ആ പത്തുവർഷം

ഞാൻ എന്റെ രാഷ്ട്രീയം എന്ന പുസ്‌തകത്തിന്റെ കവർപേജ്
എം അനിൽ
Published on Feb 23, 2025, 01:46 PM | 2 min read
കൊല്ലം : ‘നമ്മുടെ പാർടി സഖാക്കൾ വർഗശത്രുക്കളിൽനിന്ന് കടുത്ത ആക്രമണങ്ങളും നീചമായ പൊലീസ് മർദനങ്ങളും നേരിട്ട കാലമായിരുന്നു 1969മുതൽ 1979വരെയുള്ള പത്തുവർഷം. ഒരുഭാഗത്ത് കോൺഗ്രസിന്റെയും മറുഭാഗത്ത് പൊലീസിന്റെയും ക്രൂരമായ മർദനം. കൊല്ലത്തെ പാർടി ഇതിനെ മുഖാമുഖം നേരിട്ടു’–പാർടി പ്രവർത്തകരും നേതാക്കളും അനുഭവിച്ച കൊടിയ മർദനങ്ങൾ ജില്ലയിൽ ദീർഘനാൾ പാർടിയെ നയിച്ച തലമുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായ പി കെ ഗുരുദാസൻ ഓർക്കുന്നു.
ഇക്കാലത്താണ് റെയിൽവേ പണിമുടക്ക് നടന്നത്. കരുണാകരന്റെ പൊലീസ് തൊഴിലാളികൾക്കുനേരെ ഭീകരമർദനങ്ങൾ അഴിച്ചുവിട്ടു. രാത്രി വീടുകളിലും റെയിൽവേ ക്വാർട്ടേഴ്‌സുകളിലും കയറി നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു. റെയിൽവേ കോളനിയിൽ പോയി തൊഴിലാളികൾക്ക് ആശ്വാസം പകർന്നവരെപ്പോലും പൊലീസ് വെറുതെവിട്ടില്ല. അന്ന് ഹീനമായ പൊലീസ് മർദനത്തിന് വിധേയരായ വനിതാ സഖാക്കളായിരുന്നു അമൃതവും സുമവും. അമൃതം ഗോകുലൻ പിന്നീട് പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്‌സണും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായി. റെയിൽവേ തൊഴിലാളി സമരത്തിന്റെ നേതാവ് പിന്നീട് കൊല്ലം മുനിസിപ്പൽ ചെയർമാനായ കെ തങ്കപ്പൻ ആയിരുന്നു. ‘അർധരാത്രിയിൽ അദ്ദേഹം വന്ന് എന്നെ വിളിച്ചുണർത്തും. കൂടെ കുറെ തൊഴിലാളികളും ഉണ്ടാകും. അവർക്ക് ഒളിവിലിരിക്കണം എന്നതാണ് ആവശ്യം. ഞാൻ കൂടെച്ചെന്ന് വേണ്ട ഏർപ്പാടുണ്ടാക്കും. അന്ന് ജില്ലാ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിൽ ആയിരുന്നു സഖാക്കൾ ഒളിവിൽ പാർത്തിരുന്നത്’–- ഞാൻ എന്റെ രാഷ്ട്രീയം എന്ന പുസ്‌തകത്തതിൽ പി കെ ഗുരുദാസൻ കുറിച്ചിട്ടു.
1978ലെ സിഐടിയു നേതൃത്വത്തിൽ നടന്ന ഇലക്‌ട്രിസിറ്റി തൊഴിലാളികളുടെ പണിമുടക്ക് ജില്ലയിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. പൊലീസിനെ ഉപയോഗിച്ച് സമരംചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് മർദിക്കുക, കൂട്ടത്തോടെ അറസ്റ്റ് ചെയ്യുക തുടങ്ങിയ നടപടികളും അരങ്ങേറി. ഈ സമരവുമായി ബന്ധപ്പെട്ട് മറക്കാനാകാത്ത പേരാണ് കോന്നി സ്വദേശിയായ തുളസി. സമരത്തിൽ നിറഞ്ഞുനിന്ന തുളസിയെ പൊലീസ് അറസ്റ്റ്‌ചെയ്‌തു. അതിക്രൂരമായ മർദനമുറയ്‌ക്ക് അദ്ദേഹത്തെ പൊലീസ് വിധേയനാക്കി. ഗരുഡൻ പറക്കൽ, ഉരുട്ടൽ തുടങ്ങി അടിയന്തരാവസ്ഥക്കാലത്തെ മർദനമുറകളാണ് അന്നും പൊലീസ് പരീക്ഷിച്ചത്. മർദനമേറ്റ് അബോധാവസ്ഥയിലായ തുളസിയെ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം പൊലീസ് സബ് ജയിലിൽ അടച്ചു. ജയിലിൽ രക്തം ഛർദിച്ചതിനെ തുടർന്ന് തുളസിയെ പത്തനംതിട്ട താലൂക്കാശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ‘അന്ന് സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി ആയിരുന്ന ഞാനും ജില്ലാ സെക്രട്ടറിയായ എൻ എസും കൂടി ജില്ലാ ആശുപത്രിയിലെത്തി തുളസിയെ കണ്ടു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് മനസ്സിലാക്കിയ എൻ എസ് എത്രയുംവേഗം തുളസിയെ മെഡിക്കൽ കോളേജിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യം എതിർത്തെങ്കിലും പിന്നീട് അധികൃതർ തുളസിയെ മെഡിക്കൽ കോളേജിലേക്കു മാറ്റി. അവിടെവച്ച് അദ്ദേഹത്തിന്റെ ഒരു വൃക്ക നീക്കംചെയ്‌തു. കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ തുളസിയെ നല്ലനിലയിൽ സംരക്ഷിച്ചു’–-പി കെ ഗുരുദാസൻ പറഞ്ഞു.
1970–-75 കാലഘട്ടത്തിലും ജില്ലയിൽ ധാരാളം സഖാക്കൾ ആക്രമണത്തിന് വിധേയരായി. എൻ എസിന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി അസാമാന്യമായ തന്റേടത്തോടെയാണ് ഈ ഭീകരാവസ്ഥയെ പ്രതിരോധിച്ചത്. മിച്ചഭൂമി സമരം ജില്ലയിൽ 1971മുതലാണ് ആരംഭിച്ചത്. പത്തനംതിട്ട കൂടി ഉൾപ്പെടുന്ന അവിഭക്ത ജില്ലയിൽ കൊടുമണിലെ കടവിൽ കൊച്ചുകോശിയുടെ മിച്ചഭൂമിയിലാണ് ആദ്യസമരം. ഉദ്‌ഘാടകനായ എൻ എസിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. കലഞ്ഞൂർ രാജഗിരി എസ്റ്റേറ്റിലും ഭരണിക്കാവ് മുസ്‌ലിയാർ ഫാമിലും പത്തനംതിട്ട വഞ്ചിനാട് എസ്റ്റേറ്റിലും സമരം നടന്നു. സി പി കരുണാകരൻപിള്ളയുടെ നേതൃത്വത്തിൽ തെക്കുംഭാഗം നീലേശ്വരം തോപ്പിൽ പ്രവേശിച്ച് മിച്ചഭൂമി പിടിച്ചെടുത്തു. സി പി ആശാനെ ഉൾപ്പെടെ അതിക്രൂരമായി പൊലീസ് മർദിച്ച് ജയിലിൽ അടച്ചു. പത്തനാപുരം താലൂക്കിൽ പി രാമകൃഷ്‌ണൻ, എം കെ ഭാസ്‌കരൻ എന്നിവരാണ് സമരത്തിനു നേതൃത്വം നൽകിയത്. അടിയന്തരാവസ്ഥയിലും ജില്ലയിലെ നിരവധി സഖാക്കൾ കൊടിയ മർദനത്തിന് ഇരയായി. എന്നാൽ, അറസ്റ്റും മർദനവും ജയിൽവാസവും പാർടിയെ തളർത്തിയില്ല. മറിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ടുപോയി–- പുസ്‌തകത്തിൽ ഗുരുദാസൻ രേഖപ്പെടുത്തി.









0 comments