ചേട്ടന്റെ ഓർമകളുണ്ട്; ആര്യക്ക് കരുത്തായി


വി എസ് വിഷ്‌ണുപ്രസാദ്
Published on Mar 09, 2025, 12:00 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ : സമ്മേളനവേദിയിലെ റെഡ്‌വളന്റിയർ ആര്യ പ്രസാദ് പ്രതിനിധികൾക്കെല്ലാം സുപരിചിതയാണ്. ധീര രക്തസാക്ഷി അജയ് പ്രസാദിന്റെ കുഞ്ഞനുജത്തിയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ആര്യ സമ്മേളനഹാളിലെ നിറസാന്നിധ്യമാണ്.
അജയ് പ്രസാദിന്റെ രക്തസാക്ഷിത്വത്തിന് 18 വർഷം തികയുന്ന വേളയിലാണ് കൊല്ലത്ത് വീണ്ടും സംസ്ഥാന സമ്മേളനം എത്തിയത്. അതിൽ റെഡ്‌വളന്റിയറായി പൂർണസമയം പ്രവർത്തിക്കാനായതിന്റെ ആവേശത്തിലാണ് ആര്യ.
ആര്യക്ക് ആറുവയസ്സുള്ളപ്പോഴാണ് അജയ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തെക്കുറിച്ച് സ്‌നേഹമുള്ള ഓർമകളാണ് ഇന്നും ആര്യയുടെ മനസ്സിൽ. ‘കണ്ണൻ എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. ഞങ്ങൾ മൂന്നു സഹോദരങ്ങളാണ്. ഞാനാണ് ഏറ്റവും ഇളയത്. കർക്കശ സ്വഭാവത്തിലൂടെയാണ് ചേട്ടൻ സ്‌നേഹം പങ്കുവച്ചിരുന്നത്. കുഞ്ഞനുജത്തി എന്ന സ്‌നേഹത്തോടെ കൊണ്ടുനടക്കും. അടുത്തിരുത്തി തലമുടി ചീകിത്തരുന്നതൊക്കെ ഇന്നും ഓർക്കുന്നു’–- ആര്യ പറഞ്ഞു.
എസ്‌എഫ്‌ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയായിരിക്കെ 2007 ജൂലൈ 20ന് ആണ് ആർഎസ്‌എസുകാർ അജയ് പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. എബിവിപി ആധിപത്യം പുലർത്തിയിരുന്ന ക്ലാപ്പന എസ്‌വിഎച്ച്‌എസിൽ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റും എസ്‌എഫ്‌ഐ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ഇത്.
തിരുവനന്തപുരം ലോ അക്കാദമിയിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയാണ് ആര്യ. സഹോദരൻ ആഗ്രഹിച്ചപോലെ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും ആര്യ പറഞ്ഞു.








0 comments