രാഷ്ട്രീയനയ രൂപീകരണം ജനകീയ മാതൃക

deepasikhaa
avatar
എം വി ഗോവിന്ദന്‍

Published on Mar 06, 2025, 01:30 PM | 3 min read

സിപിഐ എം ഭരണഘടനയിലെ 14–-ാം വകുപ്പ്‌ അനുസരിച്ച് മൂന്നു കൊല്ലത്തിലൊരിക്കൽ കേന്ദ്രകമ്മിറ്റി പാർടി കോൺഗ്രസ് വിളിച്ചുചേർക്കണം. അതിന്റെ ഭാഗമായാണ് ബ്രാഞ്ച് മുതൽ സംസ്ഥാന ഘടകംവരെ സമ്മേളനങ്ങൾ ചേരുന്നത്. കേരളത്തിൽ 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയായി. തുടർന്നാണ്‌ സംസ്ഥാനസമ്മേളനം കൊല്ലത്തു ചേരുന്നത്‌.


സമകാലിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പാർടിയുടെ നയം തീരുമാനിക്കുന്നത്‌ പാർടി കോൺഗ്രസായിരിക്കും. സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയത്തിന്റെ കരട് രണ്ടുമാസം മുമ്പുതന്നെ പരസ്യപ്പെടുത്തി. പാർടിഘടകങ്ങളും അംഗങ്ങളും അത് ചർച്ചചെയ്ത് ഭേദഗതികളും നിർദേശങ്ങളും കേന്ദ്രകമ്മിറ്റിക്കു നൽകുകയാണ്. പൊതുജനങ്ങൾക്കും ഭേദഗതികളും നിർദേശങ്ങളും സമർപ്പിക്കാം. ഇവയാകെ പരിശോധിച്ച് അംഗീകരിക്കേണ്ടവ അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയുംചെയ്ത ശേഷമാണ് കേന്ദ്രകമ്മിറ്റി രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകാൻ പാർടി കോൺഗ്രസിൽ അവതരിപ്പിക്കുക. അടുത്ത പാർടി കോൺഗ്രസ് വരെയുള്ള പ്രവർത്തനങ്ങൾക്കാകെ വഴികാട്ടിയാകുന്നത് രാഷ്ട്രീയ പ്രമേയമായിരിക്കും. അതായത് വിപുലമായ ജനകീയ പ്രാതിനിധ്യമാണ് രാഷ്ട്രീയനയം രൂപപ്പെടുത്തുന്നതിൽ പാർടി സ്വീകരിക്കുന്നത്. ഈ രീതിയിൽ പാർടി അംഗങ്ങളുടെ ആകെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ രാഷ്ട്രീയനയം രൂപീകരിക്കുന്ന പാർടി രാജ്യത്ത് വേറെ ഇല്ല എന്നുതന്നെ പറയാം.


ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിലാണ് 24–-ാം പാർടി കോൺഗ്രസ് ചേരുന്നത്. നേരത്തെ രണ്ടുതവണ പാർടി കോൺഗ്രസിനു വേദിയായ നഗരമാണിത്. 1953ൽ മൂന്നാം പാർടി കോൺഗ്രസും 1972ൽ ഒമ്പതാം പാർടി കോൺഗ്രസും. ബഹുജനങ്ങളെ അണിനിരത്തി വൻ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് എ കെ ജി സെന്ററിലെത്തിയ സ്വാഗതസംഘം ചെയർമാനും പാർടി കേന്ദ്രകമ്മിറ്റി അംഗവുമായ കെ ബാലകൃഷ്ണൻ അറിയിക്കുകയുണ്ടായി.


കേരളത്തിൽ സെപ്തംബർ ഒന്നിനാണ് ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമായത്. അതായത് ആറുമാസമായി കേരളത്തിൽ ബ്രാഞ്ച് മുതൽ സംസ്ഥാനതലം വരെ സമ്മേളനങ്ങൾ ചേരുകയാണ്. 2022 ഏപ്രിലിൽ കണ്ണൂരിൽ ചേർന്ന 23–--ാം പാർടി കോൺഗ്രസിനു ശേഷമുള്ള രാഷ്ട്രീയവും സംഘടനാപരവുമായ സംഭവവികാസങ്ങൾ അതത് പാർടി ഘടകങ്ങൾ ചർച്ചചെയ്തു. ഒപ്പം ആ ഘടകത്തിന്റെയും ഓരോ അംഗത്തിന്റെയും പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന സന്ദർഭമാണിത്. വിമർശനം, സ്വയംവിമർശനം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധന. വിമർശം എന്നു പറഞ്ഞാൽ കലാപമാണ് എന്ന തരത്തിലാണ് മാധ്യമങ്ങൾ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്. ഈ പാർടിയുടെ പ്രവർത്തനശൈലി അറിയുന്ന ആരും ഇതു സ്വീകരിക്കില്ല. കാമ്പുള്ള ചർച്ചകളോടെ, അച്ചടക്കത്തോടെയാണ് ഓരോ ഘടകവും സമ്മേളനം ചേർന്നത്.


ഓരോ പാർടിഘടകവും പ്രവർത്തിക്കുന്ന പ്രദേശത്തെയും രാജ്യത്തെയും ലോകത്തെയും രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പം സംഘടനാപരമായ ശക്തി-ദൗർബല്യങ്ങളെയും സൂക്ഷ്‌മമായി വിലയിരുത്തുന്നവയാകും ഓരോ സമ്മേളനങ്ങളും. അടുത്ത സമ്മേളന കാലം വരെയുള്ള കമ്മിറ്റികളെയും അതത് സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധികൾ തെരഞ്ഞെടുക്കുന്നത്‌ ജനാധിപത്യപരമായിട്ടാണ്‌. ഇങ്ങനെ നയരൂപീകരണത്തിലും നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും പൂർണമായും ജനാധിപത്യം ഉറപ്പാക്കുന്നുവെന്നതാണ് മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടികളുടെ സവിശേഷത. ഭരണത്തിലുള്ളവയായാലും ഇല്ലാത്തവയായാലും ജനാധിപത്യമില്ലാത്ത രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിതരാകുമ്പോഴുമെല്ലാം കമ്യൂണിസ്റ്റ് പാർടികളുടെ പൊതുവായ ശൈലി ഏറെക്കുറെ ഇതുതന്നെയാണ്.


പാർടി സമ്മേളനങ്ങൾ കേവലമായി ഒരടച്ച മുറിയിലിരുന്ന്‌ നടത്തുന്ന ചർച്ചയല്ല മറിച്ച് അതൊരു ജനകീയവിദ്യാഭ്യാസ പരിപാടിയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട വിവിധപ്രശ്നങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്ന പരിപാടികളാണ് കേരളമെങ്ങും ആറുമാസം നടന്നത്. സിപിഐ എമ്മുമായോ ഇടതുപക്ഷവുമായോ ഇതുവരെയും സഹകരിക്കാൻ തയ്യാറാകാത്ത നിരവധിപേരാണ് ഇത്തരം പരിപാടികളിൽ ഭാഗഭാക്കായത്. പാർടിയുടെ അടിത്തറയാണ് വിപുലീകരിക്കപ്പെടുന്നത്.


കൊല്ലം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന് പുറമെ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ "നവകേരളത്തിനായുള്ള പുതുവഴികൾ’ എന്ന വികസനരേഖ അവതരിപ്പിക്കും. എറണാകുളത്ത് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പിണറായി നവകേരള വികസനരേഖ അവതരിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഇതിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പ്രതിനിധികൾ വിശദമായ ചർച്ചനടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ നവകേരളത്തിനായുള്ള പുതുവഴികൾ എന്ന രേഖയ്‌ക്ക് അന്തിമരൂപം നൽകുകയും ചെയ്യും. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ഈ രേഖയിൽ ഉരുത്തിരിയുന്ന പുതുനിർദേശങ്ങൾ ഉൾപ്പെടുത്താനാകും. അതായത് കേരളത്തിലെ മൂന്നാം എൽഡിഎഫ് സർക്കാരിന് ദിശാബോധം നൽകുന്ന കാഴ്‌ചപ്പാടായിരിക്കും ഈ രേഖവഴി സംസ്ഥാന സമ്മേളനം മുന്നോട്ടുവയ്ക്കുക. 1957ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് സർക്കാരിന് ദിശാബോധം നൽകിയത് 1956ൽ തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി സമ്മേളനവും അതിൽ അംഗീകരിച്ച വികസനരേഖയുമായിരുന്നു. ആ അർഥത്തിൽ ചരിത്രത്തിൽ ഇടംപിടിക്കുന്ന സംസ്ഥാന സമ്മേളനമായിരിക്കും കൊല്ലത്തേതും.


പാർടി സമ്മേളനങ്ങളിലൂടെ കരുത്താർജിക്കുന്ന സംഘടനാശേഷിയും കഴിവും പരമാവധി ഉപയോഗപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിക്കുന്നതിനൊപ്പം മൂന്നാം എൽഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാനും കഴിയേണ്ടതുണ്ട്. ഫെബ്രുവരി അവസാനവാരം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന കേരളം മേൽപ്പറഞ്ഞ രീതിയിൽ ചിന്തിക്കുന്നുവെന്നാണ്. യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയശക്തികളുമായി (തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡ്) കൈകോർത്ത് മത്സരിച്ചിട്ടു പോലും ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫും ബിജെപിയും അവരെ പിന്തുണയ്‌ക്കുന്ന ഭൂരിപക്ഷം മാധ്യമങ്ങളും എത്രമാത്രം ആക്രമിച്ചാലും തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായി നവകേരള നിർമാണത്തിന് പുതുവഴികൾ തേടുന്ന എൽഡിഎഫിനൊപ്പമായിരിക്കും ജനങ്ങൾ നിലകൊള്ളുകയെന്ന് വ്യക്തമാകുകയാണ്. ആ പൊതുബോധ്യം ശക്തിപ്പെടുത്താനാവശ്യമായ തീരുമാനങ്ങളും നടപടികളുമായിരിക്കും സംസ്ഥാന സമ്മേളനം കൈക്കൊള്ളുക.




deshabhimani section

Related News

View More
0 comments
Sort by

Home