ആലപ്പുഴയുടെ സാംസ്‌കാരിക വെളിച്ചം

ആലപ്പുഴ
കല്ലേലി രാഘവൻപിള്ള സാർ വിട പറയുമ്പോൾ ആലപ്പുഴയുടെ സാംസ്‌കാരിക ജീവിതം പ്രസാദാത്മകമാക്കിയ ഒരു പ്രകാശനാളം കൂടി അസ്‌തമിക്കുന്നു. അധ്യാപകന്റെ ശ്രേഷ്‌ഠത, സാംസ്‌കാരിക പ്രവർത്തകന്റെ ലാളിത്യം, ആലപ്പുഴയുടെ ചരിത്രമുന്നേറ്റത്തിന്റെ സാക്ഷിയും സഹായിയും, ആലപ്പുഴ പട്ടണത്തിലെ സായാഹ്നയാത്രകളിലെ സൗമ്യസാന്നിധ്യം- അങ്ങനെ, കല്ലേലി സാറിനെ ഓർമിക്കാനും അടയാളപ്പെടുത്താനും വിശേഷണങ്ങൾ അനവധി. ആലപ്പുഴയിൽ പത്രപ്രവർത്തകനായി വന്ന 1990 കളുടെ ആരംഭം മുതലുള്ളതാണ് കല്ലേലി സാറുമായുള്ള സ്‌നേഹബന്ധം. ഇതെഴുതുന്നയാൾക്ക് മാത്രമല്ല, ആലപ്പുഴയുടെ രാഷ്‌ട്രീയ സാമൂഹ്യ ജീവിതത്തിന്റെ അതിരുകളിലൂടെയെങ്കിലും സഞ്ചരിച്ചിട്ടുള്ള ഒരാൾക്കും കല്ലേലി സാറിന്റെ സൗഹൃദതീരത്തുകൂടി പോകാതിരിക്കാനാകില്ല. കണ്ടുമുട്ടുന്നവരെയെല്ലാം തന്റെ സ്‌നേഹസൗഹൃദവലയത്തിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സവിശേഷ സിദ്ധിയുണ്ടായിരുന്നു. രാഷ്‌ട്രപതിയായിരുന്ന എ പി ജെ അബ്‌ദുൾ കലാമിന്റെ ആത്മകഥയായ ‘അഗ്നിച്ചിറകുകളി' ൽ, ഒരു രാഷ്‌ട്രം സുന്ദര മനസുകളെക്കൊണ്ട് നിറയ്‌ക്കുന്നതിൽ അധ്യാപകനുള്ള പങ്കിനെക്കുറിച്ച് പറയുന്നുണ്ട്. അബ്‌ദുൾ കലാമിന്റെ ആ വാക്കുകൾ അന്വർഥമാക്കുന്ന ജീവിതമായിരുന്നു കല്ലേലി സാറിന്റേത്. ആലപ്പുഴയിൽ ഏതു സാംസ്‌കാരിക സംഘടന സംഘടിപ്പിക്കുന്ന പരിപാടിയും കല്ലേലി സാറില്ലാതെ പൂർണമാകില്ലായിരുന്നു.1990കളിൽ ആലപ്പുഴയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് ലേഖനമെഴുതാൻ മണിക്കൂറുകളോളം സാറുമായി അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് സംസാരിക്കൻ അവസരം ലഭിച്ചു. 1859ൽ ആദ്യത്തെ ബ്രിട്ടീഷ് കയർ കമ്പനിയായ ഡാറാസ് മെയിൽ വന്നതും തുടർന്ന് പിയേഴ്സ് ലെസ്‌ലിയും ആസ്‌പിൻ വാളും ഒക്കെ വന്നതും ചരിത്രാധ്യാപകനെപ്പോലെ വിശദീകരിച്ചു. അറുപതുകളിലെയും എഴുപതുകളിലെയും ആലപ്പുഴ പട്ടണത്തിന്റെ സമ്പന്നമായ ജീവിതസാഹചര്യം എങ്ങനെ രൂപപ്പെട്ടെന്ന ചരിത്രവും പകർന്നു നൽകി. 1955ൽ കഴ്സൺ പ്രഭു വേമ്പനാട്ട് കായലിലൂടെ കൊച്ചിയിലേക്കുള്ള ബോട്ട് യാത്രാമധ്യേ ആലപ്പുഴയിലെത്തിയപ്പോൾ, ജലാശയങ്ങളുടെ സമൃദ്ധി കണ്ട് ഇറ്റലിയിലെ വെനീസ് നഗരത്തോട് സാമ്യം തോന്നി വിളിച്ച പേരാണ് കിഴക്കിന്റെ വെനീസ് എന്നും അദ്ദേഹം പറഞ്ഞുതന്നു. വേമ്പനാട്ടുകായലിനെയും അറബിക്കടലിനെയും ബന്ധിപ്പിച്ച് ചരക്കുഗതാഗതത്തിനായി തിരുവിതാംകൂറിൽ നിർമിച്ച ആദ്യ മനുഷ്യനിർമിത തോടാണ് കമേഴ്സ്യൽ കനാൽ എന്ന അറിവും നൽകി. രാജാ കേശവദാസന്റെ ചരിത്രത്തിലേക്കും അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. കേരളമാകെ ഗുരുവര്യൻ എന്ന് വിളിക്കപ്പെടുന്ന എം കെ സാനുമാസ്‌റ്ററുടെ സഹപാഠിയാണെന്ന കാര്യം പരിചയപ്പെട്ട കാലത്തുതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ സാനുമാഷിന്റെ ശിഷ്യനായിരുന്നു എറണാകുളം മഹാരാജാസ് കോളജിൽ എന്ന് പറഞ്ഞപ്പോൾ കല്ലേലി സാറിന് സവിശേഷമായ വാത്സല്യം തോന്നിയിരുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഔദ്യോഗികവൃത്തിയിൽനിന്ന് വിരമിച്ചശേഷം അദ്ദേഹം കുറച്ചുവർഷം ആലപ്പുഴ എം ഇ എസ് സ്‌കൂൾ പ്രിൻസിപ്പലായിരുന്നു. നിരവധി വർഷങ്ങളായി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതുകൊണ്ട് അടുത്തയിടെയൊന്നും അദ്ദേഹത്തെ നേരിട്ട് കാണാനായില്ല. കുറച്ചുനാളായി അദ്ദേഹത്തെ പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടിയിരുന്നതായി അറിഞ്ഞിരുന്നു, നേരിട്ട് പോയി കാണണമെന്നും കരുതിയിരുന്നു. എസ് കെ പൊറ്റക്കാട്ട് ‘ബാലിദ്വീപിലെ സ്‌മരണകളി'ൽ പറയുന്നതുപോലെ, ‘വിധിവിഹിതം മറിച്ചാകയാൽ അതിനു സംഗതിയായില്ല'. ഒരുനൂറ്റാണ്ടോളം ആലപ്പുഴയുടെ സാമൂഹ്യജീവിതമുറ്റത്ത് ഒരു വിളക്കുമാടം പോലെ ഭാസുരമായി സഞ്ചരിച്ച കല്ലേലി സാറിന് ഒരുപിടി മിഴിനീർപ്പൂക്കൾ.










0 comments