ad
Deshabhimani

വിശ്വകിരീടം ചൂടി ഫ്രാൻസ്; ഹീറോയായി സിദാൻ

1998 FIFA World Cup.jpg
avatar
ജ്യോതിസ് [email protected]

Published on Jun 01, 2026, 08:58 PM | 3 min read

ഫ്രാൻസ് ആതിഥേയത്വം വഹിച്ച 1998-ലെ ലോകകപ്പിലാണ് ടീമുകളുടെ എണ്ണം 24-ൽ നിന്നും 32 ആയി ആദ്യമായി ഉയർത്തിയത്. ഫൈനലിൽ ശക്തരായ ബ്രസീലിനെ 3-0 ന് തകർത്ത് ഫ്രാൻസ് തങ്ങളുടെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി. കളിക്കാരെ മാറ്റുന്നതിനായി പരമ്പരാഗത ഫ്ലിപ്പ്- കാർഡുകൾക്ക് പകരം ഫോർത്ത് ഒഫീഷ്യൽമാർ ഇലക്ട്രോണിക് ബോർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഈ ലോകകപ്പിലാണ്.


98 fifa.png


വർണ്ണാഭമായ പന്ത്


ഫ്രഞ്ച് ദേശീയ പതാകയുടെ നിറങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഔദ്യോഗിക പന്തായ 'അഡിഡാസ് ട്രൈ കളർ' (Adidas Tricolore) ഒന്നിലധികം നിറങ്ങൾ ഉൾപ്പെടുത്തിയ ആദ്യ ലോകകപ്പ് പന്തായി മാറി.


തരംഗമായി ഗാനം


പ്രശസ്ത ഗായകൻ റിക്കി മാർട്ടിൻ പാടിയ ഔദ്യോഗിക ഗാനമായ 'ദി കപ്പ് ഓഫ് ലൈഫ്' (The Cup of Life) ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളിലൊന്നായി മാറി.


Adidas Tricolore.png


മാസ്മരിക ഗോളുകൾ


ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഡെന്നിസ് ബെർഗ്‌കാംപ് അവസാന നിമിഷം നേടിയ മാസ്മരിക ഗോളും ഇംഗ്ലണ്ടിന്റെ യുവതാരം മൈക്കൽ ഓവൻ അർജന്റീനയ്ക്കെതിരെ തന്നെ നേടിയ സോളോ ഗോളും ഈ ലോകകപ്പിലെ എക്കാലത്തെയും മികച്ച മുഹൂർത്തങ്ങളായിരുന്നു


Gabriel Batistuta.jpg

ബാറ്റിസ്റ്റ്യൂട്ടയുടെ ഹാട്രിക് റെക്കോർഡ്


ജമൈക്കയ്‌ക്കെതിരെ ഹാട്രിക് നേടിയ അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, രണ്ട് വ്യത്യസ്ത ലോകകപ്പുകളിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി മാറി (1994 ൽ ഗ്രീസിനെതിരെ അദ്ദേഹം ഹാട്രിക് നേടിയിരുന്നു).


ചരിത്രം കുറിച്ച് ആഫ്രിക്കൻ റഫറി


ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആഫ്രിക്കൻ റഫറിയായി മൊറോക്കക്കാരനായ സെയ്ദ് ബെൽഖോള (Said Belqola) മാറി


മനസ്സുനിറച്ച പെരുമാറ്റം


രാഷ്ട്രീയമായി കടുത്ത ഉത്കണ്ഠ നിറഞ്ഞതായിരുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള മത്സരമെങ്കിലും മത്സരത്തിന് മുൻപ് ഇരുടീമിലെയും കളിക്കാർ ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കുകയും പരസ്പരം പൂക്കൾ കൈമാറുകയും ചെയ്തത് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇതിന് ഇരു ടീമുകൾക്കും ഫിഫയുടെ ഫെയർ പ്ലേ അവാർഡ് ലഭിച്ചു.


ആദ്യത്തെ ഗോൾഡൻ ഗോൾ


അധിക സമയത്ത് ആദ്യം ഗോൾ നേടുന്ന ടീം ഉടനടി വിജയിക്കുന്ന 'ഗോൾഡൻ ഗോൾ' നിയമം ആദ്യമായി അവതരിപ്പിച്ചത് ഈ ടൂർണമെന്റിലാണ്. പരാഗ്വെയ്ക്കെതിരെ ഫ്രാൻസിന്റെ ലോറന്റ് ബ്ലാങ്ക് ആണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഗോൾഡൻ ഗോൾ നേടിയത്.


 ronaldo.jpg

റൊണാൾഡോയുടെ അസുഖം


ഫൈനലിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോയ്ക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വായിൽ നിന്നും നുരയും പതയും വന്നു. നാടകീയതകൾക്കൊടുവിൽ അവസാന നിമിഷം അദ്ദേഹത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതും ചർച്ചാവിഷയമായി. സ്പോൺസർമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സുഖമില്ലാത്ത അദ്ദേഹത്തെ കളിക്കളത്തിൽ ഇറക്കിയതെന്നു ഇന്നും കരുതപ്പെടുന്നു. ഫൈനലിൽ ഗോൾ നേടായില്ലെങ്കിലും നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ബ്രസീലിനെ ഫൈനലിൽ എത്തിച്ചതിന്റെ പേരിൽ മികച്ച കളിക്കാരനു ള്ള ഗോൾഡൻ ബോൾ കരസ്ഥമാക്കി


സുകറുടെ ഗോൾഡൻ ബൂട്ട്


ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ക്രൊയേഷ്യയുടെ ഡാവോർ സുകർ (Davor Šuker) ആറു ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി


ദിദിയെ ദെഷാം കപ്പെടുത്തു


ടൂർണമെന്റിൽ സിദാൻ, ലോറന്റ് ബ്ലാങ്ക്, മാഴ്സെൽ ദെസെയി എന്നീ മൂന്ന് പ്രധാന കളിക്കാർ വിവിധ ഘട്ടങ്ങളിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ഫ്രാൻസ് ലോകകപ്പ് ചാമ്പ്യന്മാരായി. മൂന്ന് റെഡ് കാർഡ്‌ ലഭിച്ചിട്ടും ലോക ചാമ്പ്യന്മാരായ ആദ്യ ടീമാണ് ഫ്രാൻസ്. ഫൈനലിൽ ഒരു കളിക്കാരൻ ചുവന്ന കാർഡ് കണ്ടു പുറത്തായിട്ടും (മാഴ്സെൽ ദെസെയി-Marcel Desailly) ടീം കപ്പെടുത്ത ആദ്യ സംഭവവും ഈ ടൂർണമെന്റിലായിരുന്നു


Didier Deschamps.jpg


ഫ്രാൻസിനായി ആകെ 142 മത്സരങ്ങൾ കളിച്ച ലിലിയൻ തുറാം (Lilian Thuram) ആകെ നേടിയത് രണ്ട് ഗോളുകൾ മാത്രമാണ്. ആ രണ്ട് ഗോളുകളും ഈ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിലെ നിർണായക വിജയത്തിലാണ് (2-1) പിറന്നത്. ഗ്രൂപ്പ് ഘട്ടത്തിലോ നോക്കൗട്ട് മത്സരങ്ങളിലോ ഒരൊറ്റ ഗോൾ പോലും നേടാതിരുന്ന സിനദിൻ സിദാൻ, ഫൈനലിൽ ബ്രസീലിനെതിരെ രണ്ട് തകർപ്പൻ ഹെഡ്ഡർ ഗോളുകൾ നേടി ഫ്രാൻസിന്റെ ഹീറോയായി മാറി.


ഫൈനലിന്റെ അവസാന മിനിറ്റിൽ പാട്രിക് വിയേരയുടെ പാസിൽ നിന്നും ഇമ്മാനുവൽ പെറ്റിറ്റ് (Emmanuel Petit) നേടിയ മൂന്നാം ഗോളോടെയാണ് ഫ്രാൻസ് ബ്രസിലിനെതിരെ ഈ ചരിത്ര വിജയം പൂർണ്ണമാക്കിയത്. ഉജ്വലമായി ടീമിനെ നയിച്ച് ദിദിയെ ദെഷാം (Didier Deschamps) ഫ്രാൻസിന് ആദ്യ കപ്പ് നേടിക്കൊടുത്തു. എമേ ജാക്കെ (Aimé Jacquet) ആയിരുന്നു പരിശീലകൻ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home