പകര്‍ച്ചവ്യാധി വ്യാപനം
81 ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

മലപ്പുറം
പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്നാഴ്ചയ്ക്കിടെ 81 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. മൂന്നുഘട്ടങ്ങളിലായി 994 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ന്യൂനതകള്‍ പരിഹരിക്കാന്‍ 131 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകംചെയ്ത നാല് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്തുക, പഴകിയതും മായംചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ പിടികൂടുക, രാസവസ്തുക്കള്‍ കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക, ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് മെയ് 28മുതല്‍ പരിശോധന ആരംഭിച്ചത്. ഈമാസം മൂന്നുവരെയായിരുന്നു ആദ്യഘട്ട പരിശോധന. അഞ്ച് സ്‌ക്വാഡുകളായി 528 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 78 സാമ്പിളുകള്‍ ശേഖരിച്ചു. ഗുരുതര നിയമലംഘനം കണ്ടെത്തിയ 38 സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഒരുസ്ഥാപനത്തിനെതിരെ കേസെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. ഗൗരവകരമല്ലാത്ത ന്യൂനതകള്‍ കണ്ടെത്തിയ 63 സ്ഥാപനങ്ങള്‍ക്ക് പരിഹാരനിര്‍ദേശം നല്‍കി.ഷിഗല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴുമുതല്‍ 14വരെയായിരുന്നു രണ്ടാംഘട്ട പരിശോധന. രണ്ട് സ്‌ക്വാഡുകളായി 150 സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. 15 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും 24 സ്ഥാപനങ്ങളോട് പരിഹാരം നിര്‍ദേശിക്കുകയുംചെയ്തു. കുടിവെള്ളം ഉള്‍പ്പെടെ 47 സാമ്പിളുകള്‍ ശേഖരിച്ചു. 15മുതലാണ് മൂന്നാംഘട്ട പരിശോധന ആരംഭിച്ചത്. ശനിയാഴ്ചവരെ അഞ്ച് സ്‌ക്വാഡുകളായി 316 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 28 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. ന്യൂനതകള്‍ പരിഹരിക്കാന്‍ 44 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി. 121 സാമ്പിളുകള്‍ ശേഖരിച്ചു. വൃത്തിഹീനമായും നിയമാനുസൃതമല്ലാതെയും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു.









0 comments