ad
Deshabhimani

മിക്കള്‍സിന്റെ ടോട്ടൽ ഫുട്ബോളും ക്രൈഫ് ടേണും; വിസ്മയം തീർത്ത് ഡച്ച് പട

1974 fifa world cup netherlands TEAM.JPG
avatar
ജ്യോതിസ് [email protected]

Published on May 29, 2026, 09:12 PM | 3 min read

പരമ്പരാഗത ക്വാർട്ടർ ഫൈനലുകൾക്ക് പകരം രണ്ട് ഗ്രൂപ്പ് ഘട്ടങ്ങൾ ഉൾപ്പെടുത്തിയ സവിശേഷ ഫോർമാറ്റ് 1974ലെ ലോക കപ്പിലാണ് പരീക്ഷിച്ചത്. പുത്തൻ ഫിഫ ട്രോഫിയും അരങ്ങേറി.



1974ലെ ലോകകപ്പിലാണ് ഫുട്ബോൾ ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച 'ടോട്ടൽ ഫുട്ബോൾ' (Total Football/ഡച്ച് ഭാഷയിൽ- Totaalvoetbal) എന്ന വിപ്ലവകരമായ തന്ത്രവുമായി നെതർലൻഡ്സ് അവതരിച്ചത്. ഡച്ച് പരിശീലകനായ റീനസ് മിക്കള്‍സ് (Rinus Michels) രൂപകൽപ്പന ചെയ്ത ഈ ശൈലി, മൈതാനത്തെ പരമ്പരാഗത പൊസിഷൻ രീതികളെ പാടെ തകിടം മറിക്കുന്നതായിരുന്നു. ഗോൾകീപ്പർ ഒഴികെ ബാക്കി പത്ത് കളിക്കാർക്കും ഡിഫെൻഡറായും മിഡ്ഫീൽഡറായും ഫോർവേഡായും ഒരുപോലെ കളിക്കാൻ കഴിയുന്നതായിരുന്നു ഇതിന്റെ പ്രത്യേകത. മൈതാനത്ത് ഒരു കളിക്കാരൻ തന്റെ സ്ഥാനത്തുനിന്ന് മുന്നോട്ട് കയറുമ്പോൾ, ആ ഒഴിവ് മറ്റൊരു കളിക്കാരൻ തൽക്ഷണം നികത്തുന്നതായിരുന്നു ഈ വിപ്ലവകരമായ കളിരീതി.


fifa 1974 netherlands.jpg


മൈതാനത്ത് റീനസ് മിക്കള്‍സിന്റെ ഈ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കിയ ബുദ്ധികേന്ദ്രം ഇതിഹാസ താരം യൊഹാൻ ക്രൈഫ് (Johan Cruyff) ആയിരുന്നു. ഒരു സെന്റർ ഫോർവേഡ് ആയിരുന്നെങ്കിലും കളിക്കളത്തിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിച്ച് കളി നിയന്ത്രിക്കാനുള്ള അപൂർവ മികവ് അദ്ദേഹം പുലർത്തിയിരുന്നു. സ്വീഡനെതിരായ മത്സരത്തിലാണ് അദ്ദേഹം തന്റെ വിഖ്യാതമായ ക്രൈഫ് ടേൺ (Cruyff Turn) ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. പാസ് നൽകുന്നതായി അഭിനയിച്ച് നിൽക്കുന്ന കാലിന് പിന്നിലൂടെ പന്ത് വലിച്ചെടുത്ത് പെട്ടെന്ന് തിരിയുന്ന തനത് ശൈലിയായിരുന്നു അത്.


ഫൈനലിൽ പശ്ചിമ ജർമനിയോട് നെതർലൻഡ്സ് പരാജയപ്പെട്ടെങ്കിലും കിരീടം നേടിയ ടീമിനേക്കാൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചതും ആധുനിക ഫുട്ബോളിന് അടിത്തറ പാകിയതും യൊഹാൻ ക്രൈഫിന്റെയും റീനസ് മിക്കള്‍സിന്റെയും ഈ ‘ടോട്ടൽ ഫുട്ബോൾ’ ശൈലിയായിരുന്നു.




പുത്തൻ ട്രോഫിയും ടെൽസ്റ്റാറിന്റെ രണ്ടാം വരവും


1970ൽ ബ്രസീൽ മൂന്നാം തവണയും ലോകകപ്പ് നേടിയതോടെ വിഖ്യാതമായ യൂൾ റിമേ ട്രോഫി അവർക്ക് സ്വന്തമായി. തുടർന്ന്, ഇറ്റാലിയൻ ശിൽപി സിൽവിയോ ഗസ്സാനിഗ (Silvio Gazzaniga) രൂപകൽപ്പന ചെയ്ത പുതിയ സ്വർണ ട്രോഫി ഈ ലോകകപ്പിലാണ് ആദ്യമായി അവതരിപ്പിച്ചത്. 1970ൽ ഉപയോഗിച്ച അഡിഡാസിന്റെ ക്ലാസിക് കറുപ്പും വെളുപ്പും കലർന്ന ടെൽസ്റ്റാർ (Telstar) പന്ത്, കൂടുതൽ മെച്ചപ്പെടുത്തി ഈ ടൂർണമെന്റിലും ഉപയോഗിച്ചു.


fifa trophy.png


ആദ്യ ചുവപ്പ് കാർഡ്


മഞ്ഞ, ചുവപ്പ് കാർഡുകൾ 1970ൽ അവതരിപ്പിച്ചെങ്കിലും ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു കളിക്കാരന് നേരിട്ട് ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയത് 74ലെ ലോകകപ്പിലായിരുന്നു. പശ്ചിമ ജർമനിക്കെതിരായ മത്സരത്തിൽ ചിലി താരം കാർലോസ് കാസെലി (Carlos Caszely) ആണ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ആദ്യ കളിക്കാരൻ.


ആദ്യ ഡോപ്പിങ് വിലക്ക്


ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഉത്തേജക മരുന്ന് (doping) പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹെയ്തിയുടെ ഏണസ്റ്റ് ജീൻ-ജോസഫ് (Ernst Jean-Joseph) ടൂർണമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടു.


East or West, Jürgen is the Best


1974 ജൂൺ 22ന് ഹാംബർഗിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ശക്തരായ പശ്ചിമ ജർമനിയെ കന്നി ലോകകപ്പ് കളിച്ച കിഴക്കൻ ജർമനി 1-0ന് അട്ടിമറിച്ചു. 77-ാം മിനിറ്റിൽ യൂർഗൻ സ്പാർവാസർ (Jürgen Sparwasser) നേടിയ ഏക ഗോൾ ചരിത്രവിജയം സമ്മാനിച്ചു. ശീതയുദ്ധകാലത്ത് ഈ വിജയം കിഴക്കൻ ജർമനിയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വലിയ രാഷ്ട്രീയ പ്രചാരണായുധമായി ഉപയോഗിച്ചു. സ്പാർവാസർ ഒറ്റരാത്രികൊണ്ട് കമ്മ്യൂണിസ്റ്റ് ഹീറോയായി മാറുകയും ചെയ്തു.


തോൽവി പശ്ചിമ ജർമനിക്ക് വലിയ നാണക്കേടായെങ്കിലും ക്യാപ്റ്റൻ ഫ്രാൻസ് ബെക്കൻബോവറുടെ നേതൃത്വത്തിൽ ടീം ശക്തമായി തിരിച്ചുവന്ന് അതേ ലോകകപ്പ് കിരീടം തന്നെ നേടി. മറുവശത്ത്, കിഴക്കൻ ജർമനി വിജയത്തെ പ്രത്യയശാസ്ത്ര വിജയമായി ആഘോഷിച്ചു. എന്നാൽ പിന്നീട് സ്പാർവാസർ, ബെർലിൻ മതിൽ വീഴുന്നതിന് തൊട്ടുമുമ്പ് 1988ൽ പശ്ചിമ ജർമനിയിലേക്ക് പോയി.


അതിജീവനത്തിനായി ഒരു കിക്ക്


1974 ലോകകപ്പിൽ ബ്രസീലിനെതിരായ മത്സരത്തിൽ സയർ (ഇന്നത്തെ ഡി ആർ കോംഗോ) താരം മ്വേപു ഇലുങ്ക (Mwepu Ilunga) നടത്തിയ ഫ്രീകിക്ക് ക്ലിയറൻസ് ഫുട്ബോൾ ചരിത്രത്തിലെ വിചിത്രമായ നിമിഷങ്ങളിലൊന്നാണ്. ബ്രസീൽ ഫ്രീകിക്ക് എടുക്കാൻ നിൽക്കവെ, ഇലുങ്ക പ്രതിരോധ മതിലിൽ നിന്ന് ഓടിവന്ന് പന്ത് ദൂരേക്ക് അടിച്ചുമാറ്റുകയായിരുന്നു. ഫുട്ബോൾ നിയമമറിയാത്ത താരത്തിന്റെ അബദ്ധമായി ലോകം വർഷങ്ങളോളം ഇതിനെ പരിഹസിച്ചു.


എന്നാൽ ഇതിന് പിന്നിൽ ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമുണ്ടായിരുന്നു. ബ്രസീലിനോട് മൂന്ന് ഗോളിലധികം വഴങ്ങിയാൽ ജീവനോടെ നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന സയർ സ്വേച്ഛാധിപതി മോബുട്ടു സെസെ സെക്കോയുടെ (Mobutu Sese Seko) ഭീഷണിയായിരുന്നു കാരണം. സമയം കളയാനും ബ്രസീൽ താരങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ഇലുങ്ക ബോധപൂർവ്വം ചെയ്തതായിരുന്നു ആ നീക്കം. അത്യധികമായ മാനസിക സമ്മർദ്ദം കാരണം, ചുവപ്പുകാർഡ് കണ്ട് പുറത്താകാൻ വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.




ഗ്രാൻഡ് ഫിനാലെ


ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെനാൽറ്റി അനുവദിക്കപ്പെട്ടു. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ, ജർമൻ കളിക്കാർ പന്ത് തൊടുന്നതിന് മുൻപ് തന്നെ നെതർലൻഡ്സ് പെനാൽറ്റി നേടിയെടുക്കുകയും, യോഹാൻ നീസ്കെൻസ് (Johan Neeskens) ഗോളാക്കി മാറ്റുകയും ചെയ്തു. ഇപ്പോൾ വരെ ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോളാണിത് (90 സെക്കൻഡി നുള്ളിൽ). എന്നാൽ പശ്ചിമ ജർമനി ശക്തമായി തിരിച്ചടിച്ച് 2-1 ന് മത്സരം ജയിച്ച് കിരീടം ചൂടി.


ലോകകപ്പിൽ സ്വർണം, വെള്ളി, വെങ്കലം എന്നീ മൂന്ന് മെഡലുകളും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരായി സെപ്പ് മെയർ (Sepp Maier), ഫ്രാൻസ് ബെക്കൻബോവർ (Franz Anton Beckenbauer), വോൾഫ്ഗാങ് ഓവറാത്ത് (Wolfgang Overath), യൂർഗൻ ഗ്രാബോവ്സ്കി (Jürgen Grabowski), ഹോർസ്റ്റ്-ഡീറ്റർ ഹോട്ട്ഗെസ് (Horst-Dieter Höttges) എന്നീ അഞ്ച് ജർമൻ താരങ്ങൾ മാറി. പിന്നീട് ജർമനിയുടെ തന്നെ മിറോസ്ലാവ് ക്ളോസേ നല് മെഡലുകൾ നേടി ഈ റെക്കോർഡ് തിരുത്തി. (ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം). പോളണ്ടിന്റെ ലാറ്റോ (Grzegorz Lato) ഏഴ് ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ്പ് സ്കോററായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home