പാവകഥകളി കലാകാരൻ കെ വി രാമകൃഷ്ണൻ അന്തരിച്ചു

കെ വി രാമകൃഷ്ണൻ പാവകഥകളി അവതരിപ്പിക്കുന്നു
കൊടുമ്പ്
കാഞ്ഞിരംകുന്നം പിഎ തറ കെ വി രാമകൃഷ്ണൻ (77–പാവകഥകളി കലാകാരൻ) അന്തരിച്ചു. പാവകഥകളിയെ സംരക്ഷിക്കുന്നതിലും പുതിയ തലമുറയിലേക്ക് പകരുന്നതിലും നിർണായക പങ്കുവഹിച്ച കലാകാരനായിരുന്നു. 2010ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. അച്ഛൻ: പരേതനായ വേലായുധൻ(പാവകഥകളി കലാകാരൻ). അമ്മ: പരേതയായ വീരമ്മ. ഭാര്യ: ചെല്ല. മക്കൾ: പ്രകാശൻ, കുമാരി, രതീഷ്, പരേതയായ ചെമ്പകം. മരുമക്കൾ: സൗമ്യ, മഹേശ്വരി, പരേതരായ ഷൺമുഖൻ, മണികണ്ഠൻ.
പാവകൾക്ക് ജീവൻ നൽകിയ "മാസ്റ്റർ പപ്പറ്റീയർ'
വിരലുകളുടെ ചലനത്തിലൂടെ പാവകൾക്ക് ജീവൻ നൽകിയ പാവകഥകളി കലാകാരൻ കെ വി രാമകൃഷ്ണന് വിട നൽകി നാട്. ഗ്രാമങ്ങളിൽ സജീവമായിരുന്ന പാവകഥകളിയുടെ പുനരുജ്ജീവനത്തിനായി നടന്ന ഗവേഷണ-പരിശീലന പ്രവർത്തനങ്ങളിൽ പ്രധാനപങ്കുവഹിച്ചയാളാണ് രാമകൃഷ്ണൻ. ഇരിങ്ങാലക്കുടയിലെ നടനകൈരളിയുമായി ചേർന്ന് രാജ്യത്തിനകത്തും വിദേശത്തുമുള്ള വിവിധ വേദികളിൽ പാവകഥകളി അവതരിപ്പിച്ചു. കല്യാണസൗഗന്ധികം, ദുര്യോധനവധം, ദക്ഷയാഗം തുടങ്ങിയ കഥകൾ അവതരിപ്പിച്ച അദ്ദേഹം "മാസ്റ്റർ പപ്പറ്റീയർ' എന്ന നിലയിൽ ശ്രദ്ധേയനായി. പാവകഥകളിക്കുള്ള സമഗ്ര സംഭാവന പരിഗണിച്ച് രാമകൃഷ്ണൻ പാവകഥകളി കലാകാരൻ കെ സി രാമകൃഷ്ണനുമായി 2010ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം പങ്കിട്ടു. പാവകഥകളി–ഗ്ലൗവ് പപ്പറ്ററി വിഭാഗത്തിലായിരുന്നു പുരസ്കാരം. വിരലുകളുടെ ചെറിയ ചലനങ്ങളിൽ മഹാകഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രാമകൃഷ്‌ണൻ അരങ്ങൊഴിയുമ്പോൾ, പാവകഥകളിയുടെ ചരിത്രത്തിൽ മായാത്ത അടയാളമായി അവശേഷിക്കും. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ അംബുജം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.










0 comments