ക്യൂബൻ വിപ്ലവ കമാൻഡർ റമീറോ വാൾദെസ് വിടവാങ്ങി

റമീറോ വാൾദെസ്
ഹവാന: ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ റമീറോ വാൾദെസ് മെനെൻഡെസ് (94) അന്തരിച്ചു. ഞായറാഴ്‌ച രാത്രിയോടെ ഹവാനയിലായിരുന്നു അന്ത്യം. ക്യൂബൻ കമ്യൂണിസ്റ്റ് പാർടി സ്ഥാപകാംഗങ്ങളിലൊരാളും ദീർഘകാലം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. ക്യൂബൻ ഇന്റലിജൻസ് സംവിധാനത്തിന്റെ സ്ഥാപകനായിരുന്നു.
അമേരിക്കയുടെ അട്ടിമറി ശ്രമങ്ങളെ നേരിടുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. സ്വേച്ഛാധിപതി ബാറ്റിസ്റ്റയുടെ ഭരണത്തെ അട്ടിമറിച്ച ഗ്രാൻമ നൗകയിലെ ഫിഡൽ കാസ്‌ട്രോ, ചെഗുവേര, റൗൾ കാസ്‌ട്രോ തുടങ്ങിയവരടങ്ങുന്ന വിപ്ലവപ്പോരാളികളിൽ ജീവിച്ചിരിക്കുന്ന ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു. സാന്താ ക്ലാര പോരാട്ടത്തിൽ ചെ ഗുവേരയ്‌ക്കൊപ്പം സുപ്രധാന പങ്കുവഹിച്ചിരുന്നു. ചെഗുവേരയുടെ ഗറില്ലാ വിഭാഗത്തിന്റെ സെക്കൻഡ് ഇൻ കമാൻഡായിരുന്നു.

ഫിദൽ കാസ്ട്രോയുടെയും റൗൾ കാസ്ട്രോയുടെയും സർക്കാരുകളിൽ അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചു. രണ്ട് തവണ ആഭ്യന്തര മന്ത്രിയായും മാനുവൽ മറേരോ പ്രധാനമന്ത്രിയായപ്പോൾ ഉപ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1932 ഏപ്രിൽ 28-ന് ആർറ്റെമിസയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനനം. 2010 ഫെബ്രുവരിയിൽ വെനസ്വേലയിൽ ഉൗർജ സംരഭങ്ങളുടെ മുഖ്യഉപദേശകനായി നിക്കോളാസ് മഡുറോ ക്ഷണിച്ചിരുന്നു.
2021ൽ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി വിശ്രമജീവിതം നയിക്കുകയായിരുന്നു. റമീറോയുടെ ജീവിതത്തിലെ ഓരോ നിമിഷവും ഫിദലിന്റെയും റൗളിന്റെയും സർക്കാരുകളോടും അദ്ദേഹത്തിന്റെ സഹസഖാക്കളോടുമുള്ള സമ്പൂർണ്ണ വിശ്വസ്തതയാൽ സവിശേഷമായിരുന്നെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയാസ് കാനൽ അനുസ്‌മരിച്ചു.










0 comments