അധികാരക്കരുത്തിനെ തകർത്ത സമരവീര്യം

സനു കുമ്മിൾ
Published on Feb 25, 2025, 02:25 PM | 2 min read
കടയ്ക്കൽ : ആയിരക്കണക്കിനു സാധാരണക്കാരെ ഭൂമിയുടെ ഉടമകളാക്കി മാറ്റിയ കഥയാണ് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന ചക്കമല സമരത്തിനുള്ളത്. കിഴക്കൻ മേഖലയിൽ പാർടിയെ ശക്തിപ്പെടുത്തുന്നതിലും സമരം പങ്കുവഹിച്ചു. ചിതറയിലും ചടയമംഗലത്തും കുട്ടിവനങ്ങൾ വെട്ടിത്തെളിച്ച് പാവങ്ങൾക്കു പതിച്ചുനൽകണമെന്ന് 1957-ൽ കമ്യൂണിസ്റ്റ് പാർടി ആവശ്യപ്പെട്ടിരുന്നു. കൊല്ലം ജില്ലയ്ക്കു പുറമേ തിരുവനന്തപുരം ജില്ലയിലെ കർഷകസംഘം വെള്ളനാട് സമ്മേളനത്തിൽ കല്ലറ, പാങ്ങോട് ഭാഗത്തെ വനഭൂമി വെട്ടിത്തെളിച്ച് ഭൂരഹിതർക്കു വിതരണംചെയ്യണമെന്ന് പ്രമേയവും പാസാക്കി. അതിനു പിറകെ എ കെ ജി അടക്കമുള്ള നേതാക്കൾ വളന്റിയർമാരായി മിച്ചഭൂമിയിലേക്കു കയറി കൊടിനാട്ടി. മിച്ചഭൂമി അല്ലാതാക്കാൻ ഭൂവുടമകൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നൽകിയിരുന്ന കേസ് നിലനിൽക്കുന്ന ഇടങ്ങളിൽ ഭൂമിയിലേക്കു കയറാൻ ആകുമായിരുന്നില്ല. ചിതറ പഞ്ചായത്തിലെ പല മിച്ചഭൂമിയും അപ്രകാരമുള്ളതായിരുന്നു.
അച്യുതമേനോൻ സർക്കാരാണ് പുന്നപ്ര-–-വയലാർ സമരസേനാനികൾക്ക് ചക്കമലയിൽ ഭൂമി നൽകിയത്. 600പേർക്ക് രണ്ടുഘട്ടമായി രണ്ടേക്കർവീതം നൽകി. ആ ഭൂമി ലഭിച്ച ആളുകളെ സംഘടിപ്പിച്ച് സിപിഐ പുന്നപ്ര–-വയലാർ സഹകരണ സംഘം രജിസ്റ്റർചെയ്ത് കൃഷി തുടങ്ങി. അതിന്റെ മറപിടിച്ച് സർക്കാരിന്റെ തരിശുഭൂമി കൈയേറി കൃഷിചെയ്യാനും ശ്രമം നടന്നു. എന്നാൽ, ആ ഭൂമി പാവപ്പെട്ടവനു നൽകാൻ കർഷക തൊഴിലാളി യൂണിയനും സിപിഐ എമ്മും സമരരംഗത്ത് വരികയായിരുന്നു. പുന്നപ്ര–-വയലാറുകാർക്ക് കൊടുത്തിട്ടും ബാക്കി ഭൂമിയുണ്ടെന്നും വിതരണം ചെയ്തതിനിടയിൽ 2000 ഏക്കറോളം പാറത്തരിശായി (പുറമ്പോക്ക്) മാറ്റിയിട്ടിട്ടുണ്ടെന്നും മനസ്സിലാക്കി.
1972 ആരംഭത്തിൽ നിശ്ചയിച്ച ദിവസം രാത്രി ചിതറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽനിന്ന് ചക്കമല തരിശുഭൂമിയിൽ കയറാൻ പഞ്ചായത്തൊട്ടാകെ കർഷകയോഗങ്ങൾ വിളിച്ചുകൂട്ടി. 50 സെന്റിൽ കൂടുതൽ കൈയേറരുതെന്നും പുന്നപ്ര–-വയലാറുകാർക്ക് കൊടുത്ത ഭൂമിയിൽ കയറരുതെന്നും കർശന നിർദേശം നൽകി. ഭരണകക്ഷിയിലെ പാർടികൾ സമരത്തിനെതിരെ സർവസന്നാഹവും കൈക്കൊണ്ടു. ഭൂമി ലഭിച്ച പുന്നപ്ര–-വയലാർ സമരസേനാനികളെ ഇവിടെ വിളിച്ചുവരുത്തി സ്ഥിരമായിത്തങ്ങാൻ നിർദേശം നൽകി. അവരുടെ ഭൂമിയാണ് കൈയേറുന്നതെന്ന് പ്രചാരണം നടത്തി. വളന്റിയർ സേനയെ ചക്കമലയിൽ അണിനിരത്തി. സൊസൈറ്റി ഷെഡ് അവരുടെ ക്യാമ്പായി. ചല്ലിമുക്കിൽ അവർ ചെക്ക്പോസ്റ്റ് സ്ഥാപിച്ചു, തുടർന്ന് സിആർപി ക്യാമ്പും. എന്നാൽ, രാത്രി വ്യാപകമായി മൺവെട്ടിയും വെട്ടുകത്തിയും ചെങ്കൊടിയുമായി ആളുകൾ കയറിയപ്പോൾ ചെറുക്കാൻ അവർക്കാകുമായിരുന്നില്ല. ചക്കമല പുറമ്പോക്കുവാസികൾക്കും ഭൂരഹിതർക്കുമൊപ്പം പാങ്ങോട്, കല്ലറ, കടയ്ക്കൽ, ഇട്ടിവ, ചടയമംഗലം ഭാഗത്തുനിന്ന് നുറുകണക്കിനാളുകൾ ഭൂമിയിൽ കയറി. കൊല്ലായിൽ കുറക്കോട് ഭാഗത്ത് നേതൃത്വം നൽകിയത് എസ് സുദേവനായിരുന്നു.
സമരം സംസ്ഥാനമൊട്ടാകെ ചർച്ചാവിഷയമായി. എ കെ ജി, വി എസ് അച്യുതാനന്ദൻ, സുശീലാ ഗോപാലൻ, പി വി കുഞ്ഞിക്കണ്ണൻ തുടങ്ങിയ നേതാക്കളെത്തി. "പൊലീസും പട്ടാളവും വന്നാക്രമിച്ചാൽ മലമുകളിൽനിന്ന് പാറയുരുട്ടിയിടാൻ’ കിഴക്കുംഭാഗത്തു ചേർന്ന യോഗത്തിൽ എ കെ ജി ആഹ്വാനം ചെയ്‌തു. എൻ ശ്രീധരൻ, എസ് രാമചന്ദ്രൻപിള്ള, എം കെ ഭാസ്കരൻ, എൻ സുന്ദരേശൻ, കല്ലറ വാസുദേവൻപിള്ള, അവണാകുഴി സദാശിവൻ, പ്രഫുല്ല ചന്ദ്രൻ തുടങ്ങിയ നേതാക്കൾ നിരന്തരം ഇടപെട്ടു.
1980ൽ നായനാർ മന്ത്രിസഭയുടെ കാലത്ത് തരിശുപുറമ്പോക്ക് കൈവശക്കാർക്ക് മുഴുവൻ പട്ടയം നൽകിയതോടെ ചക്കമല ഭൂസമരം അന്തിമവിജയം കണ്ടു. 1979-ൽ നടന്ന തെരഞ്ഞടുപ്പിൽ ചിതറ പഞ്ചായത്തിൽ സിപിഐ എം ഭരണത്തിലെത്തുകയും ഇന്നത്തെ പാർടി സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ പ്രസിഡന്റാകുകയും ചെയ്തു. പഞ്ചായത്ത് ഭരണം പ്രയോജനപ്പെടുത്തി 1980-ൽ കൈവശക്കാർക്ക് പട്ടയം നൽകാനായി പ്രവർത്തിച്ചു. സുന്ദരേശൻ, കെ ശിവരാജപിള്ള, എസ് സുദേവൻ, എസ് രാജേന്ദ്രൻ, സി കെ പ്രസന്നകുമാർ തുടങ്ങിയവരായിരുന്നു ചക്കമല സമരത്തിന്റെ നേതൃത്വത്തിൽ.









0 comments