13 July Monday
റെയിൽവേ മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മന്ത്രി

​ഗതികെട്ട് കാത്തിരിപ്പ് ; സ്‌റ്റേഷനുകളില്‍ ട്രെയിൻ കാത്ത് നിന്നവര്‍ക്ക് ലാത്തിയടി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


ന്യൂഡൽഹി
നാട്ടിലെത്താൻ വഴിയില്ലാതെ ഡൽഹിയിലും മുംബൈയിലും റെയിൽ‌വേ സ്റ്റേഷനുകൾക്കു പുറത്ത്‌ നരകയാതന അനുഭവിച്ച് അതിഥി തൊഴിലാളികള്‍. ശ്രമിക്‌ ട്രെയിനുകൾ ഓടിക്കുന്നതിൽ റെയിൽവേ മന്ത്രി പീയുഷ്‌ ഗോയലും മഹാരാഷ്‌ട്ര സർക്കാരും തമ്മില്‍ തർക്കം മുറുകിയതോടെ ആയിരക്കണക്കിനു തൊഴിലാളികളാണ് മുംബൈ റെയിൽവേ സ്‌റ്റേഷനുകളിൽ അകപ്പെട്ടത്. സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി.

ശ്രമിക്‌ ട്രെയിനുകൾ ഓടിക്കുന്നതിൽ കേന്ദ്രം രാഷ്‌ട്രീയം കളിക്കുകയാണെന്ന് സംസ്ഥാനമന്ത്രി നവാബ്‌ മാലിക്‌ തുറന്നടിച്ചു. ലോക്‌മാന്യ തിലക്‌ സ്‌റ്റേഷനിൽനിന്ന്‌ 49 പ്രത്യേക‌ ട്രെയിന്‍ ഓടിക്കുമെന്ന്‌ റെയിൽവേമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ വന്‍തോതില്‍ ആളുകള്‍ സ്റ്റേഷനുകളിലേക്ക് എത്തി. എന്നാല്‍, 16 ട്രെയിൻ മാത്രമേ ഓടിക്കാനാകൂ എന്നാണ്‌ ഡിവിഷണൽ മാനേജരുടെ നിലപാട്‌. മഹാരാഷ്‌ട്ര സർക്കാർ സർവീസിന്‌ ആവശ്യമുള്ള വിവരങ്ങൾ  നൽകുന്നില്ലെന്ന്‌ ആരോപിച്ച്‌ പീയുഷ്‌ ഗോയല്‍ രംഗത്തുവന്നു.

ഛത്രപതി ശിവജി ടെർമിനസ്‌, ബാന്ദ്ര, ബോറിവാലി, പൻവേൽ തുടങ്ങിയ സ്‌റ്റേഷനുകളില്‍നിന്ന്‌ സർവീസുണ്ടാകുമെന്ന് ധരിച്ച് ‌ നൂറുകണക്കിനു തൊഴിലാളികളാണ്‌ കാത്തുനിൽക്കുന്നത്‌. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്തവിധം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈ പൊലീസില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ഭൂരിപക്ഷം പേരും എത്തുന്നത്.

ട്രെയിന്‍ കാത്ത് കൊടുംചൂടില്‍
ഉഷ്‌ണതരംഗത്തെതുടർന്ന്‌ ഗുരുതര സ്ഥിതി നിലനില്‍ക്കുന്ന ഡൽഹിയിൽല്‍  അതിഥിത്തൊഴിലാളികളുടെ സ്ഥിതി അതിദയനീയമായി തുടരുന്നു. താപനില 50 ഡിഗ്രിസെൽഷ്യസിനോട് അടുക്കുന്നത് വകവയ്ക്കാതെ നാട്ടിലേക്ക് പോകാന്‍ റെയിൽവേസ്‌റ്റേഷനുകള്‍ക്കു പുറത്ത് തൊഴിലാളികള്‍ കാത്തിരിപ്പ് തുടരുന്നു. ബിഹാറിലേക്ക്‌ മൂന്ന്‌ ദിവസത്തേക്ക് ട്രെയിൻ ഇല്ലെന്നാണ്‌ വെസ്റ്റ്‌ വിനോദ്‌ നഗറിലെ സ്‌ക്രീനിങ്‌ സെന്ററിനു പുറത്ത്‌ കാത്തുനിന്നവർക്ക്‌ കിട്ടിയ വിവരം. ഭക്ഷണംപോലും ഇല്ലാതെയാണ് കാത്തിരിപ്പ്. വാടക കൊടുക്കാത്തതിനാൽ കുടിയിറക്കപ്പെട്ടവർ റെയിൽവേ സ്‌റ്റേഷനുകൾക്കു സമീപം കാത്തിരിക്കാൻ നിർബന്ധിതരായി.

മൂന്ന്‌ അതിഥിത്തൊഴിലാളികൾ ട്രെയിനുകളിൽ മരിച്ചു
രണ്ട്‌ ശ്രമിക്‌ ട്രെയിനുകളിലായി മൂന്ന്‌ അതിഥിത്തൊഴിലാളികളെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. സൂറത്ത്‌–-ഹാജിപൂർ ട്രെയിനിൽ ഒരാളും മുംബൈ–മണ്ഡുവാടിഹ്‌ ട്രെയിനിൽ രണ്ടുപേരുമാണ്‌ മരിച്ചത്‌. സൂറത്ത്‌–-ഹാജിപൂർ ട്രെയിൻ ബലിയയിലെത്തിയപ്പോഴാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ബിഹാറിലെ സരൺ ജില്ലക്കാരനായ ഭൂഷൺ സിങാ (58) ണ്‌ മരിച്ചത്‌. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

മുംബൈയിൽനിന്ന് ബുധനാഴ്ച രാവിലെ  8.20ഓടെ‌ വാരാണസിയിലെത്തിയ ശ്രമിക്‌ ട്രെയിനിലാണ്‌ മറ്റുരണ്ടുപേരെ കണ്ടെത്തിയത്‌. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. മറ്റൊരാൾ ഭിന്നശേഷിക്കാരനാണെന്ന്‌ അധികൃതർ പറഞ്ഞു. ഇരുവരെയും വ്യത്യസ്ത കോച്ചുകളിലാണ്‌ കണ്ടെത്തിയത്‌. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ശ്രമിക്‌ ട്രെയിനുകളിൽ അതിഥിത്തൊഴിലാളികൾക്ക് ആവശ്യത്തിന്‌ വെള്ളവും ‌ ഭഷണവും നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്‌. ആരോഗ്യ പ്രോട്ടോകോൾ പാലിക്കാതെയും അടിസ്ഥാന സൗകാര്യങ്ങൾ ഒരുക്കാതെയുമാണ്‌ ശ്രമിക്‌ ട്രെയിനുകളിൽ തൊഴിലാളികളെ കൊണ്ടുപോകന്നതെന്ന  ആരോപണത്തിന്‌ ശക്തികൂട്ടുന്നതാണ്‌ ഈ മരണങ്ങൾ.
 


പ്രധാന വാർത്തകൾ
 Top