പോരാട്ടങ്ങളുടെ മണ്ണിൽ നിന്ന് വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേയ്ക്ക്

കണ്ണൂർ : ആശയ വ്യക്തത, സൈദ്ധാന്തിക കാർക്കശ്യം, നിലപാടുകളിലെ കൃത്യത, പ്രായോഗിക രാഷ്ട്രീയം. കർഷകപ്പോരാട്ടങ്ങളുടെ മണ്ണായ മൊറാഴയിൽനിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിപദവിയിലെത്തുന്ന എം വി ഗോവിന്ദന് വിശേഷണങ്ങളേറെ. സെക്രട്ടറി പദവിയിൽ എം വി ഗോവിന്ദന് ഇത് രണ്ടാമൂഴമാണ്. സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സ്‌ഥാനം ഒഴിഞ്ഞതോടെ 2022 ആഗസ്തിലാണ് എം വി ഗോവിന്ദന് പകരം ചുമതല നൽകിയത്.
പിണറായി വിജയന് ശേഷം മന്ത്രിപദത്തിൽ നിന്നും പാർടി സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന രണ്ടാമനാണ് എം വി ഗോവിന്ദൻ. രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ വികസന- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവെച്ചാണ് സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുക്കുന്നത്.
ജനപ്രതിനിധിയായും ഭരണാധികാരിയായും ജനമനസ്സുകളെ ആകർഷിച്ച നേതാവാണ്. ഭരണകൂടഭീകരതയ്ക്കെതിരെ നട്ടെല്ലുനിവർത്തി പോരാടിയ യുവജന പോരാളിയുമായിരുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര ചാർത്തി. സഹജീവികളെ ചേർത്തുനിർത്തുകയും കണ്ണീരൊപ്പുകയുമാണ് കമ്യൂണിസ്റ്റിന്റെ ദൗത്യമെന്ന വിശ്വാസപ്രമാണത്തിലൂന്നി അഞ്ചു പതിറ്റാണ്ട് നീണ്ട പൊതുപ്ര വർത്തനമാണ് കൈമുതൽ.
ബാലസംഘത്തിലൂടെയാണ് പൊതുപ്രവർത്തനമേഖലയിലെത്തിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഭാഗമായിനിന്ന് വായന അതിവിപുലമാക്കി. മാർക്സിസ്‌റ്റ് ദാർശനികതയുടെയും ലെനിനിസത്തിൻ്റെയും സമസ്ത മേഖലകളെയും സ്‌പർശിച്ചുള്ള അറിവ് സ്വായത്തമാക്കി. വായനാനുഭവങ്ങൾ ലളിത ഭാഷയിൽ പകർന്നുകൊടുക്കുന്ന മികച്ച അധ്യാപകനും പ്രഭാഷകനുമാണ് അദ്ദേഹം.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ സംഘടനയ്ക്ക് പുതിയ ദിശാ ബോധം നൽകി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിൻ്റെ കൊടിയ മർദനത്തിനിരയായി. നാല് മാസത്തോളം ജയിൽവാസം. നിയമസഭയിൽ പത്തുവർഷം തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചു നാടിന്റെ വികസന നായകനായി. അതേ മണ്ഡലത്തിൽനിന്നു തന്നെ വീണ്ടും എംഎൽഎയും മന്ത്രിയുമായി.
എതിരാളികളുടെ കടന്നാക്രമണങ്ങൾ ശക്തമായി നിലനിൽക്കെയാണ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. 2002- 2006 വർഷങ്ങളിലായിരുന്നു ചുമതല. ആക്രമണങ്ങളെ പ്രതിരോധിച്ചും പാർടിപ്രവർത്തകരെയും അണികളെയും ചേർത്തുനിർത്തിയും പാർടിക്ക് കരുത്തുപകർന്നു. വിഭാഗീയതയെ ത്തുടർന്ന് പാർടി എറണാകുളം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടപ്പോൾ അവിടെയും പ്രസ്ഥാനത്തെ നയിച്ചു.
കണ്ണൂർ ജില്ലാ റെഡ് വളണ്ടിയർ സേനയുടെ ക്യാപ്റ്റനുമായിരുന്നു. മണ്ണിൽ പണിയെടുക്കുന്നവരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കുംവേണ്ടി കർഷകത്തൊഴിലാളി നേതാവ് എന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങളും ഏറെയാണ്. സൈദ്ധാന്തികനെന്നനിലയിൽ കഴിവ് പ്രകടമാക്കിയാണ് ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനായത്.
1996ലും 2001ലും 2021ലും തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റും കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു. തളിപ്പറമ്പ് പരിയാരം ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായിരിക്കെയാണ് സ്വയം വിരമിച്ച് രാഷ്ട്രീയരംഗത്ത് സജീവമായത്.
മന്ത്രിപദവിയിൽനിന്ന് പാർടി സെക്രട്ടറിയാകുന്ന രണ്ടാമൻ
മന്ത്രിപദവിയിലിരിക്കെ സിപിഐ എം സംസ്ഥാന സെക്രട്ടറിയാകുന്ന രണ്ടാമനാണ് എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനുമുമ്പ് മന്ത്രിയായിരിക്കെ സംസ്ഥാന സെക്രട്ടറിയായത്. 1998 സെപ്തംബറിൽ, അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെ വിയോഗത്തെത്തുടർന്നാണ് പിണറായി വിജയൻ സംസ്ഥാനത്തെ പാർടിയെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. വൈദ്യുതി, സഹകരണ മന്ത്രി എന്നനിലയിൽ മികച്ച ഭരണാധികാരിയായി അംഗീകരിക്കപ്പെട്ടശേഷമായിരുന്നു പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എത്തിയത്.









0 comments