print edition ആദ്യം 22 ലക്ഷം വോട്ടിന് പിന്നിൽ; രണ്ടാം റൗണ്ടിൽ 44 ലക്ഷം ലീഡ്

Photo Credit: X/@LulaOficial
റിയോ ഡി ജനീറോ: ആദ്യവട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോ 22 ലക്ഷം വോട്ടുകളുടെ ലീഡ് നേടിയിരുന്നെങ്കിലും 50 ശതമാനം വോട്ടിലെത്താൻ കഴിയാത്തതിനാലാണ് രണ്ടാംവട്ടം (റൺഓഫ്) വോട്ടെടുപ്പ് വേണ്ടിവന്നത്. വെറും മൂന്നാഴ്ചയ്ക്കുള്ളിൽ ജനകീയ അടിത്തറ വിപുലീകരിച്ച് 44 ലക്ഷം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ ലുല നിർണായക വിജയം നേടി.
രണ്ട് ഘട്ടങ്ങൾക്കിടയിൽ 1.10 കോടി പുതിയ വോട്ടർമാരെ സ്വന്തം പക്ഷത്തേക്ക് എത്തിക്കാൻ ഇടതുപക്ഷ സഖ്യത്തിന് കഴിഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ അണിനിരത്തിയ സമാനതകളില്ലാത്ത മുന്നേറ്റത്തിൽ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്:
• വർധിച്ച ജനപങ്കാളിത്തം: വലതുപക്ഷ ഏകാധിപത്യത്തിനെതിരെ ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി. ആദ്യഘട്ടത്തെ അപേക്ഷിച്ച് 23 ലക്ഷത്തിലധികം അധികം വോട്ടർമാരാണ് രണ്ടാംവട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
• നിഷ്‌പക്ഷ വോട്ടുകളുടെ ഏകീകരണം: ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താതിരുന്നവരും അസാധു വോട്ടുകൾ നൽകിയവരുമായ ലക്ഷക്കണക്കിന് സാധാരണക്കാരെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ ലുലയ്ക്ക് കഴിഞ്ഞു. ഇത്തരം ബാലറ്റുകളിൽ 18 ലക്ഷത്തിന്റെ കുറവാണ് രണ്ടാംവട്ടത്തിൽ ഉണ്ടായത്. ഇവ ഇടതുപക്ഷത്തിന് അനുകൂലമായി.
• വലതുപക്ഷ ചേരിയിലെ വിള്ളൽ: ബോൾസനാരോയുടെ ജനവിരുദ്ധ-–കോർപ്പറേറ്റ് നയങ്ങളിൽ മനംമടുത്ത വലിയൊരു വിഭാഗം വോട്ടർമാരെ അവസാന നിമിഷം തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരാൻ ഇടതുപക്ഷത്തിന് സാധിച്ചു. വലതുപക്ഷ പാളയത്തിൽനിന്ന് വോട്ടുകൾ ചോർത്തിക്കൊണ്ടാണ് ലുല ഉജ്വല വിജയം പൂർത്തിയാക്കിയത്.
ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
1945 ഒക്ടോബർ 27: ബ്രസീലിലെ ദരിദ്രസംസ്ഥാനമായ പെർനാംബൂകോയിലെ കയേറ്റസ് ഗ്രാമത്തിൽ ജനിച്ചു. ഏഴാം വയസ്സിൽ അമ്മയോടും സഹോദരങ്ങളോടുമൊപ്പം സാവോപോളോയിലേക്ക് കുടിയേറി.
1959: പതിനാലാം വയസ്സിൽ ലോഹ ഫാക്ടറിയിൽ തൊഴിലാളിയായി. അവിടെവച്ച് ജോലിക്കിടെ ചെറുവിരൽ നഷ്ടമായി.
1975: തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽ സജീവമായ ലുല മെറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റായതോടെ രാഷ്‌ട്രീയത്തിൽ സജീവമായി.
1989: ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. 1994, 1998 വർഷങ്ങളിലും മത്സരിച്ച് പരാജയപ്പെട്ടു.
2002: തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന് ജയിച്ച് ആദ്യമായി ബ്രസീലിന്റെ പ്രസിഡന്റായി. ഇൗ സ്ഥാനത്ത് എത്തുന്ന ആദ്യതൊഴിലാളി നേതാവ്
2006: വിജയം ആവർത്തിച്ചു.
2018 ഏപ്രിൽ 7: ലുല വീണ്ടും പ്രസിന്റായി മത്സരിക്കുന്നതു തടയാൻ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് ജയിലിലടച്ചു. സുപ്രീംകോടതി ഇടപെടലിൽ 580 ദിവസത്തിനുശേഷം മോചനം.
2022: തീവ്ര വലതുപക്ഷ നേതാവായ ജയ്ർ ബോൾസൊനാരോയെ പരാജയപ്പെടുത്തി മൂന്നാംതവണയും ബ്രസീലിന്റെ പ്രസിഡന്റായി.
2026 ഒക്‌ടോബർ 26: ജയ്ർ ബോൾസനാരോയുടെ മകൻ ഫ്ലാവിയോ ജയർ ബോൾസനാരോയെ പരാജയപ്പെടുത്തി നാലാമതും പ്രസിഡന്റ് പദത്തിലേക്ക്.









0 comments