മാർക്സിസവുമായി അടുത്തത്‌ യുഎസിലെ പഠനകാലത്ത്‌

subhashini
avatar
Sajan Evugen

Published on Mar 09, 2025, 11:45 AM | 2 min read

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കാൺപുരിലെ മുൻ എംപിയുമായ സുഭാഷിണി അലി രാജ്യത്തെ മഹിളാപ്രസ്ഥാനത്തിന്റെ സമുന്നത നേതാവാണ്‌. സ്വാതന്ത്ര്യസമരസേനാനിയും ഉജ്വല വിപ്ലവകാരിയുമായിരുന്ന ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ മകൾ. പൊന്നാനി ആനക്കരയിൽ കുടുംബാംഗമായ സുഭാഷിണി അലി അന്താരാഷ്ട്ര വനിതാദിനത്തിൽ ‘ദേശാഭിമാനി’ക്ക്‌ നൽകിയ അഭിമുഖത്തിൽനിന്ന്‌...


‘സിംഗപ്പുരിൽനിന്ന്‌ മടങ്ങിവന്നശേഷമാണ്‌ അച്ഛനും അമ്മയും കാൺപുരിൽ ജീവിതം തുടങ്ങിയത്‌. അവർക്ക്‌ ജോലി ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ അച്ഛന്‌ ജോലി കിട്ടി. ഡോക്ടറായിരുന്ന അമ്മ അഭയാർഥി ക്യാമ്പുകളിൽ വൈദ്യസേവനം നൽകി. വിഭജനത്തെതുടർന്ന്‌ പഞ്ചാബിൽനിന്ന്‌ അഭയാർഥി പ്രവാഹമായി. നഗരഹൃദയത്തിൽ മുസ്ലിങ്ങൾ ധാരാളമുണ്ടായിരുന്നു. ദരിദ്രമുസ്ലിങ്ങൾക്കിടയിലും അമ്മ പ്രവർത്തിച്ചു. അവരുടെ നഴ്‌സിങ്‌ ഹോമിൽ നല്ല തിരക്കായിരുന്നു. അക്കാലത്ത്‌ അമ്മയുടെ രാഷ്ട്രീയകാഴ്‌ചപ്പാടുകൾ എനിക്ക്‌ അറിയില്ലായിരുന്നു. ഞാൻ കോളേജിൽ എത്തിയശേഷമാണ്‌ അമ്മയുമായി രാഷ്ട്രീയമൊക്കെ സംസാരിച്ച്‌ തുടങ്ങിയത്‌.


എന്റെ മുത്തശ്ശി അമ്മു സ്വാമിനാഥൻ കോൺഗ്രസ്‌ നേതാവായിരുന്നു. പക്ഷേ, അമ്മ ഒരിക്കലും കോൺഗ്രസിനോട്‌ താൽപ്പര്യം പുലർത്തിയിട്ടില്ല. മദ്രാസിലെ മെഡിക്കൽ കോളേജ്‌ പഠനകാലം മുതൽ സോഷ്യലിസത്തോടായിരുന്നു അമ്മയ്‌ക്ക്‌ ആഭിമുഖ്യം. ഭഗത്‌സിങ്‌ അറസ്റ്റിലായപ്പോൾ കേസ്‌ നടത്താൻ അമ്മയുടെ നേതൃത്വത്തിൽ മദ്രാസിൽ ധനസമാഹരണം നടത്തി. 37,000 രൂപയാണ്‌ ലഭിച്ചത്‌. അക്കാലത്ത്‌ വലിയ തുകയായിരുന്നു. ഭഗത്‌സിങ്ങിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച്‌ മദ്രാസിൽ ബന്ദാചരിച്ചു.


പൊതുപ്രവർത്തനത്തിൽ മുഴുകിയ അമ്മയുമായി ദീർഘമായ ചർച്ചകൾക്ക്‌ അവസരം ഇല്ലായിരുന്നു. സുഭാഷ്‌ ചന്ദ്രബോസ്‌ ഐഎൻഎ രൂപീകരിച്ചതോടെ അമ്മ അതിൽ സജീവമായി. അച്ഛനും (കേണൽ പ്രേം സെഗാൾ) തിരക്കേറിയ ജീവിതമായിരുന്നു. ഞാൻ മദ്രാസിൽ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയത്‌. പൊലീസ്‌ വെടിവെയ്‌പിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഇതേത്തുടർന്നുണ്ടായ പ്രക്ഷുബ്ധമായ രാഷ്ട്രീയം എനിക്ക്‌ പുതിയ അനുഭവമായിരുന്നു. അന്നത്തെ പ്രമുഖ ഡിഎംകെ നേതാവിന്റെ മകൾ എന്റെ സഹപാഠിയായിരുന്നു. ഹിന്ദിവിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ച്‌ അവൾ സംസാരിച്ചിരുന്നു.


പിന്നീട്‌ സ്‌കോളർഷിപ്‌ കിട്ടി ഞാൻ അമേരിക്കയിലേക്കു പോയി. യുദ്ധവിരുദ്ധപ്രസ്ഥാനത്തിന്റെ കാലമായിരുന്നു. ഞാൻ പഠിച്ച കോളേജ്‌ അതിന്റെ പ്രധാന കേന്ദ്രമായിരുന്നു. കറുത്ത വംശജരോടുള്ള വിവേചനത്തിനെതിരായും വൻപ്രതിഷേധം അലയടിച്ചു. അവിടെവച്ചാണ്‌ ഞാൻ മാർക്‌സിസ്റ്റ്‌ ചിന്താഗതിക്കാരുമായി പരിചയപ്പെട്ടത്‌. അവരുടെ സംഘത്തിൽ ചേർന്നു.

1969ൽ പഠനം പൂർത്തീകരിച്ചപ്പോൾ ഉന്നതപഠനത്തിന്‌ കഴിയുമായിരുന്നു. നാട്ടിൽ മടങ്ങിവന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ കണ്ടിട്ടില്ലായിരുന്നു. കാൺപുരിൽ വന്നശേഷം അച്ഛനെ ഇക്കാര്യം അറിയിച്ചു. അക്കാലത്തെ കാൺപുർ പാർടി സെക്രട്ടറി രാമാശ്രേ മികച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹം പ്രചോദനം പകർന്നു. വൈകാതെ ഇ എം എസ്‌ കാൺപുർ സന്ദർശിച്ചു. മൂന്നുദിവസം തങ്ങി കാൺപുരിൽ സിപിഐ എം ഘടകം രൂപീകരിച്ചു. ഞാൻ പാർടിയിൽ ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home