അപൂർവ കാഴ്ച; ന്യൂസിലൻഡിന്റെ ആകാശത്ത് ചുവപ്പ് മിന്നൽ പ്രതിഭാസം

വെല്ലിങ്ടൺ: ആകാശത്ത് അപൂർവമായി മാത്രം കാണുന്ന ചുവന്ന മിന്നൽ പ്രതിഭാസം ന്യൂസിലൻഡിന്റെ ആകാശത്ത് ദൃശ്യമായി. "റെഡ് സ്‌പ്രൈറ്റ്‌സ്" എന്നറിയപ്പെടുന്ന ഈ ചുവന്ന മിന്നൽ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലെ ഒമാരാമ ക്ലേ ക്ലിഫ്‌സിന് മുകളിൽ നിന്നാണ് മൂന്ന് ഫോട്ടോഗ്രാഫർമാർ ചേർന്ന് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഒക്ടോബർ 11-ന് മിൽകി വേയുടെ ചിത്രങ്ങൾ എടുക്കാൻ എത്തിയ ന്യൂസിലൻഡിൽ നിന്നുള്ള ടോം റേ, സ്പാനിഷ് ഫോട്ടോഗ്രാഫർമാരായ ഡാൻ സാഫ്ര, ജോസ് കാന്റാബ്രാന എന്നിവർക്കാണ് ഈ അവിസ്മരണീയ കാഴ്ച ലഭിച്ചത്.
ഇടിമിന്നലുകൾക്ക് മുകളിലെ അന്തരീക്ഷത്തിൽ, ഏകദേശം 90 കിലോമീറ്റർ വരെ ഉയരത്തിൽ സംഭവിക്കുന്ന, വലിയ തോതിലുള്ള വൈദ്യുത പ്രവാഹങ്ങളാണ് റെഡ് സ്‌പ്രൈറ്റ്‌സ്. സാധാരണ മിന്നൽ ഭൂമിയിലേക്ക് പതിക്കുമ്പോൾ, ഈ പ്രതിഭാസം മുകളിലേക്ക് അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് കുതിച്ചുയരുന്നു. ഇതാണ് ചുവന്ന വെളിച്ചമായി നമുക്ക് കാണാനാകുന്നത്.
ഒരു മില്ലിസെക്കൻഡ് മാത്രം ദൈർഘ്യമുള്ളതിനാൽ ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ വളരെ പ്രയാസമാണ്. മിൽക്കി വേയും റെഡ് സ്‌പ്രൈറ്റ്‌സും ഒരേ ഫ്രെയിമിൽ വന്ന ആദ്യ ചിത്രങ്ങളിലൊന്നാണിത്.









0 comments