കോഴിക്കൂട്ടിൽ പുലികയറി, 50 കോഴികളെ കൊന്നു

ചാലക്കുടി
വെട്ടിക്കുഴിയിൽ വീടിനോട് ചേർന്ന കോഴിക്കൂട്ടിൽ പുലികയറി. കൂട്ടിലുണ്ടായിരുന്ന അമ്പത് കോഴികളെയും കൊന്നു. വെട്ടിക്കുഴി പണ്ടാരം പാറ ചക്കാലക്കൽ റോയിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെത്തിയത്. ഞായർ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ നിന്ന് ബഹളം കേട്ട് പുറത്തെത്തിയ റോയ് ടോർച്ചടിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഭയന്ന വീട്ടുകാര്‍ വീടിനകത്ത് കയറി വാതിലടച്ചു. പിന്നീട് മൂന്നിന് വീണ്ടും കോഴിക്കൂട്ടിൽ പുലികയറി. രാവിലെ നോക്കിയപ്പോൾ കോഴിക്കൂടിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിൽ കണ്ടെത്തി. കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ഇതിലൂടെ രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വിവരമറിഞ്ഞ് കൊന്നകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി പരിശോധിച്ചു. പരിസരത്ത് പുലിക്കൂട് സ്ഥാപിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.









0 comments