പനിക്കാലം തുടരുന്നു

പാലക്കാട്
കാലാവസ്ഥാ മാറ്റത്തിനൊപ്പം പകർച്ചവ്യാധികളും ജില്ലയിൽ അനിയന്ത്രിതമായി തുടരുന്നു. സെപ്‌തംബറിലെ ആദ്യത്തെ പത്തുദിവസംമാത്രം 10,455 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്. ഇതിൽ 122 പേർക്ക് കിടത്തിച്ചികിത്സയും വേണ്ടിവന്നു. മിക്കദിവസങ്ങളിലും ആയിരത്തിലധികം പേരെയാണ് പനി ബാധിക്കുന്നത്. സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയവരെ കൂട്ടിയാൽ ഇനിയും കൂടും. 40 പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു. വയറിളക്കം, എലിപ്പനി രോഗികളുടെ എണ്ണത്തിലും കുറവില്ല. 1,756 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയത്. വിവിധയിടങ്ങളിലായി 118 പേർ ചിക്കൻപോക്‌സിനും ചികിത്സതേടി. നാൽപ്പലധികം പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. 42 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. നാലിന് മരിച്ച കാവശേരി സ്വദേശിയായ 67 വയസ്സുകാരന്റെ മരണത്തിന് കാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല. പല ആശുപത്രികളിലും പുനർവിന്യാസത്തിലൂടെ വന്ന ഡോക്ടർമാരുടെ ഒഴിവ് നികത്തിയിട്ടില്ല.
ഇൻഫ്ലുവൻസയെ ശ്രദ്ധിക്കാം
പനി, ചുമ, കടുത്ത തലവേദന, തൊണ്ടവേദന, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്നതുപോലെ മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.






0 comments