കലാസ്നേഹികളേ, ഇത് കൊല്ലം നിറഞ്ഞാടിയ അരങ്ങ്

kalidasa
avatar
ഷെഹിൻഷാ

Published on Mar 01, 2025, 04:38 PM | 2 min read

കൊല്ലം : വേദിക്കുമുന്നിലുള്ള പൂഴിമണ്ണിൽ ജനം തിങ്ങിക്കൂടിയ രാവുകൾ. മുറുമുറുപ്പുകൾക്ക് അന്ത്യംവരുത്തി അതാ മൈക്കിലൂടെ അനൗൺസ്‌മെന്റ്. ‘പ്രിയ കലാസ്നേഹികളേ, അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു...' പിന്നൊരു നിശ്ശബ്ദതയാണ്. വർണാഭമായ വേദിയിൽ കഥാപാത്രങ്ങളെ സാകൂതം വീക്ഷിക്കാനുള്ള ആകാംക്ഷ. അഭിനേതാക്കളെ ആരാധനയോടെ കണ്ടിരുന്ന ജനത നാടകം അത്രമേൽ ആസ്വദിച്ചിരുന്നു.

ഒരുകാലത്ത് നാടകമെന്നാൽ കൊല്ലമായിരുന്നു, പ്രൗഢമായ നാടകപാരമ്പര്യം പേറുന്ന ജില്ല. കേരളത്തിലെ നാടകപ്രസ്ഥാനത്തിന് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തതില്‍ വലിയ പങ്കുവഹിച്ചത് ജില്ലയിലെ ഓണാട്ടുകര. ഓച്ചിറ പരബ്രഹ്മോദയ നാടകസഭയായിരുന്നു ആദ്യത്തെ പ്രശസ്തമായ നാടകക്കമ്പനി. ഓച്ചിറ വേലുക്കുട്ടിയുടെ ഉടമസ്ഥതയിലായിരുന്നു തുടക്കം. സ്വാമി ബ്രഹ്മവ്രതന്റെ (പ്രയാർ കോയിപ്പുറത്ത് കുട്ടനാശാൻ) കരുണ എന്ന നാടകത്തിലൂടെ കമ്പനിയുടെ പ്രശസ്തി ഉയർന്നു. കുഴിയിൽ നാണുപിള്ളയുടെ നേതൃത്വത്തിലായിരുന്നു ചരിത്രപ്രസിദ്ധ നാടകം ആദ്യമായി രം​ഗത്ത് അവതരിപ്പിച്ചത്. കരുണയിലെ ഉപ​ഗുപ്തന് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരും വാസവദത്തയ്ക്ക് ഓച്ചിറ വേലുക്കുട്ടിയും ഭാവംപകർന്നപ്പോള്‍ ശ്രീകൃഷ്ണനെ തേവലക്കര കുഞ്ഞൻപിള്ള അവതരിപ്പിച്ചു.


പുളിമാന പരമേശ്വരൻപിള്ളയുടെ ‘സമത്വവാദി’യാണ് ആധുനിക നാടകരീതിക്ക് വഴിത്തിരിവായത്. 1952 ഡിസംബർ ആറിന് ചവറ സുദർശന ടാക്കീസിൽ ആദ്യമായി അരങ്ങേറിയ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കേരളമാകെ ഏറ്റെടുത്തു. കാമ്പിശ്ശേരി കരുണാകരൻ, ജി ജനാർദനക്കുറുപ്പ്, ഒ മാധവൻ, വി സാംബശിവൻ, കെപിഎസി സുലോചന, സുധർമ, വിജയകുമാരി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


അമച്വർ നാടകപ്രസ്ഥാനം


പ്രൊഫഷണൽ നാടകസംഘങ്ങളുടെ ഈറ്റില്ലമായി കൊല്ലം മാറുന്നതിനു മുമ്പുതന്നെ അമച്വർ നാടകപ്രവർത്തനം ജില്ലയിൽ വേരാഴ്‌ത്തിയിരുന്നു. തിരുവനന്തപുരത്തെ അമച്വർ നാടകപ്രവർത്തനങ്ങളും മലബാർ കേന്ദ്ര കലാസമിതിയും ശക്തമായിരുന്ന കാലം. വക്കീല്‍ജോലിക്കൊപ്പം നാടകത്തെ സ്നേഹിച്ചിരുന്ന അഡ്വ. മാന്തറ ​ഗോപാലപിള്ള, വൈശ്യനഴികം വേലപ്പന്‍പിള്ള, പതിയില്‍ മാധവന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സജീവമായിരുന്ന നാടകപ്രസ്ഥാനം. ഈ ഘട്ടത്തില്‍ ദേശീയ കലാസമിതിയിലെ പി കെ വിക്രമന്‍നായര്‍ ഉള്‍പ്പെടെയുള്ള മഹാനടന്മാര്‍ അതിഥികളായെത്തി അരങ്ങ് കൊഴുപ്പിച്ചിരുന്നു.


ശാസ്താംകോട്ട, കൊല്ലം എസ്എന്‍ കോളേജ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവിടങ്ങളില്‍ ആരംഭിച്ച അമച്വര്‍ നാടകപ്രസ്ഥാനങ്ങളും പിന്നീട് ശ്രദ്ധേയമായി. 1970ലും 80ലും പുതിയ നാടകരചനകളും ഒരുപിടി കലാസമിതികളും കൊല്ലത്തിന്റെ നാടക ഭൂപടത്തില്‍ ഇടംപിടിച്ചു. ചിറ്റുമല യുവകലാവേദി, കൂട്ടിക്കട പ്രതിഭ, നീരാവില്‍ പ്രകാശ് കലാകേന്ദ്രം തുടങ്ങിയവ പ്രധാനപ്പെട്ടതാണ്. അമച്വര്‍ നാടക മത്സരത്തില്‍ 2003–2004 വര്‍ഷത്തെ സം​ഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ ഛായാമുഖി പ്രകാശ് കലാകേന്ദ്രമായിരുന്നു അവതരിപ്പിച്ചത്.


കാളിദാസ കലാകേന്ദ്രം


1960ല്‍ കെപിഎസി വിട്ട ഒ മാധവനൊപ്പം ഒ എന്‍ വിയും ദേവരാജനും വിജയകുമാരിയുമുണ്ടായിരുന്നു. തുടര്‍ന്ന് കൊല്ലം കേന്ദ്രമാക്കി കാളിദാസ കലാകേന്ദ്രം ആരംഭിച്ചു. കെപിഎസിയെ പോലെതന്നെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമാണ് കാളിദാസ കലാകേന്ദ്രത്തിനും ഉണ്ടായിരുന്നത്. വൈക്കം ചന്ദ്രശേഖരന്‍നായര്‍ എഴുതിയ ഡോക്‌ടര്‍ ആദ്യ നാടകം.


അന്‍സാര്‍ ലോഡ്ജ്


കേരളത്തില്‍ എവിടെയുമുള്ള കലാസംഘടനകളുടെ പരിപാടികള്‍ ഇടനിലക്കാരില്ലാതെ ബുക്ക്ചെയ്യാനായി ഒറ്റസ്ഥലത്ത് എത്തിയാല്‍ മതിയായിരുന്നു–- അന്‍സാര്‍ ലോഡ്ജ്. അജന്ത എന്നായിരുന്നു തുടക്കത്തിലുള്ള പേര്. അറ്റാടത്ത് വാസുദേവന്‍നായരും ഇസ്മയിലുമായിരുന്നു തുടക്കത്തില്‍ നാടക ബുക്കിങ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നത്. 1985–- 86 കാലത്ത് നാല്‍പ്പതോളം ബുക്കിങ് ഓഫീസുകളാണ് ഇവിടെ തുറന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home