കുതിപ്പിന്‌ 
കരുത്തേകാൻ

Cpim Kerala State Conference
avatar
എം വി ഗോവിന്ദൻ

Published on Mar 08, 2025, 12:00 AM | 3 min read

diaryകേരളത്തിൽ എൽഡിഎഫ്‌ മൂന്നാമതും അധികാരത്തിൽ വരുന്നത് തടയാനായി വലതുപക്ഷ വർഗീയശക്തികളും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ചേർന്ന സഖ്യം ഏതറ്റംവരെയും പോകുമെന്ന് ഇന്നലെ ഈ കോളത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു. അത് അക്ഷരാർഥത്തിൽ പ്രതിഫലിപ്പിക്കുന്നതാണ് മലയാളത്തിലെ ഒരു പത്രം മുഖ്യവാർത്തയ്‌ക്ക് നൽകിയ "വികസനത്തിന് ഫീസ്’ എന്ന തലക്കെട്ട്. പിണറായി സർക്കാർ ജനങ്ങളുടെമേൽ വലിയഭാരം അടിച്ചേൽപ്പിക്കാൻ പോകുന്നെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. കൊല്ലത്ത്‌ ചേരുന്ന സിപിഐ എം സംസ്ഥാന സമ്മേളനം പ്രധാനമായും ജനവിരുദ്ധമായ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന പ്രതീതിനിർമാണവും വാർത്ത കൊടുത്തവരുടെ ലക്ഷ്യമാണ്. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിനെതിരെ ഏതുവിധേനയും ജനവികാരം സൃഷ്ടിക്കാനാണ് നീക്കം.


"നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖ വ്യാഴാഴ്ചയാണ് പാർടി പിബി അംഗം പിണറായി വിജയൻ സമ്മേളനത്തിനു മുമ്പാകെ അവതരിപ്പിച്ചത്. 2022ൽ എറണാകുളം സമ്മേളനത്തിൽ "നവകേരളത്തിനായുള്ള പാർടി കാഴ്ചപ്പാട്’ എന്ന രേഖ പിണറായിതന്നെ അവതരിപ്പിച്ചിരുന്നു. ഇത് എത്രമാത്രം നടപ്പാക്കിയെന്ന പരിശോധനയും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദീകരിക്കുന്നതാണ് പുതിയരേഖ. ലക്ഷ്യം കാണുന്നതിൽ ഏറെ മുന്നേറിയിട്ടുണ്ടെന്ന് വിലയിരുത്തിയ രേഖ ഇനിയും ചില മേഖലകളിൽ കുതിക്കേണ്ടതുണ്ടെന്ന് അടിവരയിടുകയും ചെയ്തു. ആറു ഭാഗമുള്ള ഈ രേഖയിൽ ‘സംസ്ഥാന സർക്കാരിന്റെ ഭാവി പദ്ധതികൾ’ എന്ന്‌ പറയുന്നിടത്താണ് ഭാവി കടമകളെക്കുറിച്ച് വിശദീകരിക്കുന്നത്.


ചെറുകിട കൃഷിയിടങ്ങളിലെ ഉൽപ്പന്നങ്ങളുടെ ശേഖരണം, പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത, തീരദേശ പാക്കേജ്, അന്താരാഷ്ട്ര സ്റ്റാർട്ടപ് ആവാസവ്യവസ്ഥ സൃഷ്ടിക്കൽ, ഐടി മേഖലയുടെ വികസനം, മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം, വൈവിധ്യമാർന്ന ടൂറിസം പദ്ധതികൾ, വൻതോതിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്‌, താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ, സർവിക്കൽ ക്യാൻസർ പ്രതിരോധത്തിന് വാക്സിനേഷൻ, കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ വികസനം, പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, ക്ഷേമ പെൻഷനുകളുടെ വർധന തുടങ്ങി നിരവധി തുടർവികസന -ക്ഷേമ ലക്ഷ്യങ്ങളാണ് ഈ രേഖ മുന്നോട്ടുവയ്‌ക്കുന്നത്.


cpim



ഇതെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ പൂർണമായും അവഗണിക്കുകയാണ്. ബജറ്റ് വിഹിതത്തിൽപ്പോലും കോടിക്കണക്കിനുരൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്. കേന്ദ്ര നികുതിവിഹിതം, വായ്പ, ഗ്രാന്റ്‌ എന്നിവയിലെല്ലാം വൻകുറവാണ് മോദിസർക്കാർ തുടർച്ചയായി വരുത്തുന്നത്. കേന്ദ്രത്തിന്റെ ഈ കടുത്ത അവഗണനയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാൻ തയ്യാറാകാത്ത മാധ്യമങ്ങൾ അധികവിഭവ സമാഹരണത്തിന് കേരളം വഴിതേടുമ്പോൾ അത് തടയാനുള്ള ശ്രമമാണ് പൊതുവേ നടത്തിവരുന്നത്. കേരളം ഒരുതരത്തിലും മുന്നോട്ടു വരരുത് എന്ന വാശിയോടെയാണ് കേരളത്തിലെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും പ്രവർത്തിച്ചുവരുന്നത്. യഥാർഥ വസ്തുതകൾ ജനങ്ങൾക്ക് പ്രദാനം ചെയ്യുകയെന്ന പ്രാഥമിക മാധ്യമധർമംപോലും പാലിക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.


ജനജീവിതത്തെ തുടർച്ചയായി വികസനവഴികളിലൂടെ മുന്നോട്ടുകൊണ്ടുപോകാതെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയില്ലെന്ന് സോവിയറ്റ് യൂണിയൻ അനുഭവങ്ങളെ വിശദീകരിച്ചുകൊണ്ട് ചെന്നൈയിൽ ചേർന്ന 14–--ാം പാർടി കോൺഗ്രസ് അവതരിപ്പിച്ച "ചില പ്രത്യയശാസ്ത്ര പ്രശ്‌നങ്ങൾ’ എന്ന രേഖ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കിയതോടെ ഫ്യൂഡലിസത്തിന്റെ സാമ്പത്തിക അടിത്തറ തകരുകയും ജന്മി എന്ന വർഗം ഉന്മൂലനം ചെയ്യപ്പെടുകയുമുണ്ടായി. ഈ ഘട്ടത്തിൽ പണമില്ലെന്ന് പറഞ്ഞ് വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയില്ല. അതിനാൽ അർഹമായ വിഹിതം ലഭിക്കാൻ കേന്ദ്രത്തോട് പൊരുതുന്നതോടൊപ്പം സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിന് നമ്മുടെ വിഭവസമാഹരണ സാധ്യതകളെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുകയും വേണം. ഈ ദിശയിലേക്കുള്ള ചില നിർദേശങ്ങളാണ് രേഖയിലുള്ളത്.


ഏറെക്കാലമായി വർധനയൊന്നും വരുത്താത്ത മേഖലകളിൽനിന്ന്‌ അധിക വിഭവസമാഹരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകൾ ചുമത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്നുമുള്ള ചോദ്യമുയർത്തുന്നത്.


തദ്ദേശഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ചേർന്ന് കാർഷികമേഖലയെ സഹായിക്കുംവിധമുള്ള വിഭവസമാഹരണം നടത്തുക, പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുള്ള സംവിധാനങ്ങൾക്ക്‌ രൂപംനൽകുക, നാടിന്റെ താൽപ്പര്യത്തിന് എതിരായി നിൽക്കാത്ത മൂലധനനിക്ഷേപങ്ങൾ സ്വീകരിക്കുക, ഏറെക്കാലമായി വർധനയൊന്നും വരുത്താത്ത മേഖലകളിൽനിന്ന്‌ അധിക വിഭവസമാഹരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകൾ ചുമത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്നുമുള്ള ചോദ്യമുയർത്തുന്നത്. ഈ സന്ദർഭത്തിലാണ് വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. അതിനുള്ള സാധ്യതകൾ ആലോചിക്കണം എന്നുമാത്രമാണ് രേഖ പറയുന്നത്. അത് ഒരുതരത്തിലും സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതോ അവരിൽ അധികഭാരം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിച്ചുള്ളതോ അല്ല. നിലവിൽത്തന്നെ ആരോഗ്യമേഖലയിലും മറ്റും വരുമാനത്തിനനുസരിച്ച് സേവനങ്ങളുടെ ഫീസ് എന്ന സമ്പ്രദായം ഉണ്ട്. സാധ്യതകൾ ആരായണമെന്നു പറയുന്നതുപോലും എന്തോ തെറ്റാണെന്ന് ധ്വനിപ്പിക്കാനുള്ള മാധ്യമശ്രമം വിലപ്പോകില്ല. കാരണം, നാടിന്റെ വികസനം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ന്യായമായ കാര്യങ്ങളോട് അവർ അനുകൂലമായി പ്രതികരിക്കുമെന്നുതന്നെയാണ് പാർടി വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കൊല്ലം സമ്മേളനം നവകേരളത്തെ പുതുവഴിയിലേക്ക് നയിക്കാൻ ആവശ്യമായ തീരുമാനം കൈക്കൊള്ളുകതന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home