റൊണാൾഡോ എന്ന വിസ്മയം, കാൻ എന്ന അതിശയം

photo credits: facebook.com/fifaworldcup/posts
ജ്യോതിസ് [email protected]
Published on Jun 02, 2026, 12:18 PM | 2 min read
ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2002ലെ ഫിഫ ലോകകപ്പ് ഐതിഹാസികമായ പ്രകടനങ്ങൾക്കും വൻ അട്ടിമറികൾക്കും സാക്ഷ്യം വഹിച്ചു
ചരിത്രത്തിലാദ്യമായി ഏഷ്യയിലേക്ക് ഫുട്ബോൾ മാമാങ്കം എത്തി. ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് സംയുക്തമായി ആതിഥേയത്വം വഹിച്ച 2002ലെ ടൂർണമെന്റ്, രണ്ടു രാജ്യങ്ങളിൽ നടന്ന ആദ്യ ലോകകപ്പുമായിരുന്നു.

വ്യത്യസ്തമായ ഭാഗ്യചിഹ്നങ്ങൾ
പരമ്പരാഗതമായ മൃഗങ്ങൾക്കോ മറ്റോ രൂപങ്ങൾക്കോ പകരം, കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെ നിർമ്മിച്ച അതോ, കാസ്, നിക്ക് എന്നീ മൂന്ന് രൂപങ്ങളായിരുന്നു ഭാഗ്യചിഹ്നങ്ങൾ.

ഫ്രാൻസ്, അര്ജന്റീന… ടാറ്റാ ബൈ ബൈ
നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാനാകാതെ അവസാനക്കാരായി പുറത്തായി. ഉദ്ഘാടന മത്സരത്തിൽ, ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ സെനഗൽ ഫ്രാൻസിനെ 1-0ന് പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ചു. പാപ്പ ബൂബ ദിയോപ്പ് ആണ് വിജയ ഗോൾ നേടിയത്. ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അർജന്റീനയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി. മറ്റൊരു വൻ അട്ടിമറിയിൽ അമേരിക്ക ശക്തരായ പോർച്ചുഗലിനെ പരാജയപ്പെടുത്തുകയും ചെയ്തു (3-2).

കൊറിയ സെമിഫൈനലിൽ
പരിശീലകൻ ഗുസ് ഹിഡിങ്കിന്റെ കീഴിലിറങ്ങിയ ദക്ഷിണ കൊറിയ പോർച്ചുഗലിനെയും ഇറ്റലിയെയും, സ്പെയിനിനെയും വീഴ്ത്തി സെമി ഫൈനലിൽ എത്തി. സെമിയിൽ എത്തുന്ന ആദ്യ ഏഷ്യൻ ടീം എന്ന ചരിത്രവും കുറിച്ചു.
തുർക്കിയുടെ വെങ്കലവും വേഗമേറിയ ഗോളും
മികച്ച പ്രകടനം പുറത്തെടുത്ത തുർക്കിയാകട്ടെ ദക്ഷിണ കൊറിയയെ 3-2ന് വീഴ്ത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു. കളി തുടങ്ങി വെറും 11 സെക്കൻഡിനുള്ളിൽ തുർക്കിയുടെ ഹകാൻ സുകുർ ഗോൾ നേടി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ ഇതാണ്.

അവസാനത്തെ ഗോൾഡൻ ഗോൾ
'ഗോൾഡൻ ഗോൾ' നിയമം നടപ്പിലാക്കിയ അവസാന ലോകകപ്പായിരുന്നു ഇത്. പ്രീ ക്വാർട്ടറിൽ സ്വീഡനെതിരെ സെനഗലും ഇറ്റലിക്കെതിരെ ദക്ഷിണ കൊറിയയും ഈ നിയമത്തിലൂടെയാണ് വിജയം നേടിയത്. നിലവിലെ ചാമ്പ്യന്മാർക്ക് അടുത്ത ലോകകപ്പിലേക്ക് നേരിട്ടുള്ള യോഗ്യത ലഭിച്ച അവസാന ലോകകപ്പും ഇതായിരുന്നു.
ഇരട്ട സെൽഫ് ഗോളുകൾ
യുഎസ്എയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിൽ പോർച്ചുഗലിന്റെ ജോർജ് കോസ്റ്റയും അമേരിക്കയുടെ ജെഫ് അഗൂസും ഒരേ മത്സരത്തിൽ സെൽഫ് ഗോളുകൾ വഴങ്ങി. ലോകകപ്പ് ചരിത്രത്തിൽ ഇരുടീമുകളും ഒരേ മത്സരത്തിൽ സെൽഫ് ഗോൾ നേടുന്നത് ഇതാദ്യമായിരുന്നു.

റൊണാൾഡീഞ്ഞോയുടെ ഇല കൊഴിയും കിക്ക്
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ, ഇംഗ്ലീഷ് ഗോളി ഡേവിഡ് സീമാനെ അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരനാക്കി റൊണാൾഡീഞ്ഞോ നേടിയ ഫ്രീ കിക്ക് ഗോൾ ഈ ലോകകപ്പിലെ എക്കാലത്തെയും മികച്ച നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കാറ്റിൽ ഇല പാറി വീഴുന്നതുപോലെ പന്ത് വലയിലേക്ക് ഇറങ്ങിവരുന്ന ഫോളിയ സെക്ക (Folha Seca) എന്നു വിളിക്കപ്പെടുന്ന ഈ മാന്ത്രിക ഗോൾ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.

റൊ-റൊ-റി
റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നീ മൂന്ന് ഇതിഹാസ താരങ്ങളുടെ മുന്നേറ്റനിരയായിരുന്നു ബ്രസീലിന്റെ പ്രധാന കരുത്ത്. ടൂർണമെന്റിൽ എട്ടു ഗോളുകൾ നേടി റൊണാൾഡോ (Ronaldo Luís Nazário de Lima) ഗോൾഡൻ ഷൂ സ്വന്തമാക്കി.
കഫുവിന്റെ അപൂർവ്വ ഫൈനൽ നേട്ടം
ബ്രസീലിയൻ ക്യാപ്റ്റൻ കഫു തുടർച്ചയായ തന്റെ മൂന്നാമത്തെ ലോകകപ്പ് ഫൈനൽ മത്സരമാണ് ഈ ടൂർണമെന്റിൽ കളിച്ചത്. ഈ അപൂർവ്വ നേട്ടം കൈവരിച്ച ആദ്യ കളിക്കാരൻ ഇദ്ദേഹമാണ്. ഈ റെക്കോർഡ് തകർന്നിട്ടില്ല.

ഫൈനൽ പോരാട്ടവും അഞ്ചാം കിരീടവും
ലോകകപ്പ് 32 ടീമുകളുടെ ഫോർമാറ്റിലേക്ക് മാറിയ ശേഷം 100 ശതമാനം വിജയത്തോടെ കിരീടം നേടുന്ന ആദ്യ ടീം ബ്രസീലാണ്. കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ച അവർ, കലാശപ്പോരാട്ടത്തിൽ ജർമനിയെ 2-0ന് പരാജയപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ അഞ്ച് തവണ കിരീടം നേടുന്ന ഒരേയൊരു രാജ്യമായി ബ്രസീൽ ചരിത്രം കുറിച്ചത് ഈ ഫൈനൽ വിജയത്തോടെയാണ്.

സുവർണ്ണ പന്തുനേടി ഒലിവർ കാൻ
ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം ജർമനിയുടെ ഇതിഹാസ ഗോൾകീപ്പർ ഒലിവർ കാൻ സ്വന്തമാക്കി. ഫൈനൽ വരെ കേവലം ഒരു ഗോൾ മാത്രം വഴങ്ങിയ അദ്ദേഹം, ലോകകപ്പ് ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഗോൾകീപ്പറാണ്.










0 comments