ad
Deshabhimani

ലോകാരോഗ്യ സംഘടനയെ തകര്‍ക്കാൻ ട്രംപ് ഭരണകൂടം, പിൻമാറ്റ പ്രഖ്യാപനവുമായി മുന്നോട്ട്

v
വെബ് ഡെസ്ക്

Published on Feb 02, 2026, 04:37 PM | 3 min read

വാഷിങ്ടൺ:ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനവുമായി അമേരിക്ക മുന്നോട്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി തുടര്‍ന്നു വരുന്ന ആഗോള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിൽ വലിയ ആശങ്കകൾ ഉയര്‍ത്തിയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.


അമേരിക്ക ഡബ്ല്യൂഎച്ച്ഓയ്ക്ക് വേണ്ടി മറ്റ് രാജ്യങ്ങളെക്കാൾ കൂടുതലായി പണം ചെലവഴിക്കേണ്ടി വരുന്നു എന്ന ന്യായം മുൻനിര്‍ത്തിയാണ് തീരുമാനം പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം,കോവിഡ്-19മഹാമാരിയോട് ഡബ്ലൂ എച്ച് ഓ പ്രതികരിച്ച രീതി പരാജയപ്പെട്ടതാണെന്നും വാദിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് ചൈനയെ ലക്ഷ്യമാക്കിയുള്ള ട്രംപ് നീക്കം ലക്ഷ്യം കാണാതെ പോയിരുന്നു. ഇതിന് ശേഷം, സംഘടനയ്ക്ക് ഉത്തരവാദിത്വവും സുതാര്യതയും ഇല്ലായിരുന്നുവെന്നും ട്രംപ് ഭരണകൂടം ഇടക്കാലത്ത് ആരോപണം ഉയര്‍ത്തി.


കോവിഡ്-19ന്റെ ഉത്ഭവം ഇപ്പോഴും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ചര്‍ച്ചകളിൽ കുരുക്കകയാണ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി നയിക്കുന്ന യുഎസ് ഹൗസിലെ Select Subcommittee on the Coronavirus Pandemic റിപ്പോർട്ട് കോവിഡ്-19 ചൈനയിലെ വുഹാനിലുള്ള ലബോറട്ടറിയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കാൻ ശ്രമിച്ചു.


യുഎന്നിന് കീഴിലുള്ള ലോക ആരോഗ്യ സംഘടനയുടെ ഏറ്റവും വലിയ ധനദായകരിൽ ഒന്നാണ് അമേരിക്ക. 2023ൽ അമേരിക്കയുടെ സംഭാവന യൂറോപ്യൻ കമ്മീഷനേക്കാൾ ഏകദേശം മൂന്നിരട്ടി ആയിരുന്നു. രണ്ടാമത്തെ വലിയ ദാതാവായ ജർമ്മനിയെക്കാൾ ഏകദേശം 50ശതമാനം കൂടുതലുമായിരുന്നു ഇത്.


അംഗത്വം, ഭരണ പങ്കാളിത്തം, ഫണ്ടിംഗ് സംഭാവനകൾ എന്നിവ അവസാനിപ്പിച്ചുകൊണ്ട്, നിയമപരമായ പിൻവലിക്കൽ പ്രക്രിയ ആരംഭിച്ചതായി ജനുവരിയിൽ അമേരിക്ക പ്രഖ്യാപിച്ചു.


"അമേരിക്കൻ ദേശീയ താൽപ്പര്യങ്ങൾ, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി അല്ലെങ്കിൽ പരമാധികാരം എന്നിവയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന 35 ഐക്യരാഷ്ട്രസഭ (UN) ഇതര സംഘടനകളിലും 31 ഐക്യരാഷ്ട്രസഭാ സ്ഥാപനങ്ങളിലും പങ്കെടുക്കുന്നതും ധനസഹായം നൽകുന്നതും നിർത്താൻ ആവശ്യപ്പെടുന്നു"- എന്നാണ് ട്രംപ് ഭരണകൂടം രാജ്യത്തെ എല്ലാ എക്സിക്യൂട്ടീവ് വകുപ്പുകൾക്കും ഏജൻസികൾക്കും നൽകിയ മെമ്മോറാണ്ടത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഇതിന് മറുപടി നൽകിയിട്ടുണ്ട്. (പ്രതികരണം)


പിൻവാങ്ങലിന് പിന്നിലെ യു എസ് തന്ത്രം


കരാര്‍ മിക്ക രാജ്യങ്ങൾക്കും സംഘടനയിൽ നിന്ന് പിന്മാറാൻ കഴിയില്ല. സംഘടനയിൽ ചേരാനുള്ള കരാറിൽ അത്തരമൊരു വ്യവസ്ഥയില്ല ഉണ്ടായിരുന്നില്ല. എന്നാൽ അമേരിക്ക,സംഘടനയിൽ ചേരുമ്പോൾ തന്നെ ഒരു പ്രത്യേക വ്യവസ്ഥ തന്ത്രപൂര്‍വ്വം ഉൾപ്പെടുത്തിയിരുന്നു. അതനുസരിച്ച്ഒ രു വർഷത്തെ മുൻകൂട്ടി നോട്ടീസും ബാക്കി കുടിശ്ശികകളും അടച്ചാൽ പിന്മാറാൻ കഴിയുമായിരുന്നു. ഇതാണ് ട്രംപ് സമ്മര്‍ദ്ദ തന്ത്രമായി ഉപയോഗിച്ചത്.


ട്രംപ് രണ്ടാമതും അധികാരമേറ്റതിന് ശേഷം അമേരിക്ക പിൻവലിക്കൽ നോട്ടീസ് നൽകി. എന്നാൽ 2024-25കാലയളവിനുള്ള ഏകദേശം 260ദശലക്ഷം ഡോളർ കുടിശ്ശിക ഇപ്പോഴും WHOയ്ക്ക് നൽകാനുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും തീർപ്പാകാതെ നീട്ടിക്കൊണ്ടു പോകുകയാണ്. കുടിശ്ശിക തീര്‍ക്കാതെ പുറത്ത് പോകാൻ കഴിയില്ല. എന്നാൽ അവര്‍ തുടര്‍ സഹായങ്ങൾ നൽകുന്നുമില്ല. 194 അംഗരാജ്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഏജൻസിയാണ് WHO.


ആഗോള സംഘടനകളെ കൈപ്പിടിയിലാക്കാൻ


അമേരിക്കയുടെ പിന്മാറ്റം വിദേശത്തും ആഭ്യന്തരമായും പൊതുആരോഗ്യത്തെ ദുർബലപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയൽ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് നിയന്ത്രണം, പ്രകൃതി ദുരന്തങ്ങളോടുള്ള പ്രതികരണം, മരുന്നുകളും ആരോഗ്യ സേവനങ്ങളും നൽകൽ, ദീർഘകാല രോഗങ്ങൾ തടയൽ എന്നിവയാണ് WHO യുടെ പ്രധാന മുൻഗണനകൾ. ഇത്തരം വെല്ലുവിളികൾ അതിർത്തികൾ കടന്നുള്ള ഏകോപനം ആവശ്യപ്പെടുന്നതാണെന്ന് ഇതുവരെയുള്ള ലോക അനുഭവങ്ങൾ തെളിയിക്കുന്നു.


ധനസഹായം നഷ്ടപ്പെടുന്നത് സംഘടനയുടെ പ്രവർത്തനങ്ങളെ ഉടൻ തന്നെ ബാധിക്കും. ഫണ്ടിംഗ് കുറവിന്റെ പശ്ചാത്തലത്തിൽ 2026 വേനൽക്കാലത്തോടെ ഏകദേശം 2,300 ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിട്ടതായി ജീവനക്കാർക്ക് യു എൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘടനയുടെ മൊത്തം തൊഴിലാളി ശക്തിയുടെ നാലിലൊന്നാണിത്. സംഘടനയ്ക്ക് കീഴിലുള്ള പത്ത് വിഭാഗങ്ങൾ നാലായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.


അമേരിക്കൻ വിദഗ്ധർ WHO യുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇബോള പകർച്ചവ്യാധികൾ നിയന്ത്രിച്ചത്, ലോകവ്യാപകമായി എംപോക്സ് നേരിട്ടത്, റുവാണ്ടയിലും എത്യോപ്യയിലും മാർബർഗ് വൈറസ് പടരുന്നത് തടഞ്ഞത് എന്നിവ ഇതിൽപ്പെടുന്നു. മാർബർഗും ഇബോളയും ശരാശരി 50ശതമാനം മരണനിരക്കുള്ള വൈറസുകളായതിനാൽ മഹാമാരിയായി മാറുന്നതിന് മുമ്പ് അവയെ നിയന്ത്രിച്ചത് നിർണായകമായിരുന്നു. സാമ്പത്തിക സഹായം മാത്രമല്ല ഇത്തരത്തിൽ ശാസ്ത്ര സാങ്കേതിക സഹായങ്ങളെയും പരോക്ഷമായി ഉപരോധിക്കയാണ്.


un

ദീർഘകാല പ്രത്യാഘാതങ്ങൾ


WHOയിൽ നിന്ന് പിന്മാറുന്നതോടെ, 1952മുതൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇൻഫ്ലുവൻസ സർവെയിലൻസ് ആൻഡ് റെസ്പോൺസ് സിസ്റ്റത്തിൽ നിന്ന് അമേരിക്ക പുറത്താകും. ഇത് വാർഷിക ഫ്ലൂ വാക്‌സിൻ തയ്യാറെടുപ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ലോകമെമ്പാടുമുള്ള ഡാറ്റ ശേഖരിച്ച് WHOസംഘടിപ്പിക്കുന്ന വിദഗ്ധ സമിതികൾ വർഷത്തിൽ രണ്ടുതവണ ഫ്ലൂ വാക്‌സിനുകളിൽ ഉൾപ്പെടുത്തേണ്ട വൈറസ് വകഭേദങ്ങളെക്കുറിച്ച് ശുപാർശകൾ നൽകാറുണ്ട്.


ഇനിയും WHOയുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ നിർമ്മാതാക്കൾക്ക് ലഭിക്കാമെങ്കിലും,അമേരിക്കൻ ഡാറ്റ സംഭാവനയും വിദഗ്ധരുടെ നേരിട്ടുള്ള പങ്കാളിത്തവും കുറയും. ഇതോടെ WHOശുപാർശകളും അമേരിക്കൻ ആരോഗ്യ അധികാരികളുടെ നിർദേശങ്ങളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.


തിരിച്ചടി അമേരിക്കൻ ജനതയ്ക്കും


സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം,അമേരിക്കയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് പേർക്ക് ഫ്ലൂ ബാധിക്കുകയും,ലക്ഷക്കണക്കിന് ആളുകൾ ആശുപത്രിയിലാകുകയും, പതിനായിരക്കണക്കിന് പേർ മരിക്കുകയും ചെയ്യുന്നു. മുൻകൂട്ടി തയ്യാറെടുക്കാനുള്ള ശേഷി കുറയുന്നത് അമേരിക്കയിൽ തന്നെ കൂടുതൽ ആശുപത്രിവാസത്തിനും മരണങ്ങൾക്കും ഇടയാക്കുമെന്നാണ് ആശങ്ക.


ദശകങ്ങളായി ആഗോളാരോഗ്യ രംഗത്തെ നേതൃസ്ഥാനമാണ് അമേരിക്ക കയ്യാളിയിരുന്നത്. ആ സ്ഥാനം ഉപേക്ഷിക്കുന്നത്, ഭാവിയിലെ പൊതുആരോഗ്യ പ്രതിസന്ധികളിലും കോവിഡ്-19പോലുള്ള സാഹചര്യങ്ങളിലും ബഹുരാഷ്ട്ര തലങ്ങളിലുള്ള പ്രതികരണങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.


നേതൃനിരയിലേക്ക് ചൈന വരുമോ


ചൈന ഈ അവസരം ഉപയോഗപ്പെടുത്തി WHOയിൽ സ്വാധീനം വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് ഗാസ ബോര്‍ഡ് ഓഫ് പീസിനെ ബദലായി വളര്‍ത്താൻ അമേരിക്ക ശ്രമം നടത്തുന്നത് എന്നും വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ WHOയ്ക്ക് 500ദശലക്ഷം ഡോളർ അധിക സഹായം നൽകുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ വിഹിതം കുറവാണ് എന്ന ആരോപണം യു എസ് ഉയര്‍ത്തിയിരുന്നു.


ട്രംപ് മാറി പുതിയ പ്രസിഡന്റ് അധികാരത്തിലെത്തിയാൽ,അമേരിക്കയ്ക്ക് WHOയിൽ തിരിച്ചുചേരാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ സ്വതന്ത്രമായി ആഗോളാരോഗ്യ ശൃംഖലകളിൽ പങ്കാളികളാകുന്നുണ്ട്. ജനുവരി അവസാനം,കാലിഫോർണിയ WHOയുടെ ഗ്ലോബൽ ഔട്ട്‌ബ്രേക്ക് അലർട്ട് ആൻഡ് റെസ്പോൺസ് നെറ്റ്‌വർക്കിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. 14സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വെസ്റ്റ് കോസ്റ്റ് ഹെൽത്ത് അലയൻസിലും കാലിഫോർണിയ സജീവമാണ്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home