മള്ളിയൂര്‍ വിനായക ചതുര്‍ഥി ദർശനം ഇന്ന്

മള്ളിയൂരിൽ ചോറ്റാനിക്കര വിജയൻ മാരാരും ചെർപ്പുളശ്ശേരി ശിവനും ചേർന്ന് നടത്തിയ പഞ്ചവാദ്യം
കടുത്തുരുത്തി മള്ളിയൂരിലെ വിനായക ചതുര്‍ഥി മഹോത്സവത്തോടനുബന്ധിച്ചുള്ള ദർശനം തിങ്കളാഴ്‌ച. ചതുർഥി ദിനത്തിൽ ഇരട്ടത്തായമ്പക, പഞ്ചാരിമേളം, മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയുണ്ടാകും. ഞായറാഴ്ച നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്തിനോടനുബന്ധിച്ച് ചോറ്റാനിക്കര വിജയന്‍ മാരാര്‍, ചേര്‍പ്പുളശേരി ശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി. തിമില, ഇലത്താളം, കൊമ്പ്, ഇടയ്ക്ക, മദ്ദളം എന്നിവയിലായി 42 കലാകാരന്മാര്‍ പങ്കെടുത്തു. വൈകിട്ട് ഇരട്ടത്തായമ്പകയും ഏഴിന് ചെറിയ വിളക്കിനെ തുടർന്ന് കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചെറുശേരി കുട്ടന്‍മാരാര്‍ എന്നിവര്‍ അവതരിപ്പിച്ച പഞ്ചാരിമേളവുമുണ്ടായി. തിങ്കളാഴ്ച വിനായക ചതുര്‍ഥി ദിനത്തില്‍ പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 5.30ന് 10,008 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികനാകും. പകൽ 10.30ന് ഗജപൂജയും ആനയൂട്ടും. 12 ആനകൾ പങ്കെടുക്കും. പകൽ 11ന് മഹാഗണപതിഹോമ ദര്‍ശനം. തുടര്‍ന്ന് വലിയ ശ്രീബലി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 120 കലാകാരന്മാര്‍ പങ്കെടുക്കുന്ന മേള. വൈകിട്ട് ഗണേശ മണ്ഡപത്തില്‍ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരക്കച്ചേരി.










0 comments