അരീക്കോട്ടിതാ "ലോകകപ്പ് '

ലോകകപ്പിന്റെ മാതൃകയുമായി അബ്ദുസലാം
എം റീജേഷ്
Published on Jun 22, 2026, 12:37 AM | 1 min read
അരീക്കോട്
ലോകകപ്പ് ട്രോഫിയുടെ മനോഹര മാതൃകയൊരുക്കി അരീക്കോട്ടെ നാട്ടിന്‍പുറങ്ങളിലെ ഫുട്ബോള്‍ ആവേശം വാനോളമുയര്‍ത്തുകയാണ് ഒരു അര്‍ജന്റീനന്‍ ആരാധകന്‍. നാട്ടുകാര്‍ക്ക് ലോകകപ്പിന്റെ മാതൃക കാണാനും തൊടാനുമുള്ള അവസരമാണ് അരീക്കോട് പഞ്ചായത്തിലെ മുണ്ടമ്പ്ര വലിയകല്ലുങ്ങൽ വിളഞ്ഞോത്ത് അബ്ദുസലാം ഒരുക്കിയത്. കൊത്തുപണികളിൽ വിദഗ്ധനായ ഇദ്ദേഹം മരവും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ചാണ് ലോകകപ്പിന്റെ അതേ വലിപ്പമുള്ള മാതൃക തീർത്തത്. യഥാർഥ ട്രോഫിയെക്കുറിച്ച് പഠിച്ചാണ് അബ്ദുസലാം ശില്പം നിർമിച്ചത്. ഇതിന് 36.8 സെന്റീമീറ്റർ ഉയരവും 4.5 കിലോഗ്രാം ഭാരവുമുണ്ട്. ഫർണിച്ചർ മേഖലയിൽ ജോലിചെയ്യുന്ന സലാം ഒഴിവുസമയങ്ങളിലാണ് കപ്പ് നിർമാണം നടത്തിയത്. ആദ്യമായല്ല, ഫുട്ബോള്‍ ലോകകപ്പിന്റെ മാതൃക നിർമിക്കുന്നത്. ഏഷ്യ ആദ്യമായി ലോകകപ്പിന് വേദിയായ 2002-ലും ട്രോഫിയുടെ മാതൃക ഒരുക്കിയിരുന്നു. അന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പ്രദർശന മത്സരവേദിയിൽ ഇത് പ്രദർശിപ്പിച്ചു. മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയൻ ഉൾപ്പെടെ പങ്കെടുത്ത മത്സരമായിരുന്നു അത്. കടുത്ത അര്‍ജന്റീന ആരാധകനാണ് അബ്ദുസലാം. ഫ്ലക്സുകള്‍ സജീവമാകുന്നതിന് മുമ്പ് അര്‍ജന്റീന താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ഇദ്ദേഹം അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റ് കലാരൂപങ്ങളും നിർമിച്ചിട്ടുണ്ട്. ഭാര്യ ജുവൈരിയയുയം പിന്തുണയുമായി ഒപ്പമുണ്ട്.









0 comments