യൂറോപ്പ്യന്‍ ലീഗുകള്‍ക്ക് ചൈനപ്പേടി

താരക്കമ്പോളം ഉണര്‍ന്നതോടെ ഫുട്ബോള്‍ ലോകത്തെ വമ്പന്‍ ക്ളബുകള്‍ക്ക് 'ചൈനപ്പേടി'. മോഹവില കൊടുത്തു സൂപ്പര്‍താരങ്ങളെ സ്വന്തമാക്കാന്‍ ചൈനീസ് ഏജന്റുമാര്‍ യൂറോപ്പിലെ വമ്പന്‍ ലീഗുകള്‍ക്കുമേല്‍ വട്ടമിട്ടു പറക്കുകയാണ്. ലോകഫുട്ബോളില്‍ അപ്രശസ്തരെങ്കിലും ചൈനീസ് സൂപ്പര്‍ലീഗിലെ ഈ ക്ളബുകള്‍ വച്ചു നീട്ടുന്ന വന്‍തുകയില്‍ പലരും വീഴും. തങ്ങളുടെ പ്രിയതാരങ്ങള്‍ ചൈനീസ് തരംഗത്തില്‍ പെടുമോ എന്നു ഭയപ്പാടിലാണ് ഇംഗ്ളീഷ്, സ്പാനിഷ്, ജര്‍മന്‍ ലീഗുകളിലെ വമ്പന്‍ ക്ളബുകള്‍.
നൂറോളം വിദേശതാരങ്ങള്‍ നിലവില്‍ ചൈനീസ് ലീഗില്‍ കളിക്കുന്നു. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളോടാണ് ചൈനീസ് ക്ളബുകള്‍ക്ക് പ്രിയമെങ്കിലും യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍നിന്നും നിരവധി താരങ്ങള്‍ ചൈനയില്‍ പന്തുതട്ടുന്നുണ്ട്. ലോകത്തെങ്ങുമെന്ന പോലെ ബ്രസീലിനാണ് ഇവിടെയും ഭൂരിപക്ഷം. 13 വര്‍ഷം മാത്രം പ്രായമായ ലീഗില്‍ ഇതുവരെ 172 ബ്രസീല്‍ താരങ്ങള്‍ കളിക്കാനിറങ്ങി. അര്‍ജന്റീനയില്‍നിന്ന് 31 പേരും. കൊളംബിയയും ഉറുഗ്വെയും തൊട്ടുപിന്നാലെയുണ്ട്.
ആഫ്രിക്കയില്‍നിന്ന് നൈജീരിയയാണ് ചൈനീസ് ഫുട്ബോള്‍ വിപണിയിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെട്ടത്. കാമറുണ്‍, ഐവറികോസ്റ്റ്, സെനഗല്‍ തുടങ്ങിയവരും എത്തുന്നു. തൊട്ടയക്കാരായ ദക്ഷിണകൊറിയയില്‍നിന്നും കളിക്കാരുടെ നല്ല വരവുണ്ട്. നിലവില്‍ 11 കൊറിയക്കാര്‍ വിവിധ ചൈനീസ് ക്ളബുകള്‍ക്കു കളിക്കുന്നു. റൊമേനിയ, സെര്‍ബിയ, ഫ്രാന്‍സ്, ജര്‍മനി, ക്രൊയേഷ്യ, ബള്‍ഗേറിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും നിരവധി പേരുണ്ട്.
ചൈനീസ് ക്ളബുകളുടെ താരക്കച്ചവട വളര്‍ച്ചയെ മുന്നുഘട്ടമായി തിരിക്കാം. തുടക്കത്തില്‍ ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും പോയി അറിയപ്പെടാത്ത കളിക്കാരെ തേടിപ്പിടിക്കുകയായരുന്നു ക്ളബ് ഏജന്റുമാരുടെ രീതി. അന്ന് യുറോപ്പില്‍നിന്നും അപ്രശസ്തരെ കൊണ്ടുവന്നു. രണ്ടാം ഘട്ടം യൂറോപ്യന്‍ ലീഗുകളിലെ പഴയ പടക്കുതിരകളാണ് വന്നത്. ഫുട്ബോളിലെ ചൈനീസ് വിപ്ളവം അന്നും അധികമാരും ശ്രദ്ധിച്ചില്ല. ദിദിയര്‍ ദ്രോഗ്ബെ, റിക്കാര്‍ഡോ കര്‍വാലോ, ടിം കാഹില്‍ തുടങ്ങിയവര്‍ അന്നു കളിക്കാനിറങ്ങി.
കഴിഞ്ഞവര്‍ഷം ചൈനീസ് ക്ളബുകള്‍ ശരിക്കും ഞെട്ടിച്ചു. ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയ്ക്കുമുള്ള വിപണിവിലയ്ക്ക് അടുത്തു നില്‍ക്കുന്ന തുക പറഞ്ഞ് ഇംഗ്ളണ്ടില്‍നിന്നും സ്പെയിനില്‍നിന്നും യുവതാരങ്ങളെ റാഞ്ചി. ചെല്‍സിയുടെ ബ്രസീല്‍ യുവതാരങ്ങളായ റാമിറസും ഓസ്കറും ചൈനയ്ക്ക് വിമാനം കയറി. പൌളീന്യോയും ഹള്‍ക്കും ഒരു വര്‍ഷം മുമ്പ് എത്തിയിരുന്നു. അലക്സാന്ദ്രെ പാറ്റോ ഈ വര്‍ഷവും. 20 ബ്രസീല്‍ താരങ്ങള്‍ ലീഗിലെ 16 ക്ളബുകളിലായി കളിക്കുന്നു. ചെല്‍സി താരം ജോണ്‍ ഒബി മികേല്‍(നൈജീരിയ), അത്ലറ്റികോ മാഡ്രിഡിന്റെ ജാക്സണ്‍ മാര്‍ട്ടിന്‍സ്(കൊളംബിയ), ആഴ്സണലിന്റെ ജര്‍വീഞ്ഞോ(ഐവറി കോസ്റ്റ്) സൂപ്പര്‍താരം കാര്‍ലോസ് ടവേസ്, പിഎസ്ജിയിയുടെ എസിക്വല്‍ ലാവേസി(അര്‍ജന്റീന) എന്നിവര്‍ വന്‍തുകകള്‍ക്ക് ലീഗിന്റെ ഗ്ളാമര്‍ കൂട്ടാനെത്തി.
കളിക്കാര്‍ക്കൊപ്പം വമ്പന്‍ പരിശീലകരെയും ചൈനക്കാര്‍ തേടിയെത്തുന്നു. ബ്രസീലിന്റെ സൂപ്പര്‍ പരിശീലകന്‍ ലൂയിസ് ഫിലിപ് സ്കൊളാരി, ബ്രസീല്‍ ദേശീയ പരിശീലകനായിരുന്ന മനോ മെനിസസ്, വാന്‍ഡര്‍ലി ലക്സംബര്‍ഗ്, സ്വീഡനില്‍നിന്നുള്ള ഗ്വൊന്‍ സൊരാന്‍ എറിക്സണ്‍, ഇറ്റലിക്കാരന്‍ ഫാബിയോ കാപെല്ലോ തുടങ്ങിയവര്‍ ചൈനയില്‍ കളി പഠിപ്പിക്കുന്നു.
വന്‍ശക്തിയായ രാജ്യത്ത് ഫുട്ബോളിനുള്ള സാധ്യത ഫിഫ നേരത്തെ തിരിച്ചറിഞ്ഞതാണ്. എന്നാല്‍, ഇതുവരെ ഒറ്റ ലോകകപ്പില്‍(2002) മാത്രം കളിച്ച രാജ്യത്തിന് ഇതു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനായില്ല. കായികതല്‍പ്പരനായ പ്രസിഡന്റ് ഷി ജിന്‍ പിങ് മുന്നോട്ടുവെച്ച നിര്‍ണായക നിര്‍ദേശങ്ങള്‍ രാജ്യം ഗൌരവമായെടുത്തതോടെ സ്ഥിതി മാറി. താഴെ തട്ടില്‍ മാറ്റം വേണമെന്ന് നിഷ്കര്‍ഷിച്ചു. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ കായികരംഗത്ത് 2025 ഓടെ ഇരട്ടി വളര്‍ച്ച കൈവരിക്കണമെന്ന ലക്ഷ്യം ഷി ജിന്‍ പിങ് മുന്നോട്ടുവെച്ചു.
രാജ്യത്തെ വമ്പന്‍ വ്യവസായികളും ഫുട്ബോള്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ എല്ലാം വേഗത്തിലായി. പ്രധാന ക്ളബുകളുടെ ഉടമസ്ഥത ഈ കമ്പനികള്‍ ഏറ്റെടുത്തു. അതോടെ പണമൊഴുക്കാന്‍ ക്ളബുകള്‍ക്ക് ഊര്‍ജ്ജമായി. എന്നാല്‍, അമിത പണമൊഴുക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നുണ്ട്. ചെലവാക്കാന്‍ സാധിക്കുന്ന പണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. സൂപ്പര്‍ ലീഗില്‍ ഒരു ക്ളബിന് മുന്നു വിദേശതാരങ്ങളെ മാത്രമേ കളത്തിലിറക്കാനാകൂ. ഗോള്‍കീപ്പര്‍ സ്വദേശിയായിരിക്കണം. 23 വയസ്സിനു താഴെയുള്ള രണ്ട് ചൈനീസ് താരങ്ങള്‍ ടീമിലുണ്ടാകണം. രാജ്യത്തെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന, യുതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ വ്യവസ്ഥകള്‍ ലീഗിലുണ്ട്.








0 comments