ad
Deshabhimani

print edition സമാധാന ചർച്ചകൾക്ക്‌ തുടക്കം

iran america
വെബ് ഡെസ്ക്

Published on Jun 22, 2026, 12:54 AM | 2 min read

ജനീവ: പശ്‌ചിമേഷ്യയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് സ്വിറ്റ്സർലൻഡിൽ തുടക്കമായി. ഇറാൻ സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫും വിദേശ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. യുഎസ്‌ സംഘത്തെ നയിക്കുന്നത്‌ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസ്‌ ആണ്‌.


പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും ആണ്‌ ചർച്ചകളിൽ മധ്യസ്ഥർ.


കഴിഞ്ഞ 10 ആഴ്ചകൾക്കിടയിൽ ഇതാദ്യമായാണ് യുഎസിന്റെയും ഇറാന്റെയും ഉന്നത നേതൃത്വം നേരിട്ട് ചർച്ചയിൽ പങ്കെടുക്കുന്നത്‌. കരാർ ലംഘിച്ച്‌ ഇസ്രയേൽ ലെബനനെ ആക്രമിച്ചതിനെ തുടർന്ന്‌ വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സാങ്കേതികതല ചർച്ചകൾ വൈകിയാണ് ആരംഭിച്ചത്. അന്തിമ കരാറിലെത്തുന്നതിനായി പ്രത്യേക സാങ്കേതിക വിദഗ്ധ സമിതികളും ചർച്ചകളുടെ പുരോഗതി നിരീക്ഷിക്കാൻ സമിതികളും രൂപീകരിച്ചു.


ലെബനനിലെ ഇസ്രയേൽ ആക്രമണം പൂർണമായും അവസാനിപ്പിക്കുന്നതിനാണ്‌ ചർച്ചകളിൽ ഇറാന്റെ പ്രധാന ശ്രദ്ധയെന്ന്‌ വിദേശ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. അല്ലാത്തപക്ഷം അന്തിമ കരാറിലേക്ക് കടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പക്കലുള്ള ഇറാന്റെ ആറ് ബില്യൺ യുഎസ് ഡോളർ പ്രാഥമിക ധാരണയുടെ ഭാഗമായി തിരികെ ലഭിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അറിയിച്ചു.


ഇ‍ൗ ചർച്ച ചരിത്രപരമാണെന്ന്‌ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. പശ്‌ചിമേഷ്യയിലെ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കാൻ ഇരു രാജ്യങ്ങൾക്കും ലഭിച്ച അവസരമാണിത്‌. ഇറാന്റെ ആണവപദ്ധതി പൂർണമായും അവസാനിപ്പിക്കുന്നതിലും ലെബനനിലെ വെടിനിർത്തലിലുമാണ് യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ ലെബനനിലെ നിഴൽ യുദ്ധ ഗ്രൂപ്പുകളെ ഇറാൻ ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ ഇറാന് നേരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണിമുഴക്കി. 60 ദിവസത്തിനകം അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് യുഎസ് നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ ഹോർമുസ്‌ കടലിടുക്ക്‌ ഇറാൻ ശനിയാഴ്‌ച വീണ്ടും അടച്ചിരുന്നു. എന്നാൽ കപ്പൽ ഗതാഗതത്തിന് ഹോർമുസ് ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന്‌ യുഎസ് സൈന്യവും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അവകാശപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home