ad
Deshabhimani

print edition നാല്‌ സഖാക്കളിൽ തുടങ്ങിയ ജൈത്രയാത്ര

M A Baby Inaugurates cpim extended state committee

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് എ കെ ജി ഹാളില്‍ ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു.

avatar
പ്രത്യേക ലേഖകൻ

Published on Sep 14, 2026, 01:42 AM | 1 min read

കോഴിക്കോട്‌ : നാല്‌ സഖാക്കളിൽനിന്ന്‌ തുടങ്ങി തിരിച്ചടികളെ അതിജീവിച്ച്‌ ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെ നാടാകെ പടർന്നുപന്തലിച്ചതാണ്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി .1937ൽ നാല് സഖാക്കൾ ചേർന്ന് കോഴിക്കോട്ട് പച്ചക്കറിക്കടക്ക്‌ മുകളിൽ തുടക്കംകുറിച്ച പാർടിയാണിത്. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരൻ, എൻ സി ശേഖർ എന്നിവർ പി സുന്ദരയ്യയുടെയും എസ് വി ഘാട്ടെയുടെയും മാർഗനിർദേശത്തിൽ പ്രവർത്തനം ആരംഭിച്ച പാർടി പിന്നീട് വളർന്നുപന്തലിച്ചു.


നാല്‌ അംഗങ്ങളിൽനിന്ന്‌ തുടങ്ങിയ ഉജ്വല ജനമുന്നേറ്റം കുറിച്ച പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര ആവേശകരവും ത്യാഗനിർഭരവുമായ ചരിത്രത്തിന്റേതാണ്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ജന്മദേശമായ കോഴിക്കോട്ടും വലിയ വെല്ലുവിളികളും ഭീഷണികളും പാർടി നേരിട്ടിട്ടുണ്ട്‌. അതിനീചമായ ഭേദ്യത്തിന്‌ വിധേയനായാണ്‌ ഒഞ്ചിയത്തെ കമ്യൂണിസ്‌റ്റ്‌ പോരാളി മണ്ടോടി കണ്ണൻ രക്തസാക്ഷിയായത്‌. പീഡനങ്ങൾ തുടരുന്പോഴും തടവറയിൽ ചോരയാൽ അരിവാൾ ചുറ്റിക വരച്ച ബോൾഷെവിക്ക്‌ ധീരനാണ്‌ മണ്ടോടി കണ്ണൻ. സാഹിത്യ പ്രതിഭകളായ ബഷീറിന്റെയും എം ടിയുടെയും എസ്‌ കെ പൊറ്റെക്കാട്ടിന്റെയും യു എ ഖാദറിന്റെയും പി വത്സലയുടെയുമെല്ലാം ഓർമകൾ ആദരവോടെ നിറയുന്ന നഗരമാണിത്‌. കോൺഗ്രസിന്റെ ചരിത്രം രചിച്ച മൊയാരത്ത്‌ ശങ്കരനെ കമ്യൂണിസ്‌റ്റായതിന്റെ പേരിൽ കോൺഗ്രസുകാർ മർദിച്ച്‌ വധിച്ചതും കോഴിക്കോടിനെക്കുറിച്ചുള്ള ഓർമയിൽ വരുന്നു.


സമരവും ത്യാഗവും ചേർന്ന്‌ പാർടി വളർന്ന നഗരമാണ്‌ കോഴിക്കോട്‌. കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിനുമുന്പ്‌ 1935–ൽ അഖില കേരള തൊഴിലാളി സംഘടന രൂപീകൃതമായതും ഇ‍ൗ നഗരത്തിലാണ്‌. മദിരാശി അസംബ്ലിയിലേക്ക്‌ 1939–ൽ നടന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്നാണ്‌ ഇ എം എസ്‌ ജയിച്ചത്‌. ഭൂപ്രഭുത്വം അവസാനിപ്പിക്കണമെന്ന വിപ്ലവകരമായ വിയോജനക്കുറിപ്പ്‌ കുടിയായ്‌മപ്രശ്‌നങ്ങൾ പഠിക്കാനുള്ള നിയമസഭാ സമിതിയിൽ അന്നാണ്‌ ഇ എം എസ്‌ അവതരിപ്പിച്ചത്‌. ഇ‍ൗ വിധത്തിൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വലിയ ചരിത്രസ്‌മൃതികൾ കോഴിക്കോടിനുണ്ട്‌. പുതിയകാലത്തെ പ്രശ്‌നങ്ങൾ വിലയിരുത്തി മുന്നേറാൻ കമ്യൂണിസ്‌റ്റുകാർ ഇ‍ൗ നഗരത്തിൽ ഒത്തുചേർന്നതിന്‌ വലിയ പ്രാധാന്യമുണ്ടെന്നും ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home