ശൂരനാട്ടുകാരേ.... നിങ്ങൾ ‘ഞങ്ങളെ’ കമ്യൂണിസ്‌റ്റാക്കി


വി എസ് വിഷ്‌ണുപ്രസാദ്
Published on Mar 06, 2025, 01:00 AM | 2 min read
കൊല്ലം : ‘‘ശൂരനാടെന്ന് പറയുമ്പോൾ ചിലർ പറയും, ഓഹോ ഞങ്ങളറിയും ഒരു ഇൻസ്‌പെക്ടർ ഉൾപ്പെടെ നാലഞ്ച് പൊലീസുകാരെ കൊന്ന സ്ഥലമെന്ന്...മറ്റുചിലർ പറയും; ഞങ്ങൾക്കറിയാം, അഞ്ച് രക്തസാക്ഷികളുടെ നാട്’’...
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ പ്രയാണമാരംഭിച്ച ശൂരനാട് രക്തസാക്ഷികളുടെ മണ്ണിൽ പ്രദർശിപ്പിച്ചിരുന്ന ഒരു ബാനറിലെ വാചകങ്ങളാണിത്. തങ്ങളുടെ നാടിനെക്കുറിച്ച് പുറംലോകമറിഞ്ഞതിനേക്കാൾ വേദനിപ്പിക്കുന്ന സത്യങ്ങളുണ്ടെന്ന് പറയുകയാണ് ശൂരനാട്ടുകാർ.
അടിമയെന്നും ഉടമയെന്നും, ജന്മിയെന്നും കുടിയാനെന്നും, ഉന്നത കുലജാതനെന്നും താഴ്‌ന്നവനെന്നുമൊക്കെ വേർതിരിച്ച് മനുഷ്യനെ മാറ്റിനിർത്തിയിരുന്ന വ്യവസ്ഥിതിയെ തകർക്കാൻ കമ്യൂണിസ്‌റ്റുകാർ ചോരചിന്തിയ നാടാണ് തങ്ങളുടേതെന്ന് പറയുന്നതാണ് ശൂരനാട്ടുകാർക്ക് എക്കാലവും അഭിമാനം. തണ്ടാശേരി രാഘവനും, കളക്കാട്ടുതറ പരമേശ്വരൻ നായരും പായിക്കാലിൽ ഗോപാലപിള്ളയും മഠത്തിൽ ഭാസ്‌കരൻ നായരും കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമക്കുറുപ്പുമെല്ലാം ജീവൻവെടിഞ്ഞുനേടിത്തന്ന സാമൂഹിക നീതിയാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്ന് പറയുമ്പോൾ ശൂരനാട്ടുകാരുടെ ചോരതിളയ്‌ക്കും.
കൊല്ലത്തിന്റെ മാത്രമല്ല, മധ്യകേരളത്തിന്റെയാകെ സാമൂഹിക മാറ്റത്തിന് തുടക്കംകുറിച്ച ശൂരനാട്ടെ സമരവും അഞ്ച് ധീരസഖാക്കളുടെ ജീവത്യാഗവുമാണ് ‘എല്ലാ മനുഷ്യരും തുല്യരാണ്’ എന്ന കമ്യൂണിസ്‌റ്റ് ആശയത്തിന് കരുത്ത് വർധിപ്പിച്ചത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ ശൂരനാട്ടെ സമരവും ജീവത്യാഗവും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിച്ചു. ശൂരനാട് സമരത്തിന് നേതൃത്വം നൽകിയ തോപ്പിൽ ഭാസി ഒളിവുജീവിതത്തിനിടെ രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകവും സാമൂഹിക മാറ്റത്തിന് ചുക്കാൻ പിടിച്ചു.
അതേ മണ്ണിൽനിന്നുതന്നെയാണ് നവകേരളത്തിന്റെ കുതിപ്പിന് ചുക്കാൻപിടിക്കുന്ന സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തിനുയർത്താനുള്ള കൊടിമര ജാഥയും പ്രയാണമാരംഭിച്ചത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആവേശത്തോടെയാണ് കൊടിമരജാഥയെ യാത്രയാക്കിയത്.
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജാഥ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എസ് സുദേവൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കെ എൻ ബാലഗോപാൽ, ജാഥാ ക്യാപ്‌റ്റൻ സി എസ് സുജാത എന്നിവർ സംസാരിച്ചു. ജാഥ മാനേജർ രാജു എബ്രഹാം, അംഗം എസ് ജയമോഹൻ, നേതാക്കളായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ സോമപ്രസാദ്, എം ഗംഗാധരക്കുറുപ്പ്, പി വി സത്യദേവൻ, പി കെ ഗോപൻ എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം എം ശിവശങ്കരപ്പിള്ള സ്വാഗതവും ഏരിയാ സെക്രട്ടറി വി ശശി നന്ദിയും പറഞ്ഞു.









0 comments