നയിച്ചും ജ്വലിച്ചും


വി എസ് വിഷ്‌ണുപ്രസാദ്
Published on Mar 08, 2025, 12:15 AM | 1 min read
കോടിയേരി ബാലകൃഷ്ണൻ നഗർ : ബ്രാഞ്ച്‌അംഗം മുതൽ പൊളിറ്റ് ബ്യൂറോ അംഗങ്ങൾവരെ, പഞ്ചായത്ത് അംഗം മുതൽ മന്ത്രിമാർവരെ. സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികളായ വനിതകളെല്ലാം പൊതുരംഗത്ത് മികവ് തെളിയിച്ചവർ. പ്രതിനിധികളായി 75 വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ഉപരികമ്മിറ്റിയിൽനിന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതിയും കെ കെ ശൈലജയും പി സതീദേവിയും സി എസ് സുജാതയും പങ്കെടുക്കുന്നുണ്ട്. പ്രതിനിധികളിൽ ആർ ബിന്ദു, വീണാജോർജ് എന്നിവർ മന്ത്രിമാരാണ്. കെ കെ ശൈലജ, കെ ശാന്തകുമാരി, കാനത്തിൽ ജമീല എന്നിവർ എംഎൽഎമാരുമാണ്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ എന്നിവരുമുണ്ട്. സബിതാബീഗവും പ്രസന്ന ഏണസ്റ്റും മുൻ മേയർമാരാണ്. രാജാക്കാട് ഏരിയ സെക്രട്ടറി സുമ സുരേന്ദ്രനും കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജവും പ്രതിനിധികളാണ്.
പ്രസീഡിയത്തിൽ കെ പി മേരിയും പ്രമേയ കമ്മിറ്റിയിൽ കെ കെ ശൈലജയും ക്രഡൻഷ്യൽ കമ്മിറ്റിയിൽ കെ എസ് സലീഖയും മിനിറ്റ്‌സ് കമ്മിറ്റിയിൽ സി എസ് സുജാതയും പി കെ സൈനബയും അംഗങ്ങളാണ്.
ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി എൻ പ്രവിഷയാണ് വനിതാപ്രതിനിധികളിൽ പ്രായംകുറഞ്ഞയാൾ. 20 വനിതകളുള്ള ചുവപ്പുസേനയിൽ തിരുമുല്ലവാരം സ്വദേശി അനു ആറുമാസം മാത്രമായ കുഞ്ഞുമായി സജീവസാന്നിധ്യമാണ്. എംപി, എംഎൽഎ, മന്ത്രി എന്നിങ്ങനെ വിവിധ തലങ്ങളിൽ ജനപ്രതിനിധികളായിരുന്നവരും വനിതാപ്രതിനിധികളുടെ കൂട്ടത്തിലുണ്ട്.








0 comments