ad
Deshabhimani

ബ്രസീലിനായി മൈതാനത്ത് പറന്ന് നടന്ന കുഞ്ഞിക്കിളിയും ഉരുക്കു ചങ്കനും

brazil 1962 world cup.jpg

1962 ഫുട്ബോൾ ലോകകപ്പിലെ ബ്രസീൽ ടീം| photo credits facebook.com/fifaworldcup/posts

avatar
ജ്യോതിസ് [email protected]

Published on May 26, 2026, 02:53 PM | 2 min read

ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച് ലോകഫുട്ബോളിന്റെ നെറുകയിലെത്തിയ പ്രതിഭയാണ് മാനുവൽ ഫ്രാൻസിസ്കോ ഡോസ് സാന്റോസ് എന്ന ഗാരിഞ്ച. ജന്മനാ നട്ടെല്ലിന് വക്രതയും ഇരു കാലുകൾക്ക് നീള വ്യത്യാസവും ഉണ്ടായിരുന്നതിനാൽ വളഞ്ഞ കാലുകളോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈ പ്രത്യേകതയാണ് അദ്ദേഹത്തിന് Angel with Bent Legs (Anjo de Pernas Tortas- വളഞ്ഞ കാലുകളുള്ള മാലാഖ) എന്ന വിശേഷണം നേടിക്കൊടുത്തത്. ബ്രസീലിൽ കാണപ്പെടുന്ന ചെറിയ ഒരു പക്ഷിയുടെ പേരായ ഗാരിഞ്ച എന്ന വിളിപ്പേരിലാണ് അദ്ദേഹം ലോകമെമ്പാടും അറിയപ്പെട്ടത്.



വിങ്ങിലൂടെയുള്ള അതിവേഗ മുന്നേറ്റങ്ങൾ, പ്രവചനാതീതമായ ഡ്രിബ്ലിംഗ്, അനായാസ ബോൾ കൺട്രോൾ എന്നിവ അദ്ദേഹത്തെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളാക്കി. മികച്ച അസിസ്റ്റുകളും നിർണായക ഗോളുകളും വഴി ടീമിന്റെ വിജയത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ബ്രസീലിയൻ ഫുട്ബോളിലെ Jogo Bonito (നയനമനോഹരമായ കളി) എന്ന ആശയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. പെലെയോടൊപ്പം കളിച്ച കാലഘട്ടത്തിൽ ബ്രസീൽ ലോകഫുട്ബോളിൽ ആധിപത്യം പുലർത്തി. ഗാരിഞ്ചയും പെലെയും ഒരുമിച്ച് കളിച്ച 40 മത്സരങ്ങളിൽ ഒന്നിൽപ്പോലും ബ്രസീൽ തോറ്റിട്ടില്ല. അദ്ദേഹത്തെ Alegria do Povo (ജനങ്ങളുടെ സന്തോഷം) എന്നും വിശേഷിപ്പിക്കുന്നു .



ഗാരിഞ്ചയുടെ കരിയറിലെ ഏറ്റവും മഹത്തായ അധ്യായം 1962ലെ ചിലി ലോകകപ്പായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ പെലെക്ക് പരിക്കേറ്റതോടെ ബ്രസീലിന്റെ ഉത്തരവാദിത്വം ഗാരിഞ്ചയുടെ തോളിലായി. ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും അതുല്യ പ്രകടനം കാഴ്ചവെച്ച അദ്ദേഹം ബ്രസീലിനെ തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 1962 ലോകകപ്പിൽ ടോപ് സ്കോററുകളിൽ ഒരാളായി ഫിനിഷ് ചെയ്തു.



വ്യക്തിജീവിതം ഏറെ ദുരന്തഭരിതമായിരുന്നു. മദ്യാസക്തിയും പരിക്കുകളും കരിയറിനെയും ആരോഗ്യത്തെയും തകർത്തു. 1983ൽ, 49-ാം വയസ്സിൽ വിടവാങ്ങി. Botafogo de Futebol e Regatas ക്ലബിനായി നടത്തിയ അനശ്വര പ്രകടനങ്ങളും ബ്രസീലിന് സമ്മാനിച്ച രണ്ട് ലോകകപ്പ് കിരീടങ്ങളും കാരണം, ലോകഫുട്ബോളിൽ ഗാരിഞ്ച ഇന്നും അനശ്വരനായ പ്രതിഭയായി ഓർമ്മിക്കപ്പെടുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി Brasíliaയിലെ ദേശീയ സ്റ്റേഡിയത്തിന് Estádio Nacional Mané Garrincha എന്ന പേരും നൽകിയിട്ടുണ്ട്.



നിർണായക നിമിഷങ്ങളുടെ തമ്പുരാൻ


ബ്രസീലിന്റെ സുവർണ്ണതലമുറയിലെ ഏറ്റവും കരുത്തനായ സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു എഡ്വാൾഡോ ഇസിഡിയോ നെറ്റോ (Edvaldo Izidio Neto) എന്ന വാവ (Vavá). ശാരീരിക കരുത്തും നിർണായക മത്സരങ്ങളിലെ ഗോൾവേട്ടയും അദ്ദേഹത്തെ ലോകഫുട്ബോളിൽ വ്യത്യസ്തനാക്കി. അതുകൊണ്ടുതന്നെ ആരാധകർ അദ്ദേഹത്തെ പെയ്തോ ഡി അസോ (Peito de Aço/ Steel Chest/ ഉരുക്ക് ചങ്കൻ) എന്ന് വിളിച്ചു.



1958-ലും 1962-ലും നടന്ന തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിൽ ഗോളടിച്ചു. ഇന്നുവരെ വളരെ കുറച്ച് കളിക്കാർക്കേ രണ്ട് ലോകകപ്പ് ഫൈനലുകളിൽ സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ; അതിൽ തുടർച്ചയായ രണ്ട് ഫൈനലുകളിൽ ഈ നേട്ടം കൈവരിച്ച ഏക താരം ഇന്നും വാവ തന്നെയാണ്. സമ്മർദ്ദം കൂടുന്തോറും കൂടുതൽ അപകടകാരിയായ സ്ട്രൈക്കറായിരുന്നു വാവ.


1962ലെ ചിലി ലോകകപ്പിൽ പെലെ പരിക്കേറ്റ് പുറത്തായപ്പോഴും ഗാരിഞ്ചക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും ബ്രസീലിന്റെ ആക്രമണനിരയെ മുന്നോട്ട് നയിച്ചത് വാവയായിരുന്നു. ചെക്കോസ്ലോവാക്യ ക്കെതിരായ ഫൈനലിൽ നേടിയ നിർണായക ഗോൾ ബ്രസീലിനെ 3–1 വിജയത്തിലേക്കും തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്കും നയിച്ചു. 1962 ലോകകപ്പിലെ സംയുക്ത ടോപ് സ്കോറർമാരിൽ ഒരാളായും അദ്ദേഹം ഫിനിഷ് ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home