സ്പാനിഷ് തേരോട്ടം; സൗദിയെ നാല് ഗോളിൽ മുക്കി തിരിച്ചു വരവ്

അറ്റ്‌ലാന്റ: സൗദി അറേബ്യയെ ഗോളിൽ മുക്കി തിരിച്ചുവരവ് ആഘോഷിച്ച് സ്പെയിൻ. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ടീം സൗദിക്കെതിരെ ഉദിച്ചുയർന്നു. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് സ്പെയിന്‍ സൗദിയെ തര്‍ത്തത്. ഇരട്ടഗോൾ നേടിയ മിക്കേൽ ഒയർസബാലാണ് വിജയശിൽപി.
കളിതുടങ്ങി പത്താം മിനിറ്റിൽ തന്നെ സ്പെയിൻ ഗോളടി തുടങ്ങി. മിക്കേൽ ഒയർസബാൽ നൽകിയ പന്ത് പതിനെട്ടുകാരൻ ലമീൻ യമാൽ അനായാസം വലയിലേക്ക് തട്ടിയിട്ടു. ലോകകപ്പിൽ യമാലിന്റെ ആദ്യ ഗോളാണിത്. പിന്നാലെ സമ്പൂർണാധിപത്യം ഏറ്റെടുത്ത സ്പെയിൻ തുടരെ രണ്ടു ഗോളുകൾ കൂടി നേടി സൗദിയെ ഞെട്ടിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ മിക്കേൽ ഒയർസബാൽ തൊടുത്ത ഷൂട്ട്, ഗോൾ കീപ്പർക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുൻപുതന്നെ പോസ്റ്റിലെത്തി. മൂന്ന് മിനിറ്റുകൾക്കുള്ളിൽ ആടുത്ത ഗോളുമെത്തി. പോസ്റ്റിന് മുന്നിൽനിന്ന് കിട്ടിയ പന്ത് ഒയർസബാൽ കൃത്യമായി വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പെയിൻ സൗദി ഗോൾ മുഖത്ത് ആക്രമണങ്ങൾ അഴിച്ചു വിട്ടു. 49-ാം മിനിറ്റിൽ സൗദി ഡിഫൻഡറുടെ സെൽഫ് ഗോൾ സ്പെയിനിന്റെ ലീഡ് നാലാക്കി. ഒരു കോർണറിനുശേഷം മാർക്ക് കുക്കുറേയുടെ ഷോട്ട് സൗദി ഗോളി മുഹമ്മദ് അൽ ഒവൈസ് തടഞ്ഞെങ്കിലും ഡിഫൻഡർ ഹസൻ തംബക്തിയുടെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.
മികച്ച അവസരങ്ങൾ സ്പെയിൻ പാഴാക്കിയതോടെ പിന്നീട് ഗോൾ പിറന്നില്ല. 61 ശതമാനം പന്തടക്കത്തോടെ കളി നിയന്ത്രിച്ച സ്പെയിൻ 21 തവണയാണ് ഷോട്ട് പായിച്ചത്. ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് ആയി.









0 comments