എ കെ ജിയുടെ ശബ്ദമുയർന്നു; ഒഴിവായത് ‘മരതകദ്വീപി’ന്റെ കപ്പം

പി ആർ ദീപ്തി
Published on Feb 23, 2025, 10:21 PM | 1 min read
കൊല്ലം : ഇന്ന് വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രിയതുരുത്തായ മൺറോതുരുത്തിനു പറയാൻ മൺറോ സായിപ്പിന്റെ ചരിത്രം മാത്രമല്ല, കപ്പത്തിന്റെ കഥ കൂടിയുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട് നിരവധി ചെറുതോടുകളാൽ സമ്പന്നമാക്കപ്പെട്ട എട്ടു തുരുത്തുകൾ ചേർന്ന മൺറോ ഒരുകാലത്ത് കോട്ടയത്തെ മലങ്കര ചർച്ച് മിഷൻ സൊസൈറ്റി (സിഎംഎസ്)യുടെ കീഴിലായിരുന്നു. തിരുവിതാംകൂർ രാജ്ഞിയായിരുന്ന റാണി സേതുലക്ഷ്മിഭായിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ദിവാനായ കേണൽ ജോൺ മൺറോയാണ് മതപ്രചാരണത്തിനായി കൊല്ലത്ത് ഒറ്റപ്പെട്ടുകിടന്ന ഈ ഭൂമി സൊസൈറ്റിക്ക് വിട്ടുകൊടുത്തത്.
തിരുവിതാംകൂർ ദിവാനായിരുന്ന അദ്ദേഹം വിട്ടുകൊടുത്ത ഭൂമിയിൽ മതപഠനകേന്ദ്രം നിർമിക്കുകയായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. മൺറോയോടുള്ള കടപ്പാടിൽ ചർച്ച് സൊസൈറ്റി തുരുത്തിന് അദ്ദേഹത്തിന്റെ പേരും സമ്മാനിച്ചു. സൊസൈറ്റി തുരുത്തിനെ ചെറുഭൂമികളാക്കി തിരിച്ച് കൃഷിക്കാർക്കു നൽകി വൻ ആദായം കൈപ്പറ്റിക്കൊണ്ടിരുന്നു. മൺറോതുരുത്തിൽ വിളഞ്ഞ തേങ്ങയുടെയും നെല്ലിന്റെയും മീനിന്റെയും കരംപിരിച്ച് സൊസൈറ്റി കോട്ടയത്ത് സിഎംഎസ് കോളേജ് നിർമിച്ചു. കൃഷിക്കാർ ഇടയ്ക്കിടെ ഭൂമി കൈമാറ്റം ചെയ്യുന്നതിനാൽ സൊസൈറ്റിക്ക് പാട്ടം ഈടാക്കാൻ കാലതാമസം നേരിടുകയും മിക്കപ്പോഴും കോടതിയുടെ സഹായം തേടേണ്ടിയും വന്നു.
കൃഷിക്കാർക്ക് ഇതുണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലായിരുന്നു. ഇത് മനസ്സിലാക്കിയ റാണി സേതുലക്ഷ്‌മീഭായി 1930ൽ കപ്പം കൊടുത്ത് മൺറോതുരുത്ത് തിരികെവാങ്ങി കൊല്ലം താലൂക്കിലെ ഒരു വില്ലേജാക്കുകയും ചെയ്‌തു. മാത്രമല്ല, സർക്കാർ പ്രതിവർഷം 5000രൂപ സൊസൈറ്റിക്ക് കപ്പം നൽകാമെന്ന് വ്യവസ്ഥ ചെയ്യുകയുംചെയ്‌തു. 1962ൽ ലോക്‌സഭയിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി നീതികരണമില്ലാത്ത കപ്പം വ്യവസ്ഥയെക്കുറിച്ച് പാർലമെന്റിൽ ശബ്ദമുയർത്തി. ഇതേത്തുടർന്ന് കപ്പം നിർത്തലാക്കി. അതോടെ മൺറോതുരുത്ത് കൊല്ലം താലൂക്കിനു കീഴിലുള്ള പ്രത്യേക പഞ്ചായത്തായി മാറി.









0 comments