നിയമസഭയെ വിറപ്പിച്ച പെൺപട

niyamasabhaatemergency.
avatar
പി ആർ ദീപ്തി

Published on Feb 11, 2025, 01:04 PM | 2 min read

കൊല്ലം : ‘ബീഡി തെറുത്തുകൊണ്ടിരുന്ന അച്ഛന്റെ അടുത്തിരുന്ന്‌ കളിക്കവെ ഒരു പൊലീസുകാരനാണ്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്‌. എങ്ങോട്ടാണെന്ന്‌ ഒന്നും അറിയില്ല. അച്ഛന്റെ കൈയിൽത്തൂങ്ങി ചെന്നത്‌ കാക്കിയിട്ടവരുടെ മുന്നിൽ, പകച്ചുപോയി. പിന്നീട്‌ അച്ഛൻ പറഞ്ഞാണ്‌ കാര്യം അറിഞ്ഞത്‌, അടിയന്തരാവസ്ഥയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയ അമ്മയും മറ്റ്‌ അഞ്ചുപേരുമടങ്ങിയ പെൺപട ജയിലിലാണെന്ന്‌. എട്ടാം ദിവസം മാലയൊക്കെയിട്ട്‌ പാർടി സഖാക്കൾ നൽകിയ സ്വീകരണമേറ്റുവാങ്ങിയാണ്‌ അമ്മ വീട്ടിൽ എത്തിയത്‌. ഇന്നും നടുക്കുന്ന ഓർമയാണ്‌ എനിക്കത്‌’–- അടിയന്തരാവസ്ഥക്കാലത്ത്‌ നിയമസഭയിൽ കയറി മുദ്രാവാക്യം മുഴക്കിയ ഇരവിപുരം കയ്യാലയ്ക്കൽ ലക്ഷംവീട്ടിൽ പ്രഭാവതിയുടെ മകൾ അനിലകുമാരി പറഞ്ഞു.


വിവിധ കശുവണ്ടി സമരങ്ങളിലടക്കം മുൻനിരയിൽ നിൽക്കാനും നിരവധിതവണ ജയിൽവാസം അനുഭവിക്കാനും ധൈര്യംപകർന്നത്‌ അന്നത്തെ പ്രകടനമാണെന്ന്‌ അമ്മ പറയുമായിരുന്നു. അമ്മയ്‌ക്കൊപ്പം കുളക്കട ഇന്ദുഭവനിൽ ഇന്ദിര, കരിക്കോട് കശുവണ്ടി ഫാക്ടറി തൊഴിലാളി രാജമ്മ, കുണ്ടറയിൽനിന്നുള്ള ഭാർഗവി, ഷെരീഫ, കല്ലമ്പലത്ത് ഫാക്ടറി തൊഴിലാളിയായ കൊച്ചിക്ക എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേരള നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി മുദ്രാവാക്യം മുഴക്കിയത്‌. തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യണമെന്നതായിരുന്നു സമരത്തിനാധാരമായ വിഷയം.


സമരസപ്പെടാത്ത പോരാട്ടവീര്യം


1975 ജൂലൈ 26, നിയമസഭാ സമ്മേളന നടപടികൾ പുരോഗമിക്കുന്നു. അടച്ചിട്ട ഫാക്ടറികൾ തുറക്കുമെന്നും സൗജന്യറേഷൻ അനുവദിക്കുമെന്നുമുള്ള വാഗ്ദാനം നടപ്പാക്കാത്തതിനെപ്പറ്റി പി ജി പുരുഷോത്തമൻപിള്ള എംഎൽഎ വിഷയമുന്നയിച്ചു. തൊഴിൽമന്ത്രി വക്കം പുരുഷോത്തമൻ മറുപടി പറയവെയാണ്‌ ‘‘മന്ത്രി പറഞ്ഞത് ശരിയല്ല. സൗജന്യ റേഷൻ അനുവദിച്ചില്ല. അടിയന്തരാവസ്ഥ അറബിക്കടലിൽ’’ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച് ഈ സംഘം എഴുന്നേറ്റത്‌. അൽപ്പനേരം സഭ സ്‌തംഭിച്ചു. ഞെട്ടലോടെ നോക്കിയ ഭരണപക്ഷവും മുഖ്യമന്ത്രി കെ കരുണാകരനും കണ്ടത് ഉശിരോടെ മുദ്രാവാക്യം മുഴക്കുന്ന ആറംഗ പെൺപടയെ. ഉടൻ അറസ്റ്റും ബഹളവും. സമരസപ്പെടാനാകാത്ത പോരാട്ടവീര്യം സർക്കാരിനെ അറിയിക്കാനെത്തിയതായിരുന്നു അവർ. കൊടിയ മർദനത്തിലും അവരുടെ മുഷ്‌ടികൾ ഉയർന്നുതന്നെ നിന്നു. കൊല്ലത്തെ സിഐടിയു നേതാക്കളായ ഇന്ദിരയും പ്രഭാവതിയുമായിരുന്നു നേതൃത്വം നൽകിയത്‌. ഉണ്ടാകാനിടയുള്ള എല്ലാ പീഡനങ്ങളും മറന്നായിരുന്നു ആ പോരാട്ടം. പിന്നീട്‌ നീണ്ട ജയിൽവാസം ആൺ–--പെൺ ഭേദമില്ലാതെ പൊലീസുകാരുടെ അടിയും.


രാവിലെ ഏഴിനുതന്നെ പാർടി പ്രവർത്തകരാണ്‌ സംഘത്തെ നിയമസഭാ കവാടത്തിൽ എത്തിച്ചത്‌. വാച്ച്‌ ആൻഡ് വാർഡന്റെ ചോദ്യങ്ങൾക്ക്‌ മറുപടി പറയേണ്ടത് സംബന്ധിച്ചു നേരത്തെ നിർദേശം ലഭിച്ചിരുന്നു. 7.25ന് ഹാളിൽ പ്രവേശിച്ചു. എംഎൽഎയുടെ പാസ്‌ സംഘടിപ്പിച്ചാണ്‌ വാർഡന്‌ സംശയമുണ്ടാകാതെ ആറുപേരും ഹാളിലെത്തിയത്‌. മുദ്രാവാക്യം മുഴങ്ങിയതോടെ വാച്ച് ആൻഡ് വാർഡും പൊലീസും പറന്നെത്തി. ആറുപേരെയും ആദ്യം വെയിലത്ത് നിർത്തി. കുടിവെള്ളം പോലും നൽകിയില്ല. പിന്നീട്‌ പൂജപ്പുര സെൻട്രൽ ജയിലിൽ ഏഴുദിവസം. സഭയിലേക്ക്‌ ആരാണ് അയച്ചതെന്ന്‌ പറയിക്കാൻ പലവഴിയും പൊലീസ് നോക്കി. ജയിലിൽ കെ കരുണാകരൻ നേരിട്ടെത്തി. എന്നാൽ, ആറുപോരാളികളും അനങ്ങിയില്ല, സഭ കാണാനും നിവേദനം നൽകാനുമാണ്‌ പാസ് സംഘടിപ്പിച്ചതെന്നുമാത്രം മറുപടി. മോചിതരായശേഷവും ഇന്ദിരയും പ്രഭാവതിയും നിരവധി സമരങ്ങളുടെ മുന്നണിയിൽ വന്നു.



deshabhimani section

Related News

View More
0 comments
Sort by

Home