ad
Deshabhimani

ഓണാട്ടുകരയുടെ 
എള്ളിൻപെരുമ

വിളവെടുത്ത ആയാളി എള്ളുമായി എള്ള് കർഷകയായ ചെട്ടികുളങ്ങര 
കൊയ്പ്പപ്പള്ളി കാരാഴ്മ കളീക്കത്തറയിൽ രാജമ്മ (ഫയൽ ചിത്രം)

വിളവെടുത്ത ആയാളി എള്ളുമായി എള്ള് കർഷകയായ ചെട്ടികുളങ്ങര 
കൊയ്പ്പപ്പള്ളി കാരാഴ്മ കളീക്കത്തറയിൽ രാജമ്മ (ഫയൽ ചിത്രം)

avatar
പി പ്രമോദ്‌

Published on Sep 14, 2026, 01:02 AM | 1 min read

മാവേലിക്കര

കേരളത്തിന്റെ കാർഷികമേഖലകളിൽ സവിശേഷ സ്ഥാനമുള്ള പ്രദേശമാണ്‌ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി പരന്നുകിടക്കുന്ന ഓണാട്ടുകര. ഇവിടത്തെ പ്രധാനകൃഷിയാണ്‌ ‘എള്ള്‌’. ഭ‍ൗമസൂചികാപദവി നേടിയ പെരുമയാണ്‌ ഓണാട്ടുകര എള്ളിനുള്ളത്‌. കേരളത്തിൽ ബുദ്ധമതം പ്രചരിച്ചിരുന്നകാലത്ത്‌ ഭിക്ഷുക്കളാണ്‌ എള്ള്‌ ഇവിടെയെത്തിച്ചത്‌ എന്നത്‌ ചരിത്രം. പഴയകാലത്തെ അത്രയും ഇല്ലെങ്കിലും ഓണാട്ടുകരയുടെ ഹൃദയഭൂമിയായ ചെട്ടികുളങ്ങര, മാവേലിക്കര ഭാഗത്ത്‌ എള്ളുകൃഷി ഇപ്പോഴുമുണ്ട്. രണ്ടാംവിള കൊയ്‌ത്ത്‌ (മുണ്ടകൻ) കaഴിഞ്ഞാൽ മൂന്നാംവിളയായി എള്ള് കൃഷിചെയ്യുന്ന രീതി ഇന്നും തുടരുന്നു. മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകളിലായി 145 ഹെക്‌ടർ സ്ഥലത്താണ് ഇപ്പോൾ എള്ള് കൃഷിചെയ്യുന്നത്. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 350 കർഷകരുണ്ട്‌. വർഷം രണ്ട് നെല്ലും ഒരെള്ളും എന്ന നിലയിലാണ് ഇപ്പോഴും കൃഷി. മകരക്കൊയ്‌ത്ത്‌ കഴിഞ്ഞ പാടത്ത്‌ ചെറിയ വിത്തുകൾ നന്നായി മുളച്ചുകിട്ടും വിധം പൂട്ടി, മണ്ണ് കട്ടകെട്ടാതെ നിരപ്പാക്കി വിത്തുവിതയ്‌ക്കും. 90 മുതൽ 120 ദിവസം വരെയാണ് പാകമാകാനുള്ള സമയം. പാകമായ എള്ള് പിഴുതെടുത്ത് ചുവട്‌ വെട്ടി കെട്ടി കുത്തിച്ചാരി തണലിൽ വയ്‌ക്കും. പിന്നീട് ഉണക്കിയെടുത്ത് എള്ള് പൊഴിച്ചെടുത്ത് സൂക്ഷിക്കും. ആവശ്യക്കാർക്ക് പാറ്റിയെടുത്ത് നൽകും. ഇതിനൊപ്പം എള്ളെണ്ണയും ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. പഴയ രീതിയിൽ കരിപ്പെട്ടി കലർത്തി ചക്കിൽ ആട്ടിയെടുക്കുന്ന എണ്ണ കേടുകൂടാതെ വളരെക്കാലമിരിക്കും. ​അഞ്ചുവർഷം മുന്പാണ്‌ ഓണാട്ടുകര എള്ളിന് ഭൗമസൂചികാ പദവി ലഭിച്ചത്‌. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നഗരസഭയും 14 പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കായംകുളം നഗരസഭകളും 28 പഞ്ചായത്തും പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയും അടങ്ങുന്ന 570 ഹെക്‌ടർ ഭൂപ്രദേശം ഭൗമസൂചികയിൽ ഉൾപ്പെടും. കായംകുളം - 1, തിലക്, തിലതാര, തിലറാണി എന്നീ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങൾക്ക് പുറമേ പരമ്പരാഗത നാടൻ ഇനമായ ആയാളിയും ഓണാട്ടുകരയിൽ കൃഷിചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home