പുനഃപരീക്ഷ ജില്ലയിൽ എഴുതിയത് 7703 വിദ്യാർഥികൾ
ആശങ്ക നീറി നീറി നീറ്റ്

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള വിവാദങ്ങൾക്കൊടുവിൽ കർശനസുരക്ഷയിൽ നടന്ന നീറ്റ് പരീക്ഷയെഴുതാൻ എസ്ഡിവി സ്-കൂളിലെ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥിനിക്ക് വിജയാശംസ നേരുന്ന അച്ഛനും അമ്മയും. പരീക്ഷാദിനമായ ഞായറാഴ്ച ലോക പിതൃദിനവുമായിരുന്നു

സ്വന്തം ലേഖകൻ
Published on Jun 22, 2026, 01:33 AM | 1 min read
ആലപ്പുഴ
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാറ്റിവച്ച നീറ്റ് -യുജി പുനഃപരീക്ഷ ജില്ലയിലെ 23 കേന്ദ്രത്തിലായി എഴുതിയത് 7703 വിദ്യാർഥികൾ. കര്‍ശന പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ലളിതവസ്‌ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. പരീക്ഷാകേന്ദ്രത്തിനുള്ളിൽ കുട്ടികളുടെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറികളും (ക്ലോക്ക് റൂം) ഇത്തവണ അനുവദിച്ചില്ല. പുനഃപരീക്ഷയിലും ഹാൾടിക്കറ്റ് ഡൗൺലോഡാകാത്തത് കുട്ടികളിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒരു ക്ലാസിൽ 24 കുട്ടികളെയാണ് ഇരുത്തിയത്. രണ്ട് ഇൻവിജിലേറ്റർ വീതം ക്ലാസിലുണ്ടായി. ഫിസിക്‍സും കെമസ്ട്രിയും കഴിഞ്ഞ തവണത്തേക്കാൾ കഠിനമായിരുന്നെന്ന് വിദ്യാർഥികള്‍ പറഞ്ഞു. പുനഃപരീക്ഷ നടത്തിയെങ്കിലും ആശങ്കയുണ്ടെന്ന് രക്ഷിതാക്കളും പറഞ്ഞു. സിസിടിവി ക്യാമറ, സിഗ്‌നൽ ജാമര്‍, ബയോമെട്രിക് വെരിഫിക്കേഷൻ, ചോദ്യപേപ്പർ കൊണ്ടുപോകുന്നതിന് ജിപിഎസ് സംവിധാനം എന്നിവ ഒരുക്കിയിരുന്നു. ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചത്. കലക്‌ടര്‍ വിട്ടുനല്‍കിയ വാഹനത്തിലാണ് ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചത്. സുരക്ഷയ്‌ക്കായി കേന്ദ്രഅര്‍ധസൈനികരെ വിന്യസിച്ചിരുന്നു. പൊലീസ്, കെഎസ്ആർടിസി, കെഎസ്ഇബി, ജല–-റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാക്കി.









0 comments