പകർച്ചവ്യാധി പ്രതിരോധം
പാളിച്ച മറയ്‌ക്കാൻ പുതുവഴിയുമായി മേയർ

സ്വന്തം ലേഖിക
Published on Jun 21, 2026, 11:26 PM | 1 min read
തിരുവനന്തപുരം
നഗരത്തിൽ പകർച്ചവ്യാധികൾ പടരുന്പോൾ മഴക്കാലപൂർവ ശുചീകരണത്തിൽ കോർപറേഷനുണ്ടായ വീഴ്ച മറയ്ക്കാൻ ഉത്തരവാദിത്വം മുഴുവൻ വ്യാപാരികളുടെ തലയിൽ കെട്ടിവച്ച് മേയർ. ‘95 ഭക്ഷണശാലകൾ പരിശോധിച്ചു, 48 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 57,500 രൂപ പിഴ ചുമത്തി’– ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയത് മാധ്യമങ്ങളോട് വിവരിക്കുന്പോൾ വലിയ ശുഷ്‌കാന്തിയായിരുന്നു മേയർക്ക്. എന്നാൽ, സാംക്രമികരോഗ പ്രതിരോധത്തിൽ കോർപറേഷന്റെ പരാജയത്തെപ്പറ്റി ഉരിയാടിയതേയില്ല. സ്വന്തം വീഴ്ച മറച്ച് വ്യാപാരികളെമാത്രം കുറ്റപ്പെടുത്താൻ ശ്രമമെന്ന് ആക്ഷേപമുയർന്നു. ആറ്റുകാൽ പൊങ്കാല മാലിന്യം നീക്കുന്നതിൽ തുടങ്ങിയതാണ് കോർപറേഷൻ വീഴ്‌ച. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഷിഗല്ലപോലുള്ള ഗുരുതര രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് കോർപറേഷനും ആരോഗ്യവകുപ്പും. ജില്ലയിൽ ജൂണിൽ റിപ്പോർട്ട് ചെയ്‌ത 17 ഷിഗല്ല ബാധിതരിൽ അഞ്ചെണ്ണം കോർപറേഷൻ പരിധിയിലാണ്– പാങ്ങപ്പാറ, പൂന്തുറ, മുക്കോല, ചാക്ക, വേളി എന്നിവിടങ്ങളിൽ. ആനാട്, ആര്യനാട്, പുത്തൻതോപ്പ്, ബാലരാമപുരം, നാവായിക്കുളം, തോന്നയ്‌ക്കൽ, പള്ളിക്കൽ, അണ്ടൂർക്കോണം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലും ഷിഗല്ല റിപ്പോർട്ട് ചെയ്‌തു. മഞ്ഞപ്പിത്തവും വയറിളക്കവും ജില്ലയിൽ വ്യാപകമായി. ഞായർവരെയുള്ള കണക്കിൽ 12 പേർക്ക് മഞ്ഞപ്പിത്തവും 6181 പേർക്ക് വയറിളക്കവും സ്ഥിരീകരിച്ചു. എലിപ്പനിയും ഇൻഫ്ലുവൻസയും ബാധിച്ച് രണ്ടുപേർ വീതവും എച്ച്1എൻ1 ബാധിച്ച് ഒരാളും മരിച്ചു. റീൽസിനുവേണ്ടി നടത്തിയ മഴക്കാലപൂർവ ശുചീകരണംപോലെ ഭക്ഷണശാലകളിലെ പരിശോധനയും പ്രഹസനമാകുമോയെന്നാണ് നഗരവാസികൾ ചോദിക്കുന്നത്.










0 comments