ബ്രിട്ടീഷ് ഭരണത്തെ വിറപ്പിച്ച ജനകീയ പോരാട്ടം

കടയ്ക്കൽ വിപ്ലവ സ്മാകരത്തിലെ മണൽശിൽപം
സനു കുമ്മിൾ
Published on Feb 10, 2025, 12:33 PM | 1 min read
കടയ്ക്കൽ : ചരിത്രം ബോധപൂർവം മറന്ന സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നു കടയ്ക്കൽ വിപ്ലവം. വളരെ കുറച്ച് ദിവസങ്ങളാണെങ്കിൽപോലും കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് ജനം അധികാരം പിടിച്ചെടുത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ബദൽ സർക്കാർ ഉണ്ടാക്കിയിട്ടുള്ളത്. അതിലൊന്നാണ് 1938ൽ കടയ്ക്കലിൽ നടന്ന കർഷകവിപ്ലവം. സർ സിപിയുടെ കിരാതവാഴ്ചയും അധികാര രൂപങ്ങളും ഒമ്പതു ദിവസത്തേക്ക് തുരത്തിയായിരുന്നു കടയ്ക്കൽ സ്വതന്ത്ര്യരാജ്യമായി മാറിയത്. കടയ്ക്കൽ ചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയാണ് സമരത്തിന്റെ തുടക്കം.
1938 സെപ്തംബര്‍ 26ന് ജനം ചന്തയ്ക്ക് പുറത്തു ഒത്തുകൂടി സമാന്തര ചന്ത നടത്തി. തുടര്‍ന്ന് കരാറുകാരും ഗുണ്ടകളും ചന്ത ആക്രമിച്ചു. ആക്രമിക്കാൻ പൊലീസും ഒപ്പം ചേർന്നതോടെ ജനം തിരിച്ചടിച്ചു. അടുത്ത ദിവസം രണ്ടു പ്ലാറ്റൂൺ പട്ടാളം കടയ്ക്കലെത്തി. പൊലീസ് ജനത്തെ മർദിക്കാന്‍ തുടങ്ങി. ഈ സമയത്തു ചിതറയിൽനിന്ന് ജാഥയായി സമരക്കാർ കടയ്ക്കൽ ഭഗവതി ക്ഷേത്രമൈതാനത്തേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. ആയിരത്തിലേറെ പേർ ജാഥയിൽ അണിനിരന്നു. "ബീഡി’ വേലുവായിരുന്നു ജാഥാ ക്യാപ്റ്റൻ. തൃക്കണ്ണാപുരം പാങ്ങലുക്കാടുവച്ച് ജാഥ പൊലീസ് തടഞ്ഞു.

പിരിഞ്ഞുപോകാൻ സാധ്യമല്ലെന്ന് അറിയിച്ചതോടെ തഹസിൽദാർ ബീഡി വേലുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. തന്നെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഇൻസ്പെക്ടർ അസ്സറിയുമായി വേലു ഇടഞ്ഞു. ഈ സമയത്ത് യാദൃശ്ചികമായി അവിടെയെത്തിയ പുതിയവീട്ടിൽ രാഘവൻപിള്ള ഇൻസ്പെക്ടറെ മര്‍ദിച്ചു. താഴെ വീണ ഇൻസ്പെക്ടർ ബസിൽ ഓടിക്കയറി ലാത്തിചാർജിനു നിർദേശം നൽകി. ജാഥ കടയ്ക്കലിൽ എത്തിയപ്പോൾ പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കാൻ നിശ്ചയിച്ചു. പൊലീസുകാർ ആരുമില്ലാതിരുന്ന ഔട്ട് പോസ്റ്റ് പ്രക്ഷോഭകർ ആക്രമിച്ചു.
ജനം തിരിച്ചടിച്ചതോടെ കടയ്ക്കൽ കേന്ദ്രമായി സ്വതന്ത്രരാജ്യം പ്രഖ്യാപിക്കപ്പെട്ടു. രാജാവായി പുതിയവീട്ടിൽ രാഘവൻപിള്ളയെയും മന്ത്രിമാരായി പരമേശ്വരൻപിള്ളയെയും ചന്തിരൻ കാളിയമ്പിയെയും തെരഞ്ഞെടുത്തു. പട്ടാളത്തിന്റെ ആക്രമണത്തിലും ശിക്ഷാവിധിയിലും നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. പഞ്ചായത്ത് മുൻകൈ എടുത്താണ് കടയ്ക്കൽ സമര സ്മാരകം സ്ഥാപിച്ചത്. എസ് വിക്രമൻ നേതൃത്വത്തിലിരിക്കെ കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ സമരഭാഗങ്ങൾ ശില്‍പ്പങ്ങളാക്കി സ്മാരകത്തിൽ കൊത്തിവച്ചു.









0 comments