ബ്രിട്ടനെതിരെ അലയടിച്ച ജനകീയ വിളംബരം

വേലുത്തമ്പി ദളവ , ഇളമ്പള്ളൂർ ക്ഷേത്ര വളപ്പിൽ വേലുത്തമ്പി ദളവ വിളംബരം നടത്തിയ സ്ഥലം

അതുൽ ബ്ലാത്തൂർ
Published on Feb 11, 2025, 01:08 AM | 2 min read
കൊല്ലം : കുണ്ടറ ഇളമ്പള്ളൂർക്കാവിനകത്ത് കാലത്തിന്റെ കാട് പടരാതെ ഒരു ചുമടുതാങ്ങിയുണ്ട്. 1809 ജനുവരി ഒമ്പതിന് ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ച് വേലുത്തമ്പി ദളവ കയറിനിന്ന വിളംബരത്തറ. ചൂഷണത്തിനും വൈദേശികാധിപത്യത്തിനും വെല്ലുവിളിയായി നാട് പരമാധികാരം പ്രഖ്യാപിച്ചതിന്റെ സ്മാരകശിലയാണത്. ‘ശ്രീമതു തിരുവീതാകോട്ടു സംസ്ഥാനത്തുനിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനിൽക്കയില്ലെന്ന്കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിർണയം... കുടിയാനവർക്ക് പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരം’ എന്ന പെരുമ്പറമുഴക്കം നാടിന്റെ പരമാധികാരം വെല്ലുവിളിക്കപ്പെടുമ്പോഴൊക്കെ അലയടിച്ചുയരും.
കന്യാകുമാരി ഇരണിയൽ തലക്കുളത്ത് വലിയവീട്ടിൽ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെയും മണക്കര കുഞ്ചുമായിറ്റിപ്പിള്ളയുടെയും മകനായി 1765 മെയ് ആറിനാണ് വേലുത്തമ്പിയുടെ ജനനം. തിരുവിതാംകൂർ ഭരണാധികാരികളിൽ ഏറ്റവും ദുർബലനായിരുന്ന ബാലരാമവർമയുടെ കാലത്ത് രാജ്യത്ത് അഴിമതി നടമാടി. ദിവാൻ രാജാകേശവദാസനെ നീക്കംചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഇത് സഹായകമായി. മന്ത്രിമാരുടെ അടിച്ചമർത്തൽ ഭരണത്തിൽ ജനം പൊറുതിമുട്ടി. ജനകീയനേതാവെന്ന നിലയിൽ വേലുത്തമ്പി കടന്നുവരുന്നത് ഇക്കാലത്താണ്. നിർബന്ധിത നികുതിപിരിവിനെതിരെ ഉണ്ടായ ജനരോഷം അദ്ദേഹം ഏറ്റെടുത്തു. ഗത്യന്തരമില്ലാതെ രാജാവ് ആവശ്യങ്ങൾ അംഗീകരിച്ചു. വേലുത്തമ്പിയെ മുളകുമടിശ്ശീല കാര്യക്കാരൻ അഥവാ വാണിജ്യ–-വ്യവസായ മന്ത്രിയായി നിയമിച്ചു.
ഭരണപരിഷ്‌കാരങ്ങൾ
1801ൽ വേലുത്തമ്പി ദളവയായി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ക്രിമിനൽ കോഡ് കർക്കശമാക്കി. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകി. കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു.
റവന്യൂ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി. പൊതുമുതലിന് സംരക്ഷണമേർപ്പെടുത്തി. 1804ൽ നഗരത്തിന് വികസന പദ്ധതി നടപ്പാക്കി. കച്ചവട സാധ്യത മെച്ചപ്പെടുത്തി.
ബ്രിട്ടീഷുകാർക്കെതിരെ പോർമുഖം
കേണൽ മെക്കാളെ തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളിൽ കൈകടത്താൻ തുടങ്ങിയതോടെയാണ് ദളവയുടെ പോർമുഖം ബ്രിട്ടീഷുകാർക്കെതിരായത്. റസിഡന്റിന്റെ അനാവശ്യ ഇടപെടൽ വേലുത്തമ്പി എതിർത്തു. മെക്കാളെയെ തിരിച്ചുവിളിച്ച് മറ്റൊരാളെ നിയമിക്കാൻ മദ്രാസ് ഗവൺമെന്റിനോട് ആവശ്യപ്പെടാൻ രാജാവിനെ ഉപദേശിച്ചു. റസിഡന്റുമായി തെറ്റിപ്പിരിഞ്ഞ പാലിയത്തച്ചനുമായി രഹസ്യസഖ്യമുണ്ടാക്കി. സംഘടിത സമരത്തിലൂടെമാത്രമേ തിരുവിതാംകൂറിന് സ്വാതന്ത്ര്യം വീണ്ടെടുക്കാനാകൂവെന്ന് തിരിച്ചറിഞ്ഞ് സൈനിക നീക്കവും തുടങ്ങി. ആലപ്പുഴയിൽ കലാപത്തിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കൊല്ലം കന്റോൺമെന്റിൽ ബ്രിട്ടീഷ്‌പട്ടാളം തമ്പടിച്ചു. ആലപ്പുഴയിലായിരുന്ന വേലുത്തമ്പി തിരുവിതാംകൂറിന്റെ തെക്കും വടക്കും നിന്നുള്ള പടയാളികൾക്ക് കൊല്ലത്തെത്താൻ നിർദേശംനൽകി. നീണ്ടകരയിൽ ബ്രിട്ടീഷ് സൈന്യം ഉപരോധം ഏർപ്പെടുത്തി വേലുത്തമ്പിയുടെ മാർഗം തടഞ്ഞു. കൊട്ടാരക്കരവഴി അദ്ദേഹം കുണ്ടറയിലെത്തി.
പ്രസിദ്ധമായ
വിളംബരം
എഴുകോൺ ഇടയ്ക്കോട് കൊച്ചാലുംമൂട് പ്രദേശത്തെ കുന്നിൻമുകളിലാണ് ദളവയും പരിവാരവും കുണ്ടറ വിളംബരത്തിനായി തയ്യാറെടുപ്പ് നടത്തിയത്. ഈ പ്രദേശം ഇന്ന് തയ്യാർകുന്നെന്ന് അറിയപ്പെടുന്നു. വിളംബരത്തിന് നാലുനാൾ മുമ്പാണ് ദളവ സൈന്യസമേതനായി ഇവിടെയെത്തിയത്.
വിദേശികളുമായുള്ള പോരാട്ടത്തിൽ ജനങ്ങളടെ പിന്തുണ അഭ്യർഥിച്ചുള്ളതാണ് കുണ്ടറ വിളംബരം. നാടിന്റെ നിലനിൽപ്പ് അപകടത്തിലാണെന്ന മുന്നറിയിപ്പും പടപൊരുതാൻ ആവേശകരമായൊരു ആഹ്വാനവും ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരായ നിശിത വിമർശനവുമാണ് ഉള്ളടക്കം. വിളംബരത്തെതുടർന്ന് ജനങ്ങളുടെ ആത്മവീര്യം വർധിച്ചു. ചെറുപ്പക്കാർ ബ്രിട്ടിഷുകാർക്കെതിരെ ഒത്തുചേർന്നു.
രക്തസാക്ഷിത്വം
1809ൽ ബ്രിട്ടീഷ്–- -തിരുവിതാകൂർ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം പരാജയപ്പെട്ടു. പാലിയത്തച്ചൻ കുറുമാറി. അടിച്ചമർത്തൽ ഉറപ്പായിട്ടും വേലുത്തമ്പി നിരാശനായില്ല. തിരുവനന്തപുരംവഴി രാജ്യത്തിന്റെ വടക്കുഭാഗത്തേക്ക് നീങ്ങി. രാജാവ് ബ്രിട്ടീഷുകാരുമായി സന്ധിയുണ്ടാക്കി. ഉമ്മിണിത്തമ്പി ദളവയായി. നാട്ടുസൈന്യത്തെ പിരിച്ചുവിട്ടു. പ്രതിരോധച്ചുമതല ബ്രിട്ടീഷ് സൈന്യത്തിന് അടിയറവായി. വേലുത്തമ്പിയുടെ തലയ്ക്ക് 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. അവസാനം മണ്ണടിയിലെ പോറ്റിഗൃഹമാണ് അഭയമായത്.
ശത്രുക്കളുടെ കൈകൊണ്ട് മരിക്കുന്നനേക്കാൾ ഉചിതം ആത്മഹത്യയാണെന്ന് മനസ്സിലാക്കിയ വേലുത്തമ്പി സധൈര്യം അത് തെരഞ്ഞെടുത്തു. കൈയിലും കാലിലും വിലങ്ങിട്ട് അനധികൃത കുടിയേറ്റക്കാരെന്ന ചാപ്പകുത്തി മനുഷ്യരെ നാടുകടത്തുമ്പോൾ, രാജ്യത്തിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെടുമ്പോൾ പഞ്ചപുച്ഛമടക്കി നോക്കിനിൽക്കുന്ന ഭരണാധികാരിയുള്ള കാലത്ത് വേലുത്തമ്പിയുടെ സ്‌മരണ മറുപടിയാകും.
2007ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയായിരുന്ന എം എ ബേബി വേലുത്തമ്പി ദളവയ്‌ക്ക് അർഹമായ സ്‌മരണനിലനിർത്തുന്നതിലേക്ക് പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കലിൽ വേലുത്തമ്പി ദളവ മ്യൂസിയം നിർമിച്ചു. വേലുത്തമ്പിയുടെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിരുന്നു. താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള പുരാരേഖകൾ ലഭ്യമാക്കി ഗവേഷണസ്ഥാപനമായും ഉയർത്തി.









0 comments