളത്തില്‍ ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാനതല നിയമനിര്‍മാണം ഒന്നുംതന്നെ ഉണ്ടായില്ല.
വഴിയോരക്കച്ചവടക്കാരുടെ സംരക്ഷണത്തിനായി കേരളത്തില്‍ആദ്യമായി ഒരു നയം കൊണ്ടുവന്നത് 2011ല്‍ ഇടതുപക്ഷ സര്‍ക്കാരാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളും കച്ചവടകമ്മിറ്റി രൂപീകരിച്ച് കച്ചവടക്കാരുടെ സവേ നടത്തി വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. വഴിയോരക്കച്ചവടക്കാരുടെ സര്‍വേ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് സ്വകാര്യ ഏജന്‍സിക്ക് കഴിഞ്ഞ സര്‍ക്കാര് നല്‍കിയത്. തിരിച്ചുകിട്ടിയത് ആക്ഷേപം മാത്രം.
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ 30 ദിവസംമുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നയത്തിലുണ്ട്. ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതിനും അവ പുനഃസൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ സഹായം ചെയ്തു കൊടുക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നുണ്ടെങ്കിലും നടപ്പാക്കാന്‍ സംവിധാനങ്ങളില്ല.
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നുവെന്ന് മാത്രമല്ല, പൊലീസ് ചവറുവണ്ടിയുമായി വന്ന് എല്ലാം വാരിക്കൊണ്ടുപോവുകയാണ് പതിവ്. വഴിയോരക്കച്ചവടക്കാര്‍ക്കായി സാമൂഹ്യസുരക്ഷാ പദ്ധതികളായ പെന്‍ഷന്, ഇന്‍ഷുറന്‍സ്, ചികിത്സാസഹായം മുതലായവ കേന്ദ്ര നിയമത്തിലുണ്ട്. കേരളം അതൊന്നും കണക്കിലെടുക്കുന്നില്ല. ക്ഷേമനിധിബോര്‍ഡ് കാര്യക്ഷമമാക്കുന്നില്ല. മക്കളുടെ വിദ്യാഭ്യാസത്തിന് സൌകര്യം ലഭ്യമാക്കുക, സ്വയംസഹായ സംഘങ്ങളും സഹകരണസംഘങ്ങളും രൂപീകരിച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുക തുടങ്ങിയവയും നടപ്പാക്കപ്പെട്ടില്ല.വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട് ഓരോ കച്ചവടക്കാരനും ലഭിക്കേണ്ട വിവരങ്ങളും സേവനങ്ങളും അവരുടെ അവകാശങ്ങളും ഉള്‍ക്കൊള്ളിച്ച് എല്ലാ
തദ്ദേശസ്ഥാപനങ്ങളും പൌരാവകാശരേഖ പ്രസിദ്ധീകരിക്കേണ്ടതാണ്. പൌരാവകാശരേഖയില്‍ കച്ചവടക്കാരുടെ രജിസ്ട്രേഷന്‍, കച്ചവടമേഖലയുടെ തെരഞ്ഞെടുപ്പ്, കച്ചവട കമ്മിറ്റിയുടെ വിവരങ്ങള്‍, തദ്ദേശസ്ഥാപനങ്ങളുടെ കര്‍ത്തവ്യങ്ങള്‍, ചുമതലകള്‍, സഹായവ്യവസ്ഥകള്‍, പരാതിപരിഹാര സംവിധാനം എന്നിവ വിശദീകരിക്കണം. പൌരാവകാശരേഖയില്‍ പറഞ്ഞിരിക്കുന്നത് ഓരോ വര്‍ഷവും നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും വാര്‍ഷികമായി നടത്തുന്ന സോഷ്യല്‍ ഓഡിറ്റ് പ്രക്രിയക്ക് വിധേയമാക്കണം എന്നാണ്. ഇതൊക്കെ ശരി, പക്ഷെ എല്ലാം ഫയലുകളില്‍ മാത്രം.
വഴിയോരക്കച്ചവടക്കാര്‍ സമൂഹത്തിലെ രണ്ടാംതരം പൌരന്മാരല്ലെന്ന് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ പൌരന്മാര്‍ക്ക് നിയമപരമായി കൂടുതല്‍ പരിഗണന ലഭിക്കേണ്ടിയിരിക്കുന്നു.








0 comments