ശ്രീകുമാർ, ഇരുൾവഴിയിലെ ഊർജം

sreekumar
avatar
സ്വന്തം ലേഖിക

Published on Feb 06, 2025, 10:55 AM | 2 min read

കൊല്ലം : കൊല്ലം എസ്‌എൻ കോളേജിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളിൽനിന്ന്‌ കടുത്ത ആക്രമണം നേരിട്ട കാലം. എസ്എഫ്ഐക്കെതിരെ നക്സ‌ൽ ചിന്ത തലയ്ക്കുപിടിച്ചവരുടെ ആശയപ്രചാരണം ഒരുവശത്ത്. ഇന്ത്യയിലെ കരുത്തുറ്റ എസ്എഫ്ഐ യൂണിറ്റ് ആയ കോളേജിലെ എസ്എഫ്ഐ നേതാക്കളെ കായികമായി വകവരുത്താൻ ശ്രമിക്കുന്ന എബിവിപിയുടെയും ആർഎസ്എസിന്റെയും ശ്രമം മറുവശത്ത്. എന്നാൽ, എസ്‌എഫ്‌ഐ എന്ന മൂന്നക്ഷരത്തിന്റെ കരുത്ത്‌ ഒരുക്കിയ പ്രതിരോധത്തെ ഉലയ്‌ക്കാൻ അതിനൊന്നുമായില്ല. ക്യാമ്പസുകൾ സർഗാത്മകവും സംവാദാത്മകവും ആകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു ശ്രീകുമാറെന്ന്‌ അന്ന്‌ യൂണിയൻ ചെയർമാനായിരുന്ന പി കെ ഷിബു പറഞ്ഞു.


വിദ്യാർഥികളുടെ പഠനപരവും സർഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദിയായി കോളേജ് യൂണിയൻ പ്രവർത്തനം മാറ്റിയ എസ്എഫ്ഐ കോളേജിൽ വേരുറപ്പിക്കുന്നുവെന്നു മനസ്സിലാക്കിയതോടെ അതിനെ പിഴുതെറിയാമെന്നു മനക്കോട്ട കെട്ടിയ എബിവിപിയും ആർഎസ്എസും അക്രമ മാർഗം സ്വീകരിച്ചു. സൗഹാർദ ഇടപെടലിലൂടെ കോളേജിന്റെ മണ്ണിലും മനസ്സിലും ആഴത്തിൽ വേരൂന്നിയ സൗമ്യസാന്നിധ്യമായിരുന്ന ശ്രീകുമാർ വർഗീയതയുടെ കൊലക്കത്തിക്കിരയായി.


ഒന്നാംവർഷ പൊളിറ്റിക്‌സ് ബിരുദ വിദ്യാർഥിയായി 1982ൽ ആണ്‌ ശ്രീകുമാർ കോളേജിലെത്തുന്നത്‌. ശ്രീകുമാറിന്റെ കലാലയ പ്രവേശത്തിനു പിന്നിൽ ഒരു ചരിത്രമുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് നേരെ ബിരുദപഠനത്തിന് എത്തുകയായിരുന്നില്ല ശ്രീകുമാർ. രാജ്യസേവനത്തിനായി തദ്ദേശ പട്ടാളത്തിലായിരുന്ന ശ്രീകുമാർ അവിടെ മലയാളികൾക്കെതിരായി നടന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചാണ് പഠിക്കാനെത്തിയത്‌. ധിഷണാശാലിയും ആദർശ ശുദ്ധിയും തികഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്ന ശ്രീകുമാർ വിദ്യാർഥിപ്രക്ഷോഭങ്ങളിലും കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി.


ശ്രീകുമാർ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും ഭാർഗവൻപിള്ള സെക്രട്ടറിയുമായിരുന്നു. സംഘർഷഭരിതമായ ദിനങ്ങളായിരുന്നു അത്. മിസ്റ്റർ എസ്എൻ കോളേജ് ആയിരുന്ന ബാജി സോമരാജനെ ആർഎസ്എസുകാർ രാത്രിയിൽ വീട്ടിൽനിന്നു വിളിച്ചിറക്കി തലയ്ക്കു വെട്ടി. അക്രമങ്ങൾ തുടർക്കഥ ആയതോടെ ഏണസ്റ്റിന്റെയും റെജിയുടെയും നേതൃത്വത്തിൽ സംഘപരിവാറിന്റെ അക്രമങ്ങളെ നേരിടാൻ സമരപരിപാടികൾ ആരംഭിച്ചു. ഇരുഭാഗവും ശക്തിപ്രാപിച്ചതോടെ കോളേജ് അടച്ചു. വിദ്യാർഥിപ്രക്ഷോഭത്തിന്റെ പേരിൽ റെജി, എക്സ് എണസ്റ്റ്, പി കെ ഷിബു, എം എസ് നാസർ, പ്രിൻസ്, ഉല്ലാസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കെ കരുണാകരന്റെ ഭരണകാലമായ അന്ന്‌ വിദ്യാർഥികൾക്കെതിരെ പൊലീസ്‌ നരനായാട്ട് ആരംഭിച്ചു. തുടർന്ന്‌ ഒളിവിൽ പോയ ഞങ്ങളെ പിന്നീട്‌ അറസ്റ്റ്‌ ചെയ്‌തു. 22 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചു.


1982 ജനുവരി നാലിന്‌ കോളേജിൽ കടന്നുകയറി വിദ്യാർഥി നേതാക്കളെ വകവരുത്താൻ ശ്രമിച്ച വർഗീയശക്തികളെ സുന്ദരേശൻ, അനിൽകുമാർ, എസ് സുനിൽ, സി സുനിൽ എന്നിവർ വിദ്യാർഥികളെ സംഘടിപ്പിച്ച് ചെറുത്തു. അവർ പിന്തിരിഞ്ഞോടുന്നതിനിടയിലാണ്‌ ശ്രീകുമാർ കോളേജിലേക്ക് വന്നത്. സംഘം ലൈബ്രറി ഹാളിനു മുന്നിൽ ശ്രീകുമാറിന്റെ നെഞ്ചിൽ കഠാര കയറ്റി. സുന്ദരേശന്റെയും അനിലിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് ചോരയിൽ കുളിച്ചുകിടന്ന ശ്രീകുമാറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജയിൽമോചിതരായ ഏണസ്റ്റും പ്രിൻസും ഞാനും നാസറും കൂടി ജില്ലാ ആശുപത്രിയിലേക്കു പോകാൻ ഒരുങ്ങവെയാണ്‌ ശ്രീകുമാർ രക്തസാക്ഷിയായ വിവരമറിഞ്ഞത്. നവോത്ഥാന നായകരുടെ വിശിഷ്യ ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതിനാണ് ശ്രീകുമാർ രക്തസാക്ഷിത്വം വരിച്ചതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home