ഇന്ന് ഗ്രന്ഥശാലാദിനം
കീഴരിയൂരിൽപൊട്ടിയ അക്ഷര ബോംബ്

എ സജീവ്കുമാർ
Published on Sep 14, 2026, 01:08 AM | 1 min read
കൊയിലാണ്ടി
സ്വാതന്ത്ര്യസമരത്തിന്റെ ദിശമാറ്റിയ ബോംബ് കേസുകൊണ്ട് ശ്രദ്ധേയമായ കീഴരിയൂരിന്റെ ചരിത്രത്തിനൊപ്പം നടന്ന് നാടിന്റെ വെളിച്ചമായി തലയുയർത്തി നിൽക്കുകയാണ് ഒരുഗ്രന്ഥാലയം. വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിലും കലാ കായിക കാർഷിക ആരോഗ്യ മേഖലകളിലും നിറസാന്നിധ്യമാണ് വള്ളത്തോൾ ഗ്രന്ഥാലയം. നാടിന്റെ സേവനരംഗത്ത് നിറഞ്ഞുനിന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി പിറവിയെടുത്ത ഗ്രന്ഥാലയം ഇന്ന് പ്ലാറ്റിനം ജൂബിലിയിലേക്കടുക്കുന്നു. 1942ലെ ബോംബ് കേസുകൊണ്ട് പ്രശസ്‌തമായ കീഴരിയൂരിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഉയർന്നുവന്നു. ഇതിന് ചുവടുപിടിച്ചാണ് പുരോഗമന പ്രവർത്തകരുടെ മനസ്സിൽ ഒരുഗ്രന്ഥശാല രൂപംകൊള്ളുന്നത്. കവി വള്ളത്തോൾ നാരായണ മേനോൻ അന്തരിച്ച 1958ലാണ് ഒൗദ്യോഗികമായി ആരംഭിക്കുന്നത്. മാലത്ത് നാരായണൻ സ്ഥാപക സെക്രട്ടറിയും പി കെ കണാരൻ പ്രസിഡന്റുമായ കമ്മിറ്റി വീടുവീടാന്തരം കയറിയിറങ്ങി പുസ്തകങ്ങളും നാണയത്തുട്ടുകളും ശേഖരിച്ചും അന്നത്തെ താലൂക്ക് ഗ്രന്ഥശാലാ പ്രസിഡന്റ് പത്‌മനാഭന്റെ സഹായത്തോടെയുമാണ് ലൈബ്രറി ഉയർന്നുവന്നത്. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ചെറിയ കെട്ടിടം ഉയർന്നു. പിന്നീട് പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ച് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥലംവാങ്ങി. എംഎൽഎമാരായിരുന്ന പി വിശ്വൻ, കെ കുഞ്ഞമ്മദ് എന്നിവരുടെ ആസ്തി വികസന ഫണ്ടിൽ കെട്ടിടവും സൗകര്യങ്ങളും ഒരുങ്ങി. പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും സഹായത്തോടെ ഉപകരണങ്ങളും ഫർണിച്ചറും ലഭിച്ചു. ടി പി രാമകൃഷ്ണൻ മന്ത്രിയായപ്പോൾ അനുവദിച്ച ആസ്തി വികസന ഫണ്ടിൽ ഓഡിറ്റോറിയവും വായന ഇടവും പണിതു. ഗ്രന്ഥശേഖരം, ഇന്റർനെറ്റ്, കംപ്യൂട്ടർ, ടിവി എന്നിവയും സജ്ജമാക്കി. മികച്ച ഗ്രന്ഥാലയത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ എ ഗ്രേഡ് വായനശാല വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. അഞ്ഞൂറോളം അംഗങ്ങളും പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളും നാനൂറോളം റഫറൻസ് ഗ്രന്ഥങ്ങളും ലൈബ്രറിയെ സമ്പന്നമാക്കുന്നു. പി ശ്രീജിത്ത് സെക്രട്ടറിയും വിനോദ് ആതിര പ്രസിഡന്റും വി പി സദാനന്ദൻ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. എം സുരേഷ് കൗൺസിൽ അംഗവും വിജിത ഹിൽവ്യു, വി കെ സഫീറ എന്നിവർ ലൈബ്രറിയന്മാരുമാണ്.









0 comments