ad
Deshabhimani

ക്രിക്കറ്റ് ലഹരിക്കൊപ്പം സംഗീതവിരുന്നും; ആവേശമായി ആലപ്പി റിപ്പിൾസിന്റെ ടീം ലോഞ്ച്

Ripple

ആലപ്പി റിപ്പിൾസിന്റെ പുതിയ ജേഴ്സി സിനിമാതാരം നരേൻ, ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർ ചേർന്ന് പുറത്തിറക്കുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 10:01 PM | 2 min read

ആലപ്പുഴ : കെസിഎൽ മൂന്നാം സീസണിനായുള്ള ആലപ്പി റിപ്പിൾസിന്റെ ടീം ലോഞ്ചും ജേഴ്സി പ്രകാശനവും നടന്നു. ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം നരേൻ ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്യുകയും ടീം ലോഞ്ച് നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ ടീം ഉടമ ടി എസ് കലാധരനും നരേനും ചേർന്ന് ആലപ്പി റിപ്പിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റും ലോഞ്ച് ചെയ്തു. ടീമിന്റെ പോരാട്ടവീര്യത്തിന് പിന്തുണ പ്രഖ്യാപിച്ച നരേൻ കെസിഎല്ലിൽ മികച്ച മുന്നേറ്റം നടത്താൻ ടീമിന് കഴിയട്ടെയെന്ന് ആശംസിച്ചു.


പ്രശസ്ത മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരത്തിന്റെ ഗാനങ്ങളും ഡിജെ റിക്കി ബ്രൗണിന്റെ സംഗീതവും ചടങ്ങിന് ആവേശം പകർന്നു. ഡാർക്ക് പർപ്പിൾ നിറത്തിൽ പൊന്നിൻ തിളക്കമുള്ള വരകളോടെയാണ് ഇത്തവണ ആലപ്പി റിപ്പിൾസിന്റെ ജേഴ്സി.

ആലപ്പുഴയുടെ കായികവീര്യവും പാരമ്പര്യവും പ്രതിനിധീകരിക്കുന്നതാണ് ജേഴ്സിയുടെ നിറങ്ങളും ഡിസൈനും. ആലപ്പിയുടെ ജലതരംഗങ്ങളെ ഓർമിപ്പിക്കുന്ന വരകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ആഭ്യന്തര ക്രിക്കറ്റിലെ പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് ടീമിനെ നയിക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ വൈസ് ക്യാപ്റ്റനാകും. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് മുഖ്യ പരിശീലകൻ. കെഎസ് മോനിഷും ഫർസീൻ അഹമ്മദും സഹപരിശീലകരാണ് . റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലെ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള ഗബ്രിയേൽ ബെൻ കുര്യൻ ഫീൽഡിങ് പരിശീലകനാണ്. രാജസ്ഥാൻ റോയൽസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ വിനീത് കുമാറും പരിശീലക സംഘത്തിലുണ്ട്.


കെസിഎൽ കിരീടം ആലപ്പുഴയിലെത്തിക്കുക മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. മികച്ച സന്തുലിതാവസ്ഥയുള്ള ടീമാണിതെന്നും ബാറ്റിങ്ങിലെ കരുത്തും പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യവും ആത്മവിശ്വാസം നൽകുന്നതായും താരം വ്യക്തമാക്കി.


ടീമംഗങ്ങൾ തമ്മിലുള്ള മികച്ച ഒത്തിണക്കവും പരസ്പര ധാരണയുമാണ് ടീമിന്റെ പ്രധാന കരുത്തെന്ന് മുഖ്യ പരിശീലകൻ നിഖിലേഷ് സുരേന്ദ്രൻ പറഞ്ഞു. സീനിയർ താരങ്ങളും യുവതാരങ്ങളും ഒരുമിച്ച് മികച്ച ടീം സ്പിരിറ്റോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ടീം സജ്ജമാണെന്നും വ്യക്തമാക്കി.


ആലപ്പുഴയുടെ കായിക പാരമ്പര്യവും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ടീം ഉടമ ടി എസ് കലാധരൻ പറഞ്ഞു. ടീമിനും താരങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന എന്നിവർ ഉൾപ്പെടുന്ന ശക്തമായ ബാറ്റിങ് നിരയാണ് റിപ്പിൾസിനുള്ളത്. സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ തുടങ്ങിയ ഓൾറൗണ്ടർമാരും ടീമിന് കരുത്താകും. ജലജ് സക്സേനയുടെ പരിചയസമ്പത്തിനൊപ്പം അജയഘോഷ്, അജിത് രാജ്, അഖിൽദേവ് തുടങ്ങിയവർ ഉൾപ്പെടുന്ന ബൗളിങ് നിരയിലും ടീം പ്രതീക്ഷയർപ്പിക്കുന്നു.


ആലപ്പി റിപ്പിൾസ് ടീം : സച്ചിൻ ബേബി (ക്യാപ്റ്റൻ), മുഹമ്മദ് അസറുദ്ദീൻ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ, അക്ഷയ് ടികെ., വിനിൽ ടിഎസ്., ആകാശ് പിള്ള, ശ്രീരൂപ് എംപി, അരുൺ കെഎ., അഖിൽദേവ്, അജ്നാസ് കെ, ആഷിഖ് അലി, അമൽരാജ് ആർ, അജയഘോഷ് എൻഎസ്., അജിത് രാജ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home