മുതലാളിത്തത്തിന് അണകെട്ടിയ തെന്മല

photo credit: thenmalaecotourism.com
എസ് അനന്ദവിഷ്‌ണു
Published on Feb 27, 2025, 03:51 PM | 2 min read
കൊല്ലം : മുതലാളിത്ത ദുഷ്‌പ്രഭുത്വം മലവെള്ളപ്പാച്ചിലായി ഒഴുകിയെത്തിയപ്പോൾ വർഗസമരത്തിന്റെ തീജ്വാലകൾ അതിനെ അണകെട്ടി തടഞ്ഞുനിർത്തിയ വിപ്ലവ കഥകൾ പറയാനുണ്ട് തെന്മലയ്ക്ക്. 1982ന്റെ അവസാന മാസമാണ് ഉദ്യോഗഭരണ നേതാക്കളുടെ പിടിവാശിയെത്തുടർന്ന് കൊല്ലത്തിന്റെ മലയോര ഗ്രാമമായ തെന്മലയിൽ രണ്ടുമാസം നീണ്ടുനിന്ന ചരിത്രസമരം പൊട്ടിപ്പുറപ്പെട്ടത്. തൊഴിലാളികളായിരുന്ന പിന്നാക്ക വിഭാഗത്തെയും തമിഴരെയും മനുഷ്യരായിപ്പോലും കാണാൻ തയ്യാറല്ലാത്ത ഭരണകൂടത്തിന്റെ ക്രൂരതയെ വർഗസമരത്തിന്റെയും നിൽനിൽപ്പിന്റെയും പോരാട്ടവീര്യം മുട്ടുകുത്തിച്ചത് അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന എൻ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു.
1982 ഒക്ടോബർ 23, ഡാമിൽ ഐഎൻടിയുസി യൂണിയൻ ഉദ്ഘാടനംചെയ്യാനെത്തിയത് അന്നത്തെ ജലവിഭവ മന്ത്രി പി വി ഗംഗാധരനായിരുന്നു. തൊഴിലാളിവിരുദ്ധ സര്‍ക്കാരിന്റെ യൂണിയനിൽ ചേരില്ലെന്നു പറഞ്ഞ് ഡാം ക്യാച്മെന്റ് ഏരിയയിലെ തൊഴിലാളികൾ യോഗം ബഹിഷ്കരിച്ചു. മന്ത്രി പുറമ്പോക്കുകാരെ തുടച്ചുനീക്കുമെന്നും തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ലോറിയിൽ കയറ്റി ചെങ്കോട്ടയ്ക്ക് അപ്പുറം നാടുകടത്തുമെന്നും ഭീഷണി മുഴക്കി. തുടർന്ന് കെ കരുണാകരന്റെ നിർദേശപ്രകാരം പൊലീസും റവന്യു- ഫോറസ്റ്റ് ഉദ്യോഗസ്ഥരും കലക്ടറും ചേർന്ന് ഡാം സൈറ്റിലുള്ള വീടും കടകളും പൊളിച്ചുകളയാൻ ആരംഭിച്ചു. നൂറോളം കുടുംബങ്ങളെ ഭരണകൂടം ഒറ്റരാത്രികൊണ്ട് തെരുവിലാക്കി. വിവരമറിഞ്ഞ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന എൻ ശ്രീധരനും ജില്ലാ സെക്രട്ടറി പി കെ ഗുരുദാസനും പ്രവർത്തകരുമൊത്ത് സ്ഥലത്തെത്തിയപ്പോൾ അതിദാരുണമായ രംഗങ്ങളാണ് കണ്ടത്. നാനൂറിലേറെ മനുഷ്യർ കുട്ടികളുമൊത്ത് തെരുവിൽ കിടക്കുന്നു.
1982ൽ നടന്ന തെന്മല കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരത്തിൽ നിരാഹാരമനുഷ്ടിക്കുന്ന സിപിഐ എം പത്തനാപുരം താലൂക്ക് സെക്രട്ടറി കെ രാജഗോപാൽ (ഫയൽ ചിത്രം)
‘പുഴുക്കളെപ്പോലെ മരിക്കാൻ പാടില്ല. അനീതിക്കെതിരെ പോരാടണം' എൻ എസിന്റെ വാക്കുകൾ അവരുടെ മനസ്സിൽ പോരാട്ടത്തിന്റെ കനലെരിഞ്ഞു. തുടർന്ന് സിപിഐ എം ആരംഭിച്ച സമരങ്ങൾ ജനങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബർ 24ന് ഉച്ചയ്ക്ക് ഡാം സൈറ്റിൽ എൻ എസ് സമരഖ്യാപനം നടത്തി. പത്തനാപുരം താലൂക്കിലെ റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും പത്തനംതിട്ട താലൂക്കിലെ റിസർവ് വനപ്രദേശത്തുള്ള കൈവശകൃഷിക്കാരെയും കുടിയൊഴിപ്പിക്കാൻ കരുണാകരൻ സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിവന്ന കാലമായിരുന്നു അത്. ഒക്ടോബർ 20ന് വൈകിട്ട് സിപിഐ എം പത്തനാപുരം താലൂക്ക് സെക്രട്ടറിയായിരുന്ന കെ രാജഗോപാൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. കർഷകസംഘം സംസ്ഥാന നേതാവായിരുന്ന ടി കെ രാമകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്. വീണ്ടും നിർമിച്ച കുടിലുകൾ പൊളിക്കാൻ ശ്രമിച്ച പൊലീസിനെ കോന്നി എംഎൽഎ ആയിരുന്ന വി എസ് ചന്ദ്രശേഖരൻപിള്ള അടക്കം 500പേരുള്ള ജനക്കൂട്ടം തടഞ്ഞു. തുടർന്ന് നവംബർ ആറിന് ബന്ദ് പ്രഖ്യാപിക്കുകയുംചെയ്തു. കൊല്ലം–--ചെങ്കോട്ട റോഡിലൂടെ അന്തർസംസ്ഥാന സർവീസും തീവണ്ടി ഗതാഗതവും നിലച്ചു.
വി എസ് അച്യുതാനന്ദന്റെ പ്രസംഗം പൊലീസ് നിരോധിച്ചു. വി എസ് പ്രസംഗിച്ചതിനെത്തുടർന്ന് പൊലീസ് വീണ്ടും ലാത്തിച്ചാർജും വെടിവയ്പും നടത്തി. അഞ്ചുപേർക്ക് പരിക്കേല്‍ക്കുകയും കെ രാജഗോപാല്‍ അറസ്റ്റിലാകുകയും ചെയ്തു. നവംബർ ഒമ്പതിന് ചന്ദ്രശേഖരപിള്ള നിരാഹാരം ആരംഭിച്ചെങ്കിലും അന്നുതന്നെ അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് സമരപ്പന്തൽ പൊളിച്ചുകളഞ്ഞു. കുടിയൊഴിപ്പിച്ച 54 കുടുംബങ്ങളിലെ 150 സ്ത്രീകളും കുട്ടികളും അടക്കം 274പേരെയും വി എസ് ചന്ദ്രശേഖരപിള്ള, എം കെ ഭാസ്കരൻ, കെ രാജഗോപാൽ, വക്കം ഭരതൻ, എം മീരാപ്പിള്ള, യശോധരൻ, കൃഷ്ണമ്മാൾ എന്നിവരെയും അറസ്റ്റ്ചെയ്തു. ചന്ദ്രശേഖരപിള്ള ജയിലിലും പിന്നീട് ആശുപത്രിയിലും നിരാഹാരം തുടർന്നു. സമരകേന്ദ്രം ഡാം സൈറ്റിൽനിന്ന് താലൂക്ക് ആസ്ഥാനമായ പുനലൂരിലേക്ക് മാറ്റി. എൽഡിഎഫ് നേതാക്കളായ പി കെ സദാശിവൻ, കെ കൃഷ്ണപിള്ള, എസ് ത്യാഗരാജൻ എന്നിവർ നവംബർ 12ന് നിരാഹാരം ആരംഭിച്ചു. സമരം ജില്ലയാകെ കത്തിപ്പടർന്നതോടെ സർക്കാർ ഒത്തുതീർപ്പിന് തയ്യാറായി. ഒരുസെന്റ് ഭൂമിപോലും നൽകില്ലെന്ന് വാശിപിടിച്ച സർക്കാർ ഓരോ കുടുംബത്തിനും 12 സെന്റ് ഭൂമിയും 900രൂപയും വീതം നൽകാമെന്ന് സമ്മതിച്ചു.
എൻ ശ്രീധരൻ, എം വി രാഘവൻ, എൻ പത്മലോചനൻ, തെന്മല ഗോപി, പി കെ ശ്രീനിവാസൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇ കെ നായനാർ, ടി കെ രാമകൃഷ്ണൻ, എം വി രാഘവൻ, എം എം ലോറൻസ്, ഒ ജെ ജോസഫ്, പി കെ വി, എൻ ഇ ബലറാം, പി എസ് ശ്രീനിവാസൻ, പി സി ചാക്കോ, ബേബി ജോൺ എന്നിവർ പലഘട്ടങ്ങളിൽ സമരകേന്ദ്രത്തിലെത്തി നേതൃത്വം നൽകി. പത്തനാപുരം, പത്തനംതിട്ട താലൂക്കുകളിൽ നടത്താനിരുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. അധികാര വർഗത്തിന്റെ പിടിവാശിയെ തൊഴിലാളി സമരത്തിന്റെ കെട്ടുറപ്പിന്റെ ബലത്തിൽ തോൽപ്പിച്ച കാഴ്ചയാണ് അന്ന് തെന്മലയിൽ കണ്ടത്.









0 comments