print edition യതിയുടെ പിൻഗാമിയായി ഗുരുകുല അധ്യക്ഷൻ

മുനി നാരായണപ്രസാദ്

ഡി കെ അഭിജിത്
Published on Apr 26, 2026, 12:00 AM | 1 min read
നാരായണപ്രസാദ് സന്യാസം സ്വീകരിച്ചതുപോലെതന്നെ യാദൃച്ഛികമായാണ് നാരായണ ഗുരുകുലത്തിന്റെ നേതൃനിരയിലെത്തിയത്. നടരാജഗുരു പിന്മുറക്കാരായി കണ്ടവരിൽ ഒരാളായ മംഗളാനന്ദസ്വാമിയുടെ വിയോഗം 1967ൽ അപ്രതീക്ഷിതമായിരുന്നു. ഗുരുകുലത്തിന്റെ രീതിയനുസരിച്ച് നിലവിലെ ഗുരു മൂന്നു പിന്മുറക്കാരെ തീരുമാനിക്കും. മംഗളാനന്ദസ്വാമിയുടെ വിയോഗത്തോടെ ജോൺ സ്‌പിയേഴ്‌സ്, നിത്യചൈതന്യ യതി എന്നിവർമാത്രമായി. 1970ൽ ജോൺ സ്‌പിയേഴ്‌സ് ഗുരുകുലം വിട്ടുപോയി. പരമ്പരയിൽ യതിമാത്രമായി. ഒരാൾകൂടിയെങ്കിലും വേണമെന്നായി നടരാജഗുരു. നോക്കിയിട്ട് ആരെയും കണ്ടുമില്ല. അങ്ങനെ ‘കുട്ടികളുടെ ഇടയിൽ കുട്ടിയായി ജീവിച്ച’ നാരായണപ്രസാദിനെ നടരാജഗുരു അനന്തരാവകാശികളിൽ ഒരാളാക്കി രജിസ്റ്റർ ചെയ്‌തു. 1999ൽ നിത്യചൈതന്യ യതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി മാറി.
രണ്ടു ഗുരുക്കന്മാരുമായുണ്ടായിരുന്ന സമ്പർക്കവും അടുപ്പവും തനിക്ക് കരുത്തായി എന്ന് അദ്ദേഹം പറയുമായിരുന്നു. അവരുടെ ശിക്ഷണം സവിശേഷതയുള്ളതായിരുന്നു. ക്ലാസുകളിൽ വെറുതെ തത്വം പറയുകയല്ല; ചാർട്ടൊക്കെ ഉണ്ടാക്കി ബ്ലാക്ക് ബോർഡിൽ വരച്ച് മനസ്സിലാക്കിക്കുന്ന പഠനരീതിയാണ് ഇരുവരും അവലംബിച്ചത്. മുനിയും അതേരീതിയിൽ പഠിപ്പിച്ചു. അങ്ങനെ നേടിയ വിദ്യാഭ്യാസം മാത്രമായിരുന്നു മുനിയുടെ സമ്പത്ത്. പാരിസിലെ സോർബോൺ സർവകലാശാലയിൽ പഠിച്ച നടരാജഗുരുവിനെപ്പോലെയോ വിദേശ സർവകലാശാലകളിലടക്കം പഠിപ്പിച്ചിട്ടുള്ള നിത്യചൈതന്യ യതിയെപ്പോലെയോ ഉന്നതവിദ്യാഭ്യാസമൊന്നും നേടാൻ നാരായണപ്രസാദിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, അതൊരു പ്രതിസന്ധിയായി മാറിയതുമില്ല. മുനി നാരായണപ്രസാദ് എല്ലാ അർഥത്തിലും ഗുരുകുലത്തിന്റെ സൃഷ്‌ടിയായിരുന്നു.
നൂറുവർഷം പിന്നിട്ട ഗുരുകുലത്തെ പോറലേൽപ്പിക്കാതെ, ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് അണുവിടമാറാതെ നയിച്ചു ഈ ജ്ഞാനവൃദ്ധൻ. നാരായണഗുരുവിന്റെ ചിന്തകൾക്ക് ഏത് ആധുനിക കാലത്തോടും ഒത്തുചേർന്നുനിൽക്കാൻ കഴിവുണ്ട് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. കാരണം, അത് പരമമായ സത്യത്തെ തേടലാണ്. ഭൗതികത ഒരുവശത്തും ആധ്യാത്മികത മറുവശത്തുമായി വരുന്ന സത്യദർശനമാണത് മുന്നോട്ടുവയ്‌ക്കുന്നത്. നടരാജഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഇന്റഗ്രേറ്റഡ് സയൻസ്'. നാരായണഗുരു പറഞ്ഞതും അതുതന്നെ.










0 comments